ADVERTISEMENT

ന്യൂഡൽഹി ∙ ‘ഇപ്പോൾ തെരുവിലിറങ്ങിയില്ലെങ്കിൽ മറ്റൊരിടത്തും നിൽക്കാൻ കഴിയാത്ത വിധം ഈ രാജ്യം നമുക്ക് നഷ്ടമാകും’ – പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത് എഴുത്തുകാരി അരുന്ധതി റോയിയുടെ വാക്കുകൾ. പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജന്തർ മന്തറിലെ സമര സ്ഥലത്തെത്തിയ അരുന്ധതി സംസാരിക്കുന്നു: ‘പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ റജിസ്റ്ററും (എൻആർസി) ഭരണഘടനയുടെ നട്ടെല്ലൊടിക്കും. സർക്കാർ നടപടി പ്രത്യക്ഷത്തിൽ മുസ്‍ലിംകൾക്ക് എതിരാണെങ്കിലും രാജ്യത്തെ ഓരോ പൗരനെയും അതു ബാധിക്കും. ഫാഷിസം രാജ്യത്ത് നടപ്പാക്കാനാകുമോ എന്നു പരീക്ഷിക്കുകയാണു സർക്കാർ. അതനുവദിക്കില്ലെന്ന ജനങ്ങളുടെ ശബ്ദമാണ് ഇവിടെ ഉയരുന്നത്.

കേന്ദ്രസർക്കാർ കോടികൾ ചെലവഴിച്ച് അസമിൽ നടപ്പാക്കിയ എൻആർസിയിൽ പിഴവുകൾ ഒട്ടേറെയുണ്ട്. എൻആർസി പോലൊരു പ്രക്രിയയിലെ ചെറിയ പിഴവുപോലും ലക്ഷക്കണക്കിനാളുകളുടെ ജീവിതം താറുമാറാക്കും. ഇപ്പോൾ അതു രാജ്യവ്യാപകമായി നടപ്പാക്കുമെന്നു സർക്കാർ പറയുന്നു. പൗരത്വത്തിനായി സർക്കാരിനു മുന്നിൽ ജനങ്ങൾക്കു കാത്തുകിടക്കേണ്ടി വരും. ഒരു രാജ്യത്തെ ജനതയെ മുഴുവൻ അപേക്ഷകരായി അതു മാറ്റും.

wirter-arundhati-roy-statement-against-caa-at-jantar-mantar
അരുന്ധതി റോയി ജന്തർ മന്തറിലെത്തിയപ്പോൾ

ഏതാനും രേഖകളുടെ അടിസ്ഥാനത്തിൽ ഭരണകൂടത്തിന്റെ ഒൗദാര്യത്തിൽ പൗരത്വം ലഭിക്കുന്ന അവസ്ഥയിലേക്കു രാജ്യമെത്തും. പിഴവുകൾ കോടതിയിൽ ചോദ്യം ചെയ്യാമെന്നു ഭരണകൂടം വാദിക്കുന്നു. ഒരു കേസ് തീർപ്പാക്കാൻ 20 വർഷം വരെയെടുക്കുന്ന രാജ്യത്തു ലക്ഷക്കണക്കിനാളുകളുടെ അപേക്ഷകൾക്ക് എന്ന് തീരുമാനമാകും? നമ്മുടെ കാലിന്റെ അടിയിൽനിന്നു മണ്ണൊലിച്ചു പോവുന്നതു തിരിച്ചറിയണം. എല്ലാം ശുഭമാണെന്നു വിശ്വസിച്ചു വീട്ടിലിരിക്കാൻ പറ്റില്ല. ഇപ്പോൾ തെരുവിലിറങ്ങിയില്ലെങ്കിൽ, പിന്നീട് നമുക്ക് നിൽക്കാൻ മറ്റൊരു സ്ഥലവുമുണ്ടാകില്ല. പ്രതിഷേധിക്കുന്നവർക്കുമേൽ വ്യാജ മേൽവിലാസങ്ങൾ ചാർത്തി അതിക്രമം അഴിച്ചുവിടുകയാണു സർക്കാർ. കശ്മീരികൾ പ്രതിഷേധിച്ചാൽ അവരെ പാക്ക് ജിഹാദികൾ എന്നു മുദ്രകുത്തും. വിദ്യാർഥികൾ തെരുവിലിറങ്ങിയാൽ അവരെ മാവോയിസ്റ്റാക്കും. ഇത്തരം വ്യാജ മേൽവിലാസങ്ങളുടെ മറവിൽ നിരപരാധികളെ പൊലീസ് ആക്രമിക്കുന്നു. രാജ്യത്തെ ക്യാംപസുകളും ലൈബ്രറികളും മുഴുവൻ പൊലീസ് അടിച്ചു തകർക്കുമോ? ക്യാംപസുകളിൽ പൊലീസ് കയറിയതിന് ഒരു ന്യായീകരണവുമില്ല. വിദ്യാർഥി പ്രക്ഷോഭങ്ങൾ രാജ്യത്തു മാറ്റങ്ങൾക്കു വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. അത് എന്നുണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ല. ആ ദിവസം യാഥാർഥ്യമാകാൻ എത്ര പേർക്കു ജീവൻ ത്യജിക്കേണ്ടി വരുമെന്നും അറിയില്ല. ഒന്നറിയാം; ഫാഷിസവും ഏകാധിപത്യവും എക്കാലവും വാണ ചരിത്രമില്ല’. 

 

English Summary : Writer Arundhati Roy's statement against Citizenship Amendment Act 2019 (CAA)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com