sections
MORE

വായിക്കാനുള്ള സമയം ഇനി നാം എവിടെ കണ്ടെത്തും?

gabriel-garcia-marquez-image
ഗബ്രിയേൽ ഗർസിയ മാർക്വേസ്
SHARE

വായനയ്ക്കു സമയം കണ്ടെത്തുന്നതെങ്ങനെ, അതിനുള്ള ഗുണമുണ്ടോ എന്ന ചോദ്യം പലയിടത്തും ഉയരാറുണ്ട്.  ഇത് അസ്തിത്വ പ്രശ്നം പോലെ നീറുന്നുവെന്നാണു വായിക്കാൻ അതിയായ മോഹമുളള ചിലർ പറയാറുള്ളത്, കാരണം അവർ എത്ര ശ്രമിച്ചിട്ടും പുസ്തകത്തിലേക്കു വരുന്നതേയില്ല. 

ഇപ്പോഴത്തെ കാലാവസ്ഥ വച്ചാണെങ്കിൽ, ജോലിയും മറ്റു പ്രാരാബ്ധങ്ങളും കഴിഞ്ഞാൽ ലഭിച്ചേക്കാവുന്ന ഒഴിവുസമയം സിനിമയോ സ്മാർട് ഫോണോ കൊണ്ടുപോകും. സ്മാർട് ഫോണിന്റെ പ്രധാന സവിശേഷത നാം അതിലേക്കു നോക്കിപ്പോയാൽ തലയുയർത്തുക എളുപ്പമല്ലെന്നതാണ്. എന്നാൽ കയ്യിലെടുത്ത പുസ്തകം എത്ര മിനിറ്റുകൾ അതേ പടി തുടരുമെന്നതു വലിയ വെല്ലുവിളിയും. ഏറ്റവും ചെറിയ പ്രലോഭനത്തിനു പോലും അതു തടയാനാകും.  ഫോൺ താഴെ വയ്ക്കുക ദുഷ്കരമാണ്, പുസ്തകം താഴെ വയ്ക്കുക അനായാസവും. 

ezhuthumesha-frank-american-writer
ഫ്രാങ്കോ ഹാര

നാം വായിക്കുന്ന പുസ്തകങ്ങളുടെ ശരാശരി വലിപ്പം 150–300 താളുകളാണെന്നു കരുതുക. ഒരു താൾ വായിക്കാൻ 5 മിനിറ്റ് വരെ എടുത്താലും മുഴുവൻ വായനയ്ക്കു പരമാവധി 15 മണിക്കൂർ മതിയാകും.  പലദിവസമായി പങ്കിട്ടാലും 300 പേജുള്ള പുസ്തകം ഒരാഴ്ച കൊണ്ടു വായിക്കാൻ കഴിയേണ്ടതാണ്. എന്നാൽ വല്ല ഗുണവും ഉണ്ടോ എന്ന ചോദ്യം നമ്മെ പിന്നാക്കം കൊണ്ടുപോകുന്നു. നമുക്ക് ആവശ്യമായ സമയം, അതിന്റെ ഗുണം ആരുടെ കയ്യിലാണ് ഇരിക്കുന്നതെന്ന ചോദ്യം ഉയരുന്നു. സമയത്തിന്റെ വലിയ സവിശേഷത, അതു ക്രിസ്തുവിനു മുന്നിലെ അഞ്ചപ്പം പോലെയാണെന്നതാണ്.  ഉറച്ചു വിശ്വസിക്കുന്നുവെങ്കിൽ അത് അയ്യായിരമായിത്തീരും. ഓരോ ദിവസത്തിനും വേണ്ട വായന ആ ദിവസത്തെ 24 മണിക്കൂറിനകത്തു തന്നെ  കണ്ടെത്തുക ഇങ്ങനെ സമയത്തെ പെരുക്കുന്നതിലൂടെയാണ്.  ഇതു സമയത്തോടുള്ള നമ്മുടെ പ്രതിബദ്ധതയാണ്. നാം പുസ്തകത്തെ ഉപേക്ഷിക്കുമ്പോൾ നമ്മുടെ സമയത്തെയും ഉപേക്ഷിക്കുന്നു. 

സമയം ഇന്ധനമാക്കിയാണു നാം സ്മരണകളെ ഉണ്ടാക്കുന്നത്.  നേരം പോകുകയാണെങ്കിലും സ്മരണ ശേഷിക്കുന്നു. ഈ പുസ്തകം ഞാൻ വായിക്കാൻ പോകുന്നില്ല. ഈ കവിത എനിക്ക് ആസ്വദിക്കാൻ കഴിയുകയില്ല എന്നെല്ലാം നമുക്കു തോന്നാറുണ്ട്.  എന്റെ അനുഭവം പറഞ്ഞാൽ, ‘ഏറ്റവും കുറച്ചു ബുദ്ധിമുട്ടുണ്ടാക്കുന്നവനാണു ഞാൻ, അമേയമായ പ്രേമം മാത്രം ആഗ്രഹിക്കുന്നവൻ. മരങ്ങൾക്കുപോലും എന്നെ മനസ്സിലാക്കാനാകും’എന്നെഴുതിയ അമേരിക്കൻ കവി ഫ്രാങ്കോ ഹാരയുടെ കവിതകൾ ആദ്യം വായിച്ചപ്പോൾ എന്റെ സമയം അതിലേക്കു വന്നില്ല. ഒന്നോ രണ്ടോ കവിത കഴിഞ്ഞപ്പോൾ എനിക്കു പുസ്തകം താഴെ വയ്ക്കേണ്ടിവന്നു. പട്ടത്തുവിള കരുണാരന്റെ കഥകളും  ഇഷ്ടമാകില്ലെന്ന് ഞാൻ ആദ്യമേ കരുതി.  സംശയിച്ചുള്ള വായന ഇടയ്ക്കു മുടങ്ങി. പിന്നീട് എത്രയോ നാളുകൾക്കുശേഷമാണു ഞാൻ അല്ലോപനിഷത് പോലെയുളള കഥകൾ കണ്ടുപിടിച്ചത്. 

gabriel-garcia-marquez-image-book
ഗബ്രിയേൽ ഗർസിയ മാർക്വേസ്

ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ എത്ര ശ്രമിച്ചിട്ടും വായിച്ചുപൂർത്തിയാക്കാൻ കഴിയാത്ത സ്നേഹിതനെ ഓർമ വരുന്നു. അയാൾ ഒരുപാടു പുസ്തകങ്ങൾ വായിക്കുകയും അതേപ്പറ്റി സംസാരിക്കുകയും ചെയ്യുന്ന ആളാണ്. പക്ഷേ, മാർക്കേസ് അയാളുടെ സമയത്തിലേക്കു പ്രവേശിക്കുന്നില്ലെന്നതാണു പ്രശ്നം. വലിയ വായനക്കാരുണ്ട് , അവരിൽ ചിലർ നിരൂപകരോ കവികളോ ഒക്കെ ആകാം,  അവരോടു സംസാരിച്ചുനോക്കൂ, അവർ ഏതു കൃതിയെയും സംസാരം കൊണ്ടു  വിരസമാക്കിക്കളയും. എന്നാൽ  തിരിച്ചും സംഭവിക്കും.  1980കളുടെ ഒടുവിൽ ഞാൻ മൂലമറ്റത്തു പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ചില വൈകുന്നേരങ്ങളിൽ കാഞ്ഞാറിലേക്കു നടക്കാൻ പോകുമായിരുന്നു. പുഴയോര പാതയിലൂടെയുള്ള നടത്തം. ആ നടത്തം തീരുന്നത് കാഞ്ഞാറിൽ  തയ്യൽക്കാരനായ മുതിർന്ന സ്നേഹിതന്റെ അടുത്തായിരുന്നു.  അയാൾ എനിക്കു ചായയും പലഹാരവും വാങ്ങിത്തരും. സഹൃദയനായ ആ മനുഷ്യന്റെ വർത്തമാനത്തിനിടെ പൊടുന്നനെ ചില വായനകൾ കടന്നുവരും.  പേർഷ്യൻ കവി ഫരീദുദ്ദീൻ അത്താറിന്റെ കോൺഫറൻസ് ഓഫ് ബേഡ്‌സ് എന്ന കൃതിയെപ്പറ്റി ഞാനാദ്യം കേൾക്കുന്നത് അപ്പോഴാണ്.  വർഷങ്ങൾക്കുശേഷം വിരസമായ പരശതം സംഭാഷണങ്ങൾക്കിടയിൽ വീർപ്പുമുട്ടുമ്പോഴെല്ലാം ​​ഞാൻ ആ മനുഷ്യനെ  ഓർമിക്കാറുണ്ട്. അഹംബോധം ഇല്ലായ്മ ചെയ്യുന്നതിലൂടെ അനശ്വരത പ്രാപിക്കാമെന്ന ദർശനം വിവരിക്കുന്ന ഒരു അത്താർ കഥ, അതിനൊടുവിലെ നാലു വരികൾ, അതിന്റെ ഇംഗ്ലിഷ് വിവർത്തനം ഇങ്ങനെയാണ്:

when oil burns, it loses itself

and so emerges from its own self

Yes. it burns, but it also yields charcoal

for ink to write the words of the beloved

ഇതില്‍ സ്വയമെരിഞ്ഞ കരിയെഴുതുക പ്രേമത്തിനുളള വാക്കുകൾ എന്ന വരികളാണ് ഞാൻ ഓർത്തുവച്ചത്. കാഞ്ഞാറിലെ സമയം എന്നേ എരിഞ്ഞുതീർന്നു. എന്നാൽ ആ കരിയെഴുതിയ വാക്കുകൾ മരിക്കുന്നില്ലെന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഇത്തരത്തിൽ ആലോചിച്ചാൽ ഏതു സാഹചര്യത്തിലായാലും കലയുടെയും സാഹിത്യത്തിന്റെയും സമയം ഒരാളുടെ ആന്തരികകാലത്തെ സമൃദ്ധമാക്കുകയാണു ചെയ്യുന്നതെന്നു കാണാം. 

ആഘോഷകാലത്തെന്ന പോലെ സമരകാലത്തും മനുഷ്യർ അവർക്കൊപ്പം കലയും സാഹിത്യവും കൊണ്ടുപോകുന്നതിന്റെ കാരണമതാണ്. സിറിയയിൽ ആഭ്യന്തരയുദ്ധത്തിനിടെ  കനത്ത ബോംബിങ്ങിൽ തകർന്ന ഒരു പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തന്റെ പിയാനോയുമായി ഇരിക്കുന്ന ഒരു മനുഷ്യന്റെ ഫോട്ടോ ലോകമെങ്ങും പ്രചരിച്ചിരുന്നു. ഭക്ഷണമോ വെള്ളമോ സുരക്ഷയോ ഇല്ലാത്ത യുദ്ധത്തിനു നടുവിലും ഒരാൾ തന്റെ സംഗീതത്തോടു ചേർന്നുനിന്നു എന്നത് ശ്രദ്ധേയമായിരുന്നു. യുദ്ധകാലത്തു സംഗീതം തന്റെ പ്രാണനെ എങ്ങനെ നിലനിർത്തി എന്ന് യെഹാം അഹമ്മദ് പിന്നീട്  ദ് പിയാനിസ്റ്റ് ഇൻ യാർമോക് എന്ന പുസ്തകത്തിൽ എഴുതി. 

ആരാണ് നമ്മുടെ മണ്ണിന്റെ യഥാർഥ അവകാശി എന്ന  ചോദ്യം ഓരോ മനുഷ്യനും അഭിമുഖീകരിക്കേണ്ടിവരുന്ന ഇക്കാലത്ത്, രാജാധികാരിയുടെ വാക്കുകളല്ല, നമ്മുടെ ആത്മാവിന്റെ വാക്കുകളാണു നാം പങ്കുവയ്ക്കുക.  അന്തമില്ലാത്ത ഇരുളിന്റെ ഈ തുരങ്കത്തിൽ, ഒരു ചിത്രശലഭത്തിന്റെ ആനന്ദനിർഭരമായ വർണജ്വാലയുടെ ദർശനം പങ്കിടുന്ന എല്ലാവർക്കും നേരെ ഞാനീ പാനപാത്രം ഉയർത്തുന്നു എന്ന് മഹമ്മൂദ് ദർവീശ്.  ഇക്കാരണത്താലാണ് നാം വായനയിൽ തനിച്ചിരിക്കുമ്പോഴും, നാം കാതോർക്കുന്ന സ്വരങ്ങൾ എണ്ണമറ്റ മനുഷ്യരുടേതാകുന്നത്. ഒരു ടാക്സിയിൽ സഞ്ചരിക്കുമ്പോൾ എന്നോട് ഡ്രൈവർ ഒരു കവിത ആവശ്യപ്പെട്ടാൽ ഞാൻ അത് അവിടെയിരുന്ന് എഴുതിക്കൊടുക്കും എന്ന് പറഞ്ഞത് നെരൂദയാണ്. കാരണം എന്റെ കവിത വന്നത് ഈ മനുഷ്യരിൽനിന്നാണ്. അവരാണ് അതിന്റെ അവകാശി. അതിനാൽ തിരസ്കൃതരായ മനുഷ്യരുടെ ഇടയിൽനിന്നാണ് ഇനി നമ്മുടെ നാട്ടിലെ ഏറ്റവും ശക്തമായ രചനകൾ സംഭവിക്കാൻ പോകുന്നത്.

English Summary : How to find time to read ?

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA