ADVERTISEMENT

അമേരിക്കയില്‍ കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മഹാത്മാവ് ആയിരുന്നു മാർട്ടിൻ ലൂതർ കിങ് (ജൂനിയര്‍). അന്ന് അവിടെ നടമാടിയ വർണവിവേചനത്തിന്റെ കയ്പുനീര് ഏറെ കുടിച്ച ആളാണ് അദ്ദേഹം. കറുത്ത വർഗക്കാരുടെ നേതാവ് എന്ന നിലയിൽ പീഡനവും ഉപദ്രവവും ഏറെ സഹിക്കേണ്ടി വന്നു. എന്നാൽ, ഒരിക്കൽപോലും പ്രകോപിതനോ പ്രതികാര ദാഹിയോ ആയിത്തീരാതെ ക്രിസ്തുവിന്റെ സ്നേഹവും ക്ഷമയും ഉയർത്തിപ്പിടിച്ച ധന്യാത്മാവായിരുന്നു അദ്ദേഹം. പക്ഷേ, ദാരുണാന്ത്യമാണ് ആദ്ദേഹത്തിനു വരിക്കേണ്ടി വന്നത്. ക്ഷമയെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുള്ള വാക്കുകൾ ശ്രദ്ധിക്കുക. ‘നമ്മൾ ക്ഷമിക്കുവാനുള്ള കഴിവു വളർത്തുകയും നിലനിർത്തുകയും വേണം. ക്ഷമിക്കുവാൻ കഴിവില്ലാത്ത ഒരുവന് സ്നേഹിക്കാനുള്ള കഴിവുണ്ടാകയില്ല. ഏറ്റവും തിന്മ നിറഞ്ഞ വ്യക്തി ആയാലും അയാളിൽ ചില നന്മകൾ ഒക്കെ കണ്ടേക്കാം. അതുപോലെ ഏറ്റവും നന്മനിറഞ്ഞ വ്യക്തികളിലും ചില തിന്മകൾ കണ്ടെന്നുവരാം. ഇതു നാം മനസ്സിലാക്കുമ്പോള്‍ നമ്മുടെ ശത്രുക്കളായവരെ വിദ്വേഷിക്കാൻ ഒരുമ്പെടുകയില്ല.’

ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന്റെ തിക്താനുഭവങ്ങൾ ഏറെ നേരിട്ട നേതാവായിരുന്നു നെൽസൺ മണ്ടേല. തടവിലെ ഏകാന്തതയിൽ ഏറെക്കാലം കഴിയേണ്ടിവന്നു. തന്നെ പീഡിപ്പിച്ചവരോട് വൈരാഗ്യവും വെറുപ്പും പുലർത്തുവാൻ ആരും പ്രേരിതരാകും. അദ്ദേഹം പറയുന്നത് തടവറയുടെ വാതിലിനകത്തേക്ക് വിദ്വേഷവും വൈരാഗ്യവും കടത്തിക്കൊണ്ടുപോയാൽ, താൻ സന്തോഷവും സ്വച്ഛതയും അനുഭവിക്കാൻ കഴിയാത്ത ഭൂതകാല ജീവിതത്തിന്റെ ഒരടിമയായി എന്നും തുടരും. വിദ്വേഷത്തിന്റെ മതിൽക്കെട്ട് തകർത്തു സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും അനുഭവത്തിലേക്ക് എത്തിയത് ക്ഷമയുടെ വലിയ സ്വാധീനത്താലും ശക്തിയാലുമാണ്.

കഴിഞ്ഞ കാലത്തിലെ അസുഖകരങ്ങളായ സംഭവങ്ങളിലേക്കും അനുഭവങ്ങളിലേക്കും നമ്മുടെ മനസ്സ് വ്യാപരിക്കാൻ അനുവദിക്കാതെ വർത്തമാനകാലത്തെ ഉത്തരവാദിത്തങ്ങളിലേക്കും സന്തോഷകരമായ കാര്യങ്ങളിലേക്കും നമ്മുടെ മനസ്സ് കേന്ദ്രീകരിക്കുവാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും വികാരം നാം പുലർത്തിയാൽ മാനസികമായ സംഘർഷങ്ങളും അസ്വാസ്ഥ്യങ്ങളും ഉണ്ടാകുമെന്നു മാത്രമല്ല, ശാരീരികമായ പല പ്രശ്നങ്ങൾക്കും കാരണമാകും. വിട്ടുമാറാത്ത തലവേദന, രക്തസമ്മർദം, ദഹനക്കുറവ്, കുടലിൽ കുരുക്കൾ മുതലായ പല അസ്വാസ്ഥ്യങ്ങളും കടന്നുവരും. അനേകരുടെ ജീവിതത്തിൽ ഇതു വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്.

ഒരു കൗമാരക്കാരിയായ പെൺകുട്ടിയുടെ അവസ്ഥ ഇൗ അനുഭവത്തിലേക്കു വിരൽ ചൂണ്ടുന്നു: രക്തക്കുറവിൽക്കൂടി എന്നപോലെയുള്ള വിളർച്ച, ഉന്മേഷമില്ലായ്മ ഇൗ പ്രശ്നങ്ങൾ വർധിച്ചുവന്നു. ചികിത്സ യഥോചിതം നടത്തി. പക്ഷേ, ഒരു മാറ്റവുമില്ല. ദീർഘമായ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി. അത് മറ്റൊരു ഹോസ്പിറ്റലിൽ ആയിരുന്നു. പക്ഷേ, രോഗനിർണയം വരുത്താൻ കഴിഞ്ഞില്ല. രക്ത പരിശോധനയിൽ ഒരു ന്യൂനതയും കണ്ടെത്തിയില്ല. വീണ്ടും ഒരു ചെക്കപ്പിനു ചെന്നപ്പോൾ വലിയ മാറ്റം. ഡോക്ടർക്ക് അതിശയമായിപ്പോയി. വിളർച്ച മാറി, ഉന്മേഷവതിയായി കാണപ്പെട്ടു. ആശ്ചര്യപൂർവം ഡോക്ടർ ചോദിച്ചു. ‘‘കഴിഞ്ഞ പ്രാവശ്യം ഇവിടെ വന്നതിനുശേഷം എന്തെങ്കിലും പ്രത്യേകമായി സംഭവിച്ചിട്ടുണ്ടോ?’’ അവൾ മറുപടിയായി: ‘‘ഉണ്ട്, ഞാൻ എന്റെ കൂട്ടുകാരിയോട് ഏറെ നാളായി മനസ്സിൽ പകയും വിദ്വേഷവും പുലർത്തുകയായിരുന്നു. ദൈവാത്മാവ് എനിക്കു പ്രേരണ തന്നു; അവളുമായി രമ്യതപ്പെടണമെന്ന്. ഞാൻ അവളുടെ ഭവനത്തിൽ എത്തി ക്ഷമാപണം നടത്തുകയും അനുരഞ്ജനപ്പെടുകയും ചെയ്തു. അവളോടു മാപ്പ് ചോദിച്ച അവസരത്തിൽ എനിക്ക് ശരീരത്തിൽ ഒരു മാറ്റം വന്നതായി തോന്നി. ആന്തരികമായി എന്റെ ഹൃദയത്തിൽ വലിയ മാറ്റം; ശാന്തിയുടെയും സ്നേഹത്തിന്റെയും വികാരം മാത്രം!

അപ്പോൾ ഡോക്ടർക്കു മനസ്സിലായി, രോഗകാരണമെന്തെന്ന്. ആന്തരികമായ മാറ്റമുണ്ടായപ്പോൾ അതു രക്തത്തിലും ബാധിച്ചു. ഒരാളോടു കോപിച്ചിരുന്നാൽ, അയാൾക്ക് ഒന്നും സംഭവിക്കുന്നില്ല. നമുക്കാണ് ആന്തരികമായും ശാരീരികമായും അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നത്. മറ്റൊരാശുപത്രിയിൽ വിട്ടുമാറാത്ത പനിയുമായി എത്തിയ രോഗി പരിശോധനകൾക്കും ചികിത്സാമുറകൾക്കും വിധേയനായി. പല ആഴ്ചകൾ വലിയ മാറ്റമൊന്നുമില്ലാതെ കഴിയേണ്ടിവന്നു. ആശയറ്റ അവസ്ഥയായി. ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് പരിശോധനയ്ക്ക് ഡോക്ടർ വന്നപ്പോൾ പനി അശേഷം വിട്ടുമാറി. രോഗി വളരെ ഉന്മേഷവാനായി കാണപ്പെട്ടു. ഡോക്ടർക്ക് അതിശയം തോന്നി എന്തു സംഭവിച്ചു എന്നു ചോദിച്ചപ്പോൾ ഇന്നലെ വൈകിട്ട് അയാളുടെ ജ്യേഷ്ഠൻ സന്ദർശിച്ചെന്നും, അനേക നാളുകൾക്കുശേഷമുള്ള കൂടിക്കാഴ്ചയായിരുന്നു എന്നും പറഞ്ഞു. വസ്തുസംബന്ധമായ തർക്കങ്ങൾ കലഹത്തിലും വിദ്വേഷത്തിലുമെത്തിച്ചു. തമ്മിൽ കാണാതെയും സംസാരിക്കാതെയും വൈരാഗ്യത്തിൽ കഴിഞ്ഞു. അനുജന്റെ നില മോശമാണെന്നറിഞ്ഞു ജ്യേഷ്ഠൻ ആശുപത്രിയിലെത്തി. പരസ്പരം കണ്ടപ്പോൾ സ്നേഹത്തിന്റെ അണപൊട്ടി ഒഴുകി. അന്യോന്യം ആലിംഗനം ചെയ്തു; ക്ഷമായാചനം നടത്തി. പിന്നീടാണ് ജ്യേഷ്ഠൻ മടങ്ങിയത്. ആ രാത്രിയിൽ രോഗിയുടെ ചിന്തകളും വികാരങ്ങളും സ്നേഹവികാരത്താൽ ഉണർത്തപ്പെട്ടു. പനി വിട്ടുമാറാൻ അതു കാരണമായി. 

ഏതായാലും ഒരു കാര്യം വ്യക്തമാണ്, മാനസികമായ സംഘർഷവും അസ്വാസ്ഥ്യവും ശാരീരിക സൗഖ്യത്തെ കെടുത്തുവാൻ കാരണമാകാം. ക്ഷമയുടെ ശക്തി അദ്ഭുതാവഹമാണ്. സ്നേഹം ഹൃദയത്തിൽ ശക്തി പ്രാപിച്ചാൽ മാത്രമേ ക്ഷമിക്കാനുള്ള സന്നദ്ധത ഉണ്ടാവുകയുള്ളൂ. തന്നെ ഉപദ്രവിച്ചവരെ സ്നേഹിച്ചതുകൊണ്ടാണ് അവരോട് ക്ഷമിക്കണമേ എന്നു പ്രാർഥിക്കുവാൻ യേശുക്രിസ്തുവിന് സാധിച്ചത്. ക്ഷമയുടെ അഭാവം എന്തെല്ലാം പ്രശ്നങ്ങളും അസ്വസ്ഥതകളും സൃഷ്ടിക്കുന്നു! ചിലർ പറയും; ‘ഞാൻ ക്ഷമിക്കാം; പക്ഷേ, ഞാൻ മറക്കുകയില്ല’. അവിടെ ക്ഷമയില്ല എന്നുള്ളതാണ് സത്യം. കുടുംബങ്ങളിലേതായാലും സമൂഹത്തിലേതായാലും സഭയിലേതായാലും യഥാർഥ പ്രശ്നം സ്നേഹരാഹിത്യവും അതുമൂലം ക്ഷമിക്കാൻ കഴിയാത്തതുമാണ്. സ്നേഹത്തിന്റെ മഹത്വത്തെപ്പറ്റി ഉദീരണം ചെയ്യുന്ന പൗലോസ് അപ്പോസ്തോലൻ രേഖപ്പെടുത്തി, ‘‘സ്നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്. സ്നേഹം സ്വാർഥം അന്വേഷിക്കുന്നില്ല; കോപിക്കുന്നില്ല; വിദ്വേഷം പുലർത്തുന്നില്ല. സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു.’’

English Summary : Innathe Chintha Vishayam - Sunday Meditation Column by T.J.J

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com