ADVERTISEMENT

ബുദ്ധൻ അയൽനാട്ടിലെ രാജാവുമായി സംഭാഷണത്തിലാണ്. അപ്പോൾ ഒരു വയോധികൻ ബുദ്ധന്റെ അടുത്തെത്തി പറഞ്ഞു – ‘‘ഞാൻ താങ്കളുടെ അനുഗ്രഹം വാങ്ങാൻ വന്നതാണ്.’’ ബുദ്ധൻ ചോദിച്ചു, എത്ര വയസ്സായി? വയോധികൻ പറഞ്ഞു – നാല്! ബുദ്ധൻ അയാളുടെ തലയിൽ കൈവച്ചു തിരിച്ചയച്ചു. 

 

ഇതെല്ലാം കണ്ട രാജാവു ചോദിച്ചു, ‘നിങ്ങൾ പരസ്പരം കളിയാക്കുകയായിരുന്നോ; അയാൾക്കു നാലു വയസ്സോ? ബുദ്ധൻ പറഞ്ഞു – ആ ചോദ്യം താങ്കളെ ചിന്തിപ്പിക്കാൻ വേണ്ടിയായിരുന്നു. താങ്കൾ ഇത്രയും നേരം എന്നോടു ചോദിച്ചതു കുറെ വിഡ്ഢിച്ചോദ്യങ്ങൾ മാത്രമാണ്. ഞങ്ങൾ പ്രായമായി കണക്കാക്കുന്നത് ഒരാൾ ഗുരുവിനു മുന്നിൽ എല്ലാം സമർപ്പിച്ച് സ്വയം മാറാൻ തീരുമാനിച്ച ശേഷമുള്ള വർഷങ്ങളാണ്. ആ വയോധികന്റെ 70 വർഷവും പ്രയോജനരഹിതമായിരുന്നു. താങ്കളും പുനർജനിക്കാൻ നോക്ക്. എന്നിട്ടു ചോദ്യങ്ങൾ ചോദിക്ക്.’

 

‌പ്രായമാകുന്നവരെല്ലാം വളരുന്നില്ല. എല്ലാവർക്കും പ്രായമേറും. വിചിന്തനവും വിവേകവും ഉള്ളവർ മാത്രമേ വളർച്ച പ്രാപിക്കൂ. ജീവിച്ചു തീർത്ത ദിനങ്ങളുടെ എണ്ണം നോക്കി പ്രായവും പക്വതയും അളന്നെടുക്കുന്നതാണ് വിലയിരുത്തലിലെ അപാകത. തിരുത്തലുകൾക്കും ഭേദഗതികൾക്കും സാധ്യതയില്ലാത്ത ജീവിതത്തിൽ ഒരു പരിവർത്തനവും ഉണ്ടാകില്ല. 

 

രണ്ടു ദിനങ്ങൾ ഒരാളുടെ ജീവിതത്തിൽ വളരെ പ്രധാനമാണ് – ഒന്ന്, അയാൾ ജനിച്ച ദിവസം; രണ്ട്, അയാൾ പുനർജനിക്കുന്ന ദിവസം. മരണശേഷമുള്ള പുനർജന്മത്തിന്റെ ശരിതെറ്റുകളെക്കുറിച്ചു പഠിക്കുന്നതിനെക്കാൾ, ജീവിച്ചിരിക്കുമ്പോൾ എത്ര തവണ പുനർജന്മം സാധ്യമാകുമെന്നു ചിന്തിച്ചാൽ ജീവിതം ആത്മസംതൃപ്തവും പരോപകാരപ്രദവുമാകും. 

 

പുനർജനിക്കണം – വീണിടത്തുനിന്ന്, അവഹേളിക്കപ്പെട്ടിടത്തു നിന്ന്, ആത്മവിശ്വാസം തകർന്നിടത്തുനിന്ന്, ഒരു വഴിയും കാണാതെ മറഞ്ഞിരിക്കേണ്ടി വന്ന ഒളിസങ്കേതങ്ങളിൽ നിന്ന്, അപകർഷതാബോധത്തിൽനിന്ന്. എത്ര തവണ പുനർജനിക്കുന്നുവോ അത്ര വിശിഷ്ടവും വിശുദ്ധവുമാകും ജീവിതം.

 

English Summary : Subadinam - Food for thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com