ADVERTISEMENT

വീനീതമായിരുന്നു ആ സംസാരം. തറവാടിയായ ഒരു ലക്നൗക്കാരന് യോജിക്കാത്തത്. ഫോണ്‍ മര്യാദകള്‍ നന്നായി അറിയാവുന്ന ഒരു ഫോണ്‍ അറ്റന്‍ഡറെപ്പോലെ.  ധൈര്യം സംഭരിച്ച് ഹുസൈന്‍ സെയ്ദി എന്ന പത്രപ്രവര്‍ത്തകന്‍ ഉറുദുവില്‍ ചോദിച്ചു: ജനാബ്, ആപ്കാ ഇസ്മെ ഗീരാമി ? (ദയവായി, താങ്കളുടെ പേര് പറയാമോ) ആ ചോദ്യത്തിനു മറുപടി പറഞ്ഞത് സാക്ഷാല്‍ ദാവൂദ് ഇബ്രാഹിം. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മാഫിയ നേതാവായി വളര്‍ന്ന  അധോലോക കുറ്റവാളി. ഇന്നും എന്നും ഇന്ത്യ ആവശ്യപ്പെടുന്ന കൊടുംകുറ്റവാളി.

ഡോംഗ്രി ടു ദുബായ് എന്ന പുസ്തകത്തിൽ പത്രപ്രവര്‍ത്തകനായ എസ്.ഹുസൈന്‍ സെയ്ദി ദാവൂദിന്റെ ജീവചരിത്രം മാത്രമല്ല രേഖപ്പെടുത്തുന്നത്, ഇന്ത്യയുടെ, മുംബൈയുടെ അധോലോക ചരിത്രവും കൂടിയാണ്. പുസ്തകത്തിന്റെ രചനയ്ക്കുവേണ്ടിയാണ് അദ്ദേഹം വളരെ നാളത്തെ ശ്രമഫലമായി ദാവൂദുമായി അഭിമുഖം സംഘടിപ്പിച്ചതും. അതിന്റെ തുടക്കത്തിലായിരുന്നു ഏറ്റവും വിനീതമായ സ്വരത്തില്‍ ദാവൂദ് സ്വന്തം പേരു പറഞ്ഞു ഫോണില്‍ സംസാരിച്ചതും. 

 

dawood-ibrahim-kaskar

1997 സെപ്റ്റംബറിലാണ് ദാവൂദുമായി സെയ്ദി നടത്തിയ അഭിമുഖം പ്രസിദ്ധീകരിക്കുന്നത്. അന്ന് തന്റെ പേരില്‍ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറഞ്ഞു ഇന്ത്യയിലേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. അവ സത്യത്തിനു നിരക്കുന്നതാണോ യാഥാര്‍ഥ്യമാണോ വ്യാജമാണോ കണ്ടുപിടിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം. 

താങ്കള്‍ ഇപ്പോള്‍ എവിടെയാണെന്ന ചോദ്യത്തിന്, ഇന്ത്യയില്‍ ഒഴികെ ലോകത്ത് വേറെ എവിടെയും സഞ്ചരിക്കാനോ താമസിക്കാനോ വിലക്ക് ഇല്ലെന്നായിരുന്നു ദാവൂദിന്റെ മറുപടി. 

mumbai-don-dawood-ibrahim

 

writer-hussain-zaidi
ഹുസൈന്‍ സെയ്ദി

മുബൈ അധോലോകവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെ ദാവൂദ് തള്ളിക്കളയുന്നു. ഇന്ത്യയില്‍ ഉണ്ടായിരുന്ന ചെറിയ കാലയളവില്‍ മാത്രമാണ് താന്‍ അധോലോകവുമായി ബന്ധപ്പെട്ടതെന്നും അല്ലാത്തപ്പോള്‍ ഒരു ബിസിനസുകാരന്‍ മാത്രമാണെന്നും ദാവൂദ് അവകാശപ്പെടുന്നു. ആരെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കാറില്ല. തന്റെ പേരില്‍ ആരെങ്കിലും ഭീഷണി മുഴക്കുന്നുണ്ടെങ്കില്‍ അവരാരും തന്റെ ആള്‍ക്കാരല്ലെന്നുമാണ് ദാവൂദ് പറയുന്നു.

 

ബുദ്ധിമാനും സരസനും മൃദുഭാഷിയുമായാണ് ദാവൂദ് അഭിമുഖത്തിലുടനീളം സെയ്ദിയുമായി സംസാരിക്കുന്നത്. തീക്ഷ്ണതയോടെ പെരുമാറാതെ, പ്രകോപനത്തിനു വശംവദനാകാതെ സമചിത്തതയോടെ പെരുമാറുന്ന വ്യക്തി. പക്ഷേ, തന്റെ പുസ്തകത്തില്‍ ഹുസൈന്‍ സെയ്ദി ഒരുകാര്യം ഉറപ്പിച്ചുപറയുന്നു: അധോലോക നായകനാകാന്‍ ദാവൂദ് എന്നും ആഗ്രഹിച്ചിരുന്നു. ഹാജി മസ്താന്‍, കരീം ലാല, ബാസുദാദ, വമ്പന്‍മാരായ പത്താന്‍മാര്‍ എന്നിവരെ മറികടക്കാനും ഡോംഗ്രിയില്‍ ജനിച്ച ദാവൂദ് ശ്രമിച്ചു. രാജ്യങ്ങളുടെ തന്നെ സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കിയ, ഭീകരവാദത്തിന്റെ വേരുകളെ അറിയാനും മനസ്സിലാക്കാനും സഹായിക്കുന്ന വിവരണങ്ങള്‍. 

 

ഡോംഗ്രിയില്‍നിന്ന് ദുബായിലേക്ക് എന്ന പേരില്‍ ഹുസൈന്‍ സെയ്ദിയുടെ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചത് തൃശൂര്‍ കറന്റ് ബുക്സ്. വിവര്‍ത്തനം നിര്‍വഹിച്ചത് പി.കെ.ശ്രീനിവാസനും ഡോ. ആര്‍. രഘുനാഥനും. മുംബൈ മാഫിയയുടെ ആറ് ദശകങ്ങളുടെ കുപ്രസിദ്ധമായ ചരിത്രം. പുസ്തകത്തിന് രണ്ടാം ഭാഗവും ഉണ്ടായി – ബെക്കുള ടു ബാങ്കോക്ക് എന്ന പേരില്‍. മുംബൈ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് അസംതൃപ്തരായ യുവാക്കള്‍ എങ്ങനെ അസംതൃപ്തരായി എന്നും അധോലോകത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടെന്നുമാണ് ബെക്കുള ടു ബാങ്കോക്കില്‍ സെയ്ദി പറയുന്നത്. 

 

English Summary : Dongri To Dubai : Six Decade of The Mumbai Mafia by Hussain Zaidi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com