ADVERTISEMENT

നല്ലത് വളർത്തുന്നതിനുള്ള മാർഗം മോശമായതിനെയെല്ലാം നിരോധിക്കുക എന്നതല്ല. ശുദ്ധവായുവും അശുദ്ധവായുവും അമൃതും മാലിന്യവും എല്ലാമുണ്ടാകും. ഒന്നിനെയും നിരോധിച്ച് ഇല്ലാതാക്കാൻ കഴിയില്ല. നിയമം മൂലം നിരോധിക്കാൻ കഴിയുന്നതോ യുദ്ധം ചെയ്തു തോൽപിക്കാൻ കഴിയുന്നതോ ആയിരുന്നു ‘തിന്മ’ എങ്കിൽ, എത്ര പണ്ടേ അവയെല്ലാം ഇല്ലാതാകുമായിരുന്നു.

 

നിഷേധിക്കപ്പെടുന്നവയോടുള്ള അഭിനിവേശമാണ് മനുഷ്യന്റെ സ്വാഭാവിക പ്രവണത. കാണരുത് എന്നു പറയുന്നവ കാണാനും കേൾക്കരുത് എന്നു നിർദേശിക്കപ്പെടുന്നവ കേൾക്കാനും വിലക്കപ്പെടുന്നതെല്ലാം ചെയ്യാനും ജന്മവാസനയുണ്ട് ഓരോരുത്തരിലും. 

നിരോധിക്കപ്പെട്ടു എന്നതുകൊണ്ടുതന്നെ കുറെപ്പേർ അതു ചെയ്തുതുടങ്ങും. നിരോധനത്തെക്കുറിച്ചുള്ള ചർച്ചകളിലൂടെ ആരും ശ്രദ്ധിക്കാതിരുന്ന വിഷയം ഒരു കാരണവുമില്ലാതെ സുപ്രധാനമാകും. നിരോധിക്കപ്പെടുന്നതെല്ലാം, നിരോധിച്ചു എന്ന കാരണം കൊണ്ടുതന്നെ പടർന്നു പന്തലിക്കും – അതു സ്വഭാവമായാലും സമ്പർക്കമായാലും വസ്തുവായാലും.

 

അഭിലഷണീയമല്ലാത്തവയെ ഉപേക്ഷിക്കാൻ പഠിക്കണം. അധികാരം കൊണ്ട് അടിച്ചേൽപിക്കുന്ന തീരുമാനങ്ങളെക്കാൾ സ്ഥിരത ആത്മനിയന്ത്രണം കൊണ്ടു ശീലിക്കപ്പെടുന്ന കാര്യങ്ങൾക്കുണ്ടാകും. അനുവാദത്തോടെ ചെയ്യാൻ പറ്റാത്തതെല്ലാം പലരും ഒളിച്ചിരുന്നു ചെയ്യും. ‘മുഖംമൂടിയുള്ളവരുടെ’ ആധിക്യമാണ് മൂല്യങ്ങളുടെ പരാജയം. തെറ്റുകളെല്ലാം കണ്ടുകെട്ടാനുള്ള ശ്രമത്തിനു പകരം തെറ്റുകളെ അതിജീവിക്കാനുള്ള പരിശീലനം നൽകിയാൽ തെറ്റ് ഒരു അപ്രധാന ഘടകമായി മാറും. നല്ലതിന്റെ കൂടെ മാത്രം ജീവിക്കുന്നതു കൊണ്ട് ആരും നല്ലവരാകണമെന്നില്ല. തിന്മകളുടെ ഇടയിൽ ജീവിച്ചിട്ടും നന്മയുടെ അംശം നഷ്ടപ്പെടാതെ നിലനിർത്തുന്നവരാണ് യഥാർഥ വിശുദ്ധർ.

 

English Summary : Subadinam - Food for thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com