ചിലരങ്ങനെയാണ്... കാണുന്ന എന്തിനെക്കുറിച്ചും അഭിപ്രായം പറയും

subadinam-daily-motivation-judging-others
പ്രതീകാത്മക ചിത്രം
SHARE

ഒരാൾ കുറെ നേരമായി മലമുകളിൽ നിൽക്കുന്നത് 3 സുഹൃത്തുക്കൾ താഴെനിന്നു ശ്രദ്ധിച്ചു. ഒന്നാമൻ പറഞ്ഞു, ‘അദ്ദേഹം എന്തോ അന്വേഷിക്കുകയാകും. പശുവിനെയോ ആടിനെയോ നഷ്ടപ്പെട്ടിട്ടുണ്ടാകും’. രണ്ടാമൻ എതിർത്തു, ‘അന്വേഷിക്കുന്നയാൾ അങ്ങോട്ടുമിങ്ങോട്ടും നടക്കും. അദ്ദേഹം അനങ്ങുന്നില്ല. ആരെയോ കാത്തുനിൽക്കുകയാണ്’.

മൂന്നാമൻ വിയോജിച്ചു, ‘ആരെയെങ്കിലും കാത്തുനിൽക്കുന്നയാൾ നാലുവശത്തേക്കും നോക്കും. അദ്ദേഹം ധ്യാനിക്കുകയാണ്’. തർക്കം തീർക്കാൻ മലമുകളിലെത്തിയ അവർ തങ്ങളുടെ വിശദീകരണങ്ങൾ നിരത്തി. അദ്ദേഹം പറഞ്ഞു, ‘ഞാൻ അന്വേഷിക്കുകയോ കാത്തിരിക്കുകയോ ധ്യാനിക്കുകയോ അല്ല. വെറുതേ നിൽക്കുകയാണ്. അത്രതന്നെ’.

ചിലരങ്ങനെയാണ്. കാണുന്ന എന്തിനെക്കുറിച്ചും അഭിപ്രായം പറയും; കേൾക്കുന്ന എന്തിനോടും കൂട്ടിച്ചേർക്കും; എല്ലാ കാര്യങ്ങളിലും ഇടപെടും; അതിലെല്ലാം തന്റെ സ്വാധീനം ഉറപ്പുവരുത്തുകയും ചെയ്യും. എല്ലാറ്റിനെയും അതിന്റെ സ്വാതന്ത്ര്യത്തിനും സ്വാഭാവികതയ്ക്കും വിട്ടുകൊടുത്താൽത്തന്നെ പല ചിന്താക്കുഴപ്പങ്ങളും സംഘട്ടനങ്ങളും അവസാനിക്കും. എല്ലാ കാഴ്ചകളും പരിമിതമായ വിശദീകരണങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കുമാണു സഞ്ചരിക്കുന്നത്.

ഒരാളെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള എല്ലാ സാധ്യതകളോടും ആൾക്കൂട്ടത്തിനൊരു പ്രത്യേക അഭിനിവേശമുണ്ട്. വിലയിരുത്തുന്നവരാരും അടുത്തുചെന്നു മനസ്സിലാക്കിയവരാകില്ല. അവർക്കതിനു താൽപര്യവുമില്ല. അകലെ നിന്നു നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾക്ക് ആരോടും ഉത്തരം പറയേണ്ടതില്ല. പറഞ്ഞു രസിക്കുന്നതിൽ മാത്രം ജീവിതത്തിന്റെ ആസ്വാദനം കണ്ടെത്തുന്നവരോട് കൃത്യമായ അകലം പാലിച്ചാൽത്തന്നെ ആവശ്യത്തിലധികം ഊർജവും ഉണർവും ലഭിക്കും.

English Summary : Subadinam - Food for thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA