ചെയ്യാത്ത കുറ്റത്തിന് 26 വർഷമായി ശിക്ഷ അനുഭവിക്കുന്ന ഇവാൻ

russian-writer-leo-tolstoy
ലിയോ ടോൾസ്റ്റോയ്
SHARE

വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ് എഴുതിയ കഥയാണ് ‘ഗോ‍ഡ് സീസ് ദ് ട്രൂത്ത്, ബട്ട് വെയ്റ്റ്സ്’. 1872ലാണ് കഥ പുറത്തിറങ്ങുന്നത്. വ്ളാദ്മിർ പട്ടണത്തിലെ ഒരു വ്യാപാരിയാണ് ഇവാൻ ദിമിട്രിച്ച് അക്സിയോനവ്. സാധനങ്ങൾ വാങ്ങാനായി കുതിരവണ്ടിയിൽ നഗരത്തിലേക്കു പോകുകയാണ് അയാൾ. വഴിയിൽ പഴയൊരു സ്നേഹിതനെ കണ്ടുമുട്ടുന്നു. അയാളോടൊപ്പം ആ രാത്രി സത്രത്തിൽ തങ്ങി പിറ്റേന്നു പുലർച്ചെ യാത്ര തുടരുന്നു.  പിന്തുടർന്നെത്തുന്നു നിയമ പാലകർ അദ്ദേഹത്തെ തടഞ്ഞു. ഇവാന്റെ സുഹൃത്ത് സത്രത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. നിയമപാലകർ അദ്ദേഹത്തിന്റെ സഞ്ചിയിൽ നിന്നു രക്തം പുരണ്ട കത്തി കണ്ടെടുക്കുന്നു. കൂടുതൽ തെളിവുകൾ പിന്നീട് ആവശ്യമില്ലാതെ വരുന്നു. 

ഇവാൻ തടവറയിൽ ഭീകരമായ ശിക്ഷകൾ ഏറ്റുവാങ്ങി. വർഷം 26 കടന്നുപോയി. ഇപ്പോൾ അയാൾ വൃദ്ധനാണ്. ശാന്തനായ അദ്ദേഹത്തെ ജയിൽ അധികൃതർക്കും സഹതടവുകാർക്കും വലിയ ഇഷ്ടമാണ്. ഒരു ദിവസം വ്ളാദ്മിറിൽ നിന്ന്  മക്കാർ എന്ന ഒരാൾ ജയിലിൽ എത്തുന്നു. 60 വയസ്സ് പ്രായം തോന്നുന്ന അയാൾ പറഞ്ഞു, ചെയ്യാത്ത തെറ്റിനാണു താൻ തടവിൽ ആയതെന്ന്. വർഷങ്ങൾക്കു മുൻപ് ചെയ്ത ഒരു കൊലപാതകത്തിൽ ശിക്ഷിക്കപ്പെടാത്ത താൻ ഇത്തവണ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നതിലെ വിരോധാഭാസം അയാൾ ഇവാനുമായി പങ്കുവയ്ക്കുന്നു. കൂടുതൽ സംസാരിക്കുന്നതോടെ മക്കാർ ചെയ്ത തെറ്റിനാണ് താൻ 26 വർഷമായി ശിക്ഷ അനുഭവിക്കുന്നതെന്ന് ഇവാന് മനസ്സിലാകുന്നു. എങ്കിലും അയാൾ പ്രതികരിച്ചില്ല. ദിവസങ്ങൾ കടന്നു പോയി. 

leo-tolstoy-book-cover

മക്കാർ ജയിൽ ചാടാൻ പദ്ധതി ഇട്ടു. തടവറയ്ക്കുള്ളിൽ വലിയ തുരങ്കം സൃഷ്ടിക്കുകയാണ്. യാദൃശ്ചികമായി ഇവാൻ അത് കാണുന്നു. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് മക്കാർ അയാളെ ഭീഷണിപ്പെടുത്തി. ഒരു ദിവസം ജയിൽ അധികൃതർ തുരങ്കം കണ്ടുപിടിച്ചു. പക്ഷേ, ആരാണിതു ചെയ്തതെന്നു കണ്ടെത്താനായില്ല. മുഴുവൻ തടവുപുള്ളികളെയും മാറിമാറി ചോദ്യം ചെയ്തു. പിടിക്കപ്പെടുന്നവന് മരണം വരെ ചാട്ടയടിയാണ് ശിക്ഷ. ഇവാൻ വിവരം പുറത്തു പറയുമെന്നും തനിക്ക് വധശിക്ഷ ലഭിക്കുമെന്നും മക്കാറിന് ഉറപ്പായി. എന്നാൽ ഇവാൻ മക്കാറിനെതിരെ ഒന്നും പറഞ്ഞില്ല. കുറ്റബോധം വിഴുങ്ങിത്തുടങ്ങിയ മക്കാർ ആ രാത്രി ഇവാനു മുന്നിൽ മുട്ടുകുത്തി മാപ്പു ചോദിച്ചു. ഇവാൻ ജയിലിലായതിനു കാരണക്കാരൻ താനാണെന്നു മക്കാർ ഏറ്റുപറഞ്ഞു. മക്കാർ ചെയ്ത തെറ്റുകളെല്ലാം ഇവാൻ  ക്ഷമിച്ചു. കുറ്റബോധം കീഴടക്കിയ മക്കാർ 26 വർഷം മുൻപു കൊലപാതകം നടത്തിയത് താനാണെന്ന്  നിയമത്തിനു മുന്നിൽ ഏറ്റുപറയുന്നു. ഇവാനെ വിട്ടയച്ചുകൊണ്ടുള്ള സന്ദേശം ജയിലിൽ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചു കഴിഞ്ഞിരുന്നു.

English Summary: Kathalokam Column - God sees the truth but waits - Short story by Leo Tolstoy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA