ADVERTISEMENT

ഗുരുവിന്റെ വീട്ടിൽ രാത്രി കള്ളൻ കയറി. ഗുരു ഉറങ്ങിയിട്ടില്ലായിരുന്നു. പക്ഷേ, അദ്ദേഹം കള്ളനെ തടഞ്ഞില്ലെന്നു മാത്രമല്ല, സാധനങ്ങളെടുക്കാൻ സഹായിക്കുകയും ചെയ്തു. ചോർച്ചയുള്ള ഒരു പാത്രം എടുത്തപ്പോൾ അതു മാറ്റി നല്ലതെടുക്കാൻ ഗുരു ആവശ്യപ്പെട്ടു. കരുണാസമ്പന്നനായ ഗുരുവിനോടു നന്ദി പറഞ്ഞാണ് കള്ളൻ മടങ്ങിയത്. പക്ഷേ, വഴിക്കു വച്ച് അയാളെ പൊലീസ് പിടിച്ചു. ഗുരുവിനെ വിളിപ്പിച്ചു. ‘ഞാൻ ഇവയെല്ലാം ഇവനു സമ്മാനമായി നൽകിയതാണ്’ എന്നു പറഞ്ഞ് അദ്ദേഹം നടന്നകന്നു. പിന്നാലെ കൂടിയ കള്ളനോടു ഗുരു പറഞ്ഞു, ‘ഇനിയും എന്തെങ്കിലും എടുക്കണമെങ്കിൽ കുറച്ചുനാൾ കഴിഞ്ഞു വരൂ. ഇപ്പോൾ ഒന്നും വീട്ടിലില്ല.’ കള്ളൻ പറഞ്ഞു – ഞാൻ അങ്ങയെ അനുഗമിക്കാൻ തീരുമാനിച്ചു. അങ്ങ് എന്നെ കൊള്ളയടിച്ച് എന്റെ ഹൃദയം കവർന്നല്ലോ!

 

നിയമം കൊണ്ടു തിരുത്താൻ കഴിയാത്തത് നന്മ കൊണ്ടു തിരുത്താൻ കഴിയും. നിർബന്ധിത വ്യവസ്ഥകളിലൂടെ എല്ലാവരെയും അനുസരിപ്പിക്കാൻ കഴിഞ്ഞേക്കും. പക്ഷേ, വിധേയപ്പെടേണ്ടി വരുന്നവർക്ക് ഒന്നിനോടും പ്രതിപത്തി ഉണ്ടാകില്ല. നിയമാനുസൃതമായി ചെയ്യുന്നതെല്ലാം സംതൃപ്തമായി ചെയ്യുന്നതല്ല. അനുസരണക്കേടു വരുത്തിവയ്ക്കാൻ സാധ്യതയുള്ള അപകടങ്ങൾ മുൻകൂട്ടിക്കണ്ടു സ്വയം വഴങ്ങുന്നതാണ്. എവറസ്റ്റ് കീഴടക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ഹൃദയം കീഴടക്കാൻ. ഹൃദയത്തിനു നിയമങ്ങളില്ല; മൃദുല വികാരങ്ങൾ മാത്രമേയുള്ളൂ. തലച്ചോറിന്റെ ശാസനകൾക്കു മുന്നിൽ ഹൃദയത്തിന്റെ ആർദ്രത പരാജയപ്പെട്ടാൽ അവിടെ അവസാനിക്കും എല്ലാ ബന്ധങ്ങളും. നിയമം കൊണ്ട് അനുസരിക്കേണ്ടി വരുമ്പോഴും സ്നേഹം കൊണ്ട് അനുസരിക്കേണ്ടി വരുമ്പോഴും ഉളവാകുന്നതു രണ്ടു വികാരങ്ങളാണ്. ഹൃദയം കീഴടക്കിയ ആളുടെ നിർദേശങ്ങളെ എങ്ങനെയാണു തിരസ്കരിക്കാനാകുക? ഹൃദയത്തോടു ചേർത്തു നിർത്തുന്ന ആളുകളുടെ മനസ്സ് എത്ര ദൂരെ നിന്നും വായിച്ചെടുക്കാനാകും.

 

English Summary : Subadinam - Food for thought

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com