ADVERTISEMENT

തവള ആദ്യമായാണു തേരട്ടയെ കാണുന്നത്. തേരട്ടയുടെ കാലുകളുടെ എണ്ണം കണ്ടപ്പോൾ തവളയ്ക്ക് അദ്ഭുതമായി. ‘ഞാൻ നാലു കാലുകൾ തന്നെ വളരെ കഷ്ടപ്പെട്ടാണ് ഉപയോഗിക്കുന്നത്; നീ എങ്ങനെയാണ് ഇത്രയേറെ കാലുകൾ ഒരു ബുദ്ധിമുട്ടും കൂടാതെ ഉപയോഗിക്കുന്നത്; ഏതു കാൽ ആദ്യം വയ്ക്കും? അപ്പോൾ മുതൽ തേരട്ടയും ശ്രദ്ധിക്കാൻ തുടങ്ങി. ഏതു കാൽ ആദ്യം, പിന്നെയേത്? അതു ചിന്താക്കുഴപ്പത്തിലായി. ഒരടി മുന്നോട്ടു വയ്ക്കാൻ പറ്റുന്നില്ല. അവസാനം തേരട്ട തവളയെക്കണ്ടു പറഞ്ഞു – ‘ദയവു ചെയ്ത് ഇനി ഒരട്ടയോടും ഈ ചോദ്യം ചോദിക്കരുത്. ഞാൻ ഒന്നുമറിയാതെ സ്വസ്ഥമായി നടന്നിരുന്നതാണ്. ഇപ്പോൾ എനിക്ക് ഒരടി മുന്നോട്ടു വയ്ക്കാൻ പറ്റുന്നില്ല. നിങ്ങളെന്റെ ജീവിതം നശിപ്പിച്ചു’! 

 

സ്വതന്ത്രവും സ്വാഭാവികവുമായ ചലനങ്ങളാണ് ജീവിതത്തിന്റെ സൗന്ദര്യവും സമ്പത്തും – അതു ശ്വാസോച്ഛാസമായാലും സംഭാഷണമായാലും. എല്ലാറ്റിന്റെയും ഉള്ളറിഞ്ഞും ഉദ്ദേശ്യമറിഞ്ഞും പ്രതികരിക്കേണ്ട ആവശ്യമില്ല. തനതു ശൈലിയിൽ നിബന്ധനകളൊന്നുമില്ലാതെ കടന്നുപോകുന്നതുകൊണ്ടു മാത്രം ജീവിതത്തിന്റെ കാര്യക്ഷമത നിലനിർത്തുന്നവരുണ്ട്. ജന്മം കൊണ്ടും കർമം കൊണ്ടും സ്വാംശീകരിച്ച സഹജഭാവങ്ങളെ അവയുടെ നൈസർഗികതയിൽ വളരാൻ അനുവദിക്കുമ്പോഴാണ് ഓരോരുത്തരും തങ്ങളുടെ ലോകം സൃഷ്ടിക്കുന്നത്.

അതിനു സാധിക്കാത്തവരെല്ലാം അനാവശ്യമായ ചട്ടക്കൂടുകളിലേക്കും സങ്കുചിത ചിന്തകളിലേക്കും വഴിമാറും. അനാവശ്യമായ ചിന്താക്കുഴപ്പങ്ങൾ കുത്തിവയ്ക്കുക എന്നതാണ് ഒരാളുടെ ആത്മവിശ്വാസം തകർക്കാനുള്ള എളുപ്പമാർഗം. വഴിയിൽ കാണുന്ന എല്ലാവരുടെയും കിന്നാരങ്ങൾക്കു കാതോർത്തിരുന്നാൽ മുന്നോട്ടോ പിന്നോട്ടോ നടക്കാനുള്ള ശേഷിപോലും നഷ്ടപ്പെടും. ആവശ്യമുള്ളവയെക്കുറിച്ചു മാത്രം ആലോചിക്കുക, മറ്റെല്ലാം അവഗണിക്കുക. 

 

English Summary : Subadinam - Food for thought

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com