കൊഴിഞ്ഞുവീണവയെല്ലാം ഒരിക്കൽ പൂത്തുലഞ്ഞവയാണ്

PTI11_23_2017_000167A
SHARE

ഉദ്യാനപാലനത്തിൽ രാജാവിന് അതീവ താൽപര്യമായിരുന്നു. ദൂരദേശത്തുപോയി ഗുരുവിനു കീഴിൽ അദ്ദേഹം പൂന്തോട്ടനിർമാണം പഠിച്ചു. ഒരു ദിവസം ഗുരു പൂന്തോട്ടം കാണാൻ എത്തുമെന്ന് അറിയിപ്പു ലഭിച്ചു. രാജാവ് ഉദ്യാനം അതിമനോഹരമാക്കി. വില കൂടിയ വിവിധതരം ചെടികളും പൂക്കളും അവിടെ ഉണ്ടായിരുന്നു. പക്ഷേ ഉദ്യാനം കണ്ട ഗുരുവിന്റെ മുഖം വാടി. അപ്രതീക്ഷിത പ്രതികരണത്തിൽ സ്തബ്ധനായ രാജാവിനോട് ഗുരു ചോദിച്ചു. ആ മഞ്ഞ ഇലകളെല്ലാം എവിടെ? രാജാവ് പറഞ്ഞു. മഞ്ഞ ഇലകളെല്ലാം കൊഴിഞ്ഞു വീണതല്ലേ. വേലക്കാർ അവയെല്ലാം വാരിക്കളഞ്ഞു. ഗുരു പറഞ്ഞു. വിടർന്നു നിൽക്കുന്ന ഇലകൾ മാത്രമല്ല കൊഴിഞ്ഞു വീണ ഇലകളും കൂടി ചേരുന്നതാണ് പൂന്തോട്ടം. 

പച്ചപ്പ് മാത്രം തേടുന്നതാണു ജീവിതം കൃത്രിമമാകുന്നതിന്റെ കാരണം. മരുഭൂമിയെ മാറ്റി നിർത്താനാകില്ല. മഞ്ഞും മഴയും വന്നുപോകണം. കൊടുമുടിയും താഴ്‌വാരവും ഒരുപോലെ ആസ്വദിക്കണം. ഇഷ്ടപ്പെട്ടവയിലേക്കു മാത്രം ദൃഷ്ടി പായിച്ച്, അങ്ങോട്ടുള്ള വഴിയിലൂടെ മാത്രം യാത്ര ചെയ്യുമ്പോൾ ഒരു കാര്യം മറക്കരുത്. കാറ്റ് മാറി വീശും, കാലാവസ്ഥയിലും വ്യതിയാനങ്ങൾ ഉണ്ടാകും. 

കൊഴിഞ്ഞുവീണവയെല്ലാം ഒരിക്കൽ പൂത്തുലഞ്ഞവയാണ്. അവയെല്ലാം ഒട്ടേറെ കഥകളും പറയുന്നുണ്ടാകും, വളർന്നതിന്റെയും തളർന്നതിന്റെയും സ്വീകരണത്തിന്റെയും നിരാകരണത്തിന്റെയുമെല്ലാം. വൃത്തിയാക്കുന്നതിനിടയിൽ ഉപയോഗമില്ലെന്നു കരുതുന്നവയെല്ലാം എടുത്തെറിയപ്പെടും. മനുഷ്യരെപ്പോലും മാലിന്യങ്ങളുടെ മുദ്രകുത്തി മാറ്റിനിർത്തും. തളിർത്തു തണലായി താഴെ വീഴുക എന്നതു കാലക്രമത്തിന്റെ ഭാഗമാണ്. ഉപയോഗക്ഷമത സ്ഥാനംകൊണ്ടും ചലനംകൊണ്ടും മാത്രം അളന്നെടുക്കരുത്. വെറും സാന്നിധ്യംപോലും അസാധാരണമായ ഊർജവും ഉണർവ്വും പ്രദാനം ചെയ്യും. 

English Summary : Subadinam - Food for thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA