എല്ലാ ശിഖരങ്ങളും പൂക്കും; വേരിലെ ജലം വറ്റാതെ നോക്കിയാൽ മതി

subadinam-daily-motivation-happiness
SHARE

സന്തോഷിക്കാൻ എല്ലാവർക്കും ഓരോ കാരണം ഉണ്ടാകും. പക്ഷേ, ആ കാരണം എക്കാലവും അങ്ങനെതന്നെ നിലനിൽക്കുമെന്ന ചിന്ത സങ്കടത്തിനു കാരണമാകും. എല്ലാ കാരണങ്ങളും എല്ലാവർക്കും ഒരുപോലെ സന്തോഷം നൽകുന്നതല്ല. ഒരാൾ സന്തോഷിക്കുന്ന കാര്യത്തിലാകും മറ്റൊരാൾ ദുഃഖിക്കുന്നത്. എന്തിലാണോ അമിതമായ ആനന്ദം കണ്ടെത്തുന്നത് അതിന്റെ അഭാവം അസഹനീയമായ ഹൃദയവേദന സൃഷ്ടിക്കും. സന്തോഷം താൽക്കാലികമാണെന്നും അതിന്റെ മറുവശം നിഷേധിക്കാനാവില്ലെന്നുമുള്ള ഉൾബോധം ആത്മനിയന്ത്രണത്തിനു വഴിയൊരുക്കും. കൂട്ടിച്ചേർക്കപ്പെടുമ്പോൾ സന്തോഷിക്കുന്നവർ, നീക്കപ്പെടുമ്പോൾ വിലപിക്കും. പക്ഷേ, ആ വിലാപം അമിത വൈകാരികതയുടെ തുടക്കമാകരുത്.

എന്തിന്റെ പേരിൽ സന്തോഷിക്കുന്നു, സങ്കടപ്പെടുന്നു എന്നതാണ് ഓരോരുത്തരുടെയും വൈകാരിക നിലവാരം തീരുമാനിക്കുന്നത്. ഒരു ഉറവിടത്തിൽനിന്നു മാത്രം സന്തോഷം അനുഭവിക്കുന്നവർക്ക് ആ ഉറവിടം നഷ്ടമാകുമ്പോൾ പരിഹരിക്കാനാകാത്ത ശൂന്യത അനുഭവപ്പെടും. ഒരു ഉറവ മാത്രമുള്ള കിണറിന് നീരൊഴുക്കു നഷ്ടമാകാനുള്ള സാധ്യത ഏറെയാണ്. സകലതിലും സന്തോഷം കണ്ടെത്താൻ കഴിയുന്നവർ സദാസമയവും സന്തോഷമുള്ളവരായിരിക്കും; ദുഃഖത്തിന്റെ നിഴലാട്ടം ഇല്ലാത്തതു കൊണ്ടല്ല, അതിനു മുകളിൽ സന്തോഷത്തിന്റെ രശ്മികൾ തിരിച്ചറിയാൻ കഴിയുന്നതുകൊണ്ട്.

പൂർണമായും വേദനരഹിതമായ സമയത്തു മാത്രം സന്തോഷിക്കാൻ കാത്തിരിക്കുന്നവർക്ക് ആനന്ദം എന്നും അന്യമായിരിക്കും. അനുമതിയില്ലാതെയും ആഗ്രഹങ്ങൾക്കെതിരെയും സംഭവിക്കുന്ന കാര്യങ്ങളോട് അനുരൂപപ്പെടാൻ കഴിയണം. ദുരന്തമെന്നു തോന്നുന്നതൊക്കെ പിന്നീട് അനുഗ്രഹമായി മാറിയേക്കാം. നഷ്ടപ്പെട്ടതിന്റെയും ലഭിക്കാത്തതിന്റെയും ഓർമകളാണ് ഒപ്പമുള്ളതിന്റെ സൗന്ദര്യം അപ്രസക്തമാക്കുന്നത്. കൊഴിയുന്നതെല്ലാം തളിരിടാൻ വേണ്ടിയാണ്. എല്ലാ ശിഖരങ്ങളും പൂക്കും; വേരിലെ ജലം വറ്റാതെ നോക്കിയാൽ മതി.

English Summary : Subadinam - Food for thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA