ADVERTISEMENT

മാർട്ടിൻ സ്കോർസീസിന്റെ ദി ഐറിഷ്മാൻ മൂന്നര മണിക്കൂർ സിനിമയാണ്. വർഷാന്ത്യത്തിൽ, ഇതിനൊപ്പം നോവാ ബോംബാക്കിന്റെ ദ് മാര്യേജ് സ്റ്റോറിയും കണ്ടു.വിവാഹമോചനത്തിലെ വേദനാജനകമായ അനുഭവങ്ങളാണു ബോംബാക്കിന്റെ സിനിമ. പരസ്പരം അഗാധമായി പ്രേമിച്ചിരുന്ന രണ്ടുപേർക്കിടയിൽ എന്തുകൊണ്ടു വിവാഹമോചനം സംഭവിക്കുന്നു? മനസ്സിന്റെ കാര്യം വരുമ്പോൾ ഒന്നും യുക്തിഭദ്രമല്ല. വികാരങ്ങൾ എല്ലാത്തരം യുക്തിയെയും അവഗണിക്കുകയും ചെയ്യുന്നു. എന്തിനാണു നിങ്ങൾ ഇത്രയേറെ സ്നേഹിക്കുന്നത്, എങ്ങനെയാണ് ഈ വഞ്ചനയ്ക്കു സന്നദ്ധമായത് എന്നൊന്നും വിശദീകരിക്കുക സാധ്യമല്ല. ലീയർ രാജാവ് തനിക്കു പെൺമക്കളോടും അവർക്കു തന്നോടുമുളള സ്നേഹത്തെ വിലയിരുത്തുന്നതിൽ ദയനീയമായി പരാജയപ്പെടുന്നതു പോലെ, ദമ്പതികളും പരസ്പരസ്നേഹത്തിന്റെ സ്വഭാവം വിലയിരുത്തുന്നതിൽ പരാജയമാണ്. ഷെയ്ക്സ്പിയർ, ദുരന്തത്തിന്റെ മുഴുവൻ സഹതാപവും ലീയർ രാജാവിനു നൽകിയതു പോലെ, ബോംബാക് വിവാഹമോചനത്തിന്റെ ഭാരമത്രയും പുരുഷനാണു നൽകുന്നതെന്നു കാണാം. 

 

ഉദാഹരണത്തിന്, അകന്നു ജീവിക്കുമ്പോഴും അവൻ തന്റെ മുടി വെട്ടിക്കാൻ അവളുടെ അടുക്കലാണു ചെല്ലുന്നത്. കാരണം, അവളാണതു ചെയ്തുകൊണ്ടിരുന്നത്. അവൾ തന്നെയും അവനോടു പറയുന്നു, നിന്റെ മുടി മറ്റൊരാൾ വെട്ടിയിട്ടു ശരിയായിട്ടില്ല. ഷൂവിന്റെ ലേസ് കെട്ടാനും അയാൾക്കു ശരിക്കറിയില്ല. എന്നാൽ അവൾ അവനെ എന്തെല്ലാം കാര്യത്തിനാണ് ആശ്രയിച്ചിരുന്നതെന്ന് നാം അറിയുന്നില്ല. 

 

"നിന്നെ ഉപേക്ഷിക്കുമ്പോൾ 

എന്റെ കവിത ലളിതമാകുമോ? 

ഞാനേ കല്ലിക്കുമോ?"

ezhuthumesha-web-the-irish-man-movie

എന്ന് അമ്മുദീപയുടെ കവിതയിൽ.

 

കുടുംബക്കോടതിയിലെ അഭിഭാഷകയിലൂടെ സ്ത്രീപക്ഷചിന്തകൾ പൊട്ടിത്തെറിയായി പുറത്തേക്കു വരുന്ന ഒരു സന്ദർഭമുണ്ട്. അതൊഴിച്ചാൽ, നായകനോടു സഹതാപം ബാക്കിയാക്കി, അവന് ഒരു പ്രതീക്ഷ ബാക്കിവച്ചു സിനിമ അവസാനിപ്പിക്കാനേ സംവിധായകനു മനസ്സ് വന്നുള്ളു. കാരണം സ്വന്തം വിവാഹമോചന വേദനകൾ പങ്കിടുകയാണ് ബോംബാക് സിനിമയിലൂടെ ചെയ്തത്. ഈ സിനിമയെപ്പറ്റിയുള്ള സംസാരങ്ങൾക്കിടെ വിവാഹമോചനം പ്രമേയമാക്കി എത്രയെല്ലാം സിനിമകൾ വന്നിരിക്കുന്നു, എന്താണു പുതുമ എന്ന ചോദ്യം കേട്ടു.  വിവാഹമോചിതരുടെ മക്കൾ വേർപിരിയലുകളോട് അതീവ സംവേദനക്ഷമത പ്രകടിപ്പിക്കുമെന്നു പറയാറുണ്ട്. സ്വന്തം മാതാപിതാക്കളുടെ വിവാഹമോചനത്തെപ്പറ്റി 15 വർഷം മുൻപ് ദ് സ്ക്വിഡ് ആൻഡ് വെയ്ൽ (2005) എന്ന സിനിമ എടുത്തശേഷം അതേ പ്രമേയത്തിലേക്കു സംവിധായകൻ വീണ്ടും മടങ്ങുമ്പോഴാണ്, വേദനകൾക്കും സ്വഭാവ വ്യതിയാനമുണ്ടെന്നു നാം മനസ്സിലാക്കുക. എന്നും ഒരേ വേദന കൊണ്ടല്ല നാം ജീവിക്കുക. എന്നും ഒരേ കാലുഷ്യമല്ല നാം കൊണ്ടുനടക്കുക.

ezhuthumesha-web-column-book

പെണ്ണുങ്ങൾ പോകാത്ത, പാപികളായ പുരുഷന്മാരുടെ ലോകമാണ് ഐറിഷ്മാനിലുള്ളത്. 1950-60കളിലെ അമേരിക്കൻ നാഗരികതയുടെ അധോലോകം. ചില രംഗങ്ങളിൽ നിഴലുകൾ പോലെ കടന്നുപോകുന്ന പെണ്ണുങ്ങളാകട്ടെ, ആണുങ്ങളുടെ ലോകത്തിരുന്നു സിഗരറ്റ് വലിക്കുകയോ ടിവി കാണുകയോ മാത്രം ചെയ്യുന്നു. രാഷ്ട്രീയത്തിലോ കുറ്റകൃത്യങ്ങളിലോ അവർ പങ്കാളികളാകുന്നില്ല.

 

സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഹിറ്റ്മാൻ  ഫ്രാങ്കിനു(റോബർട് ഡി നീറോ) മൂന്നു പെൺമക്കളുണ്ട്. അവരിലൊരാൾ അയാളുടെ തിന്മകളുടെ ഏറ്റവും വലിയ എതിരാളിയാണ്. പക്ഷേ ആ കഥാപാത്രത്തിനു ഡയലോഗുകൾ ഇല്ല. ആത്മസുഹൃത്തായ ജിമ്മി ഹോഫയെ (അൽ പാച്ചിനോ) ചതിയിൽ വധിച്ചു ദിവസങ്ങൾക്കുശേഷം, ജിമ്മിയുെട ദുരൂഹമായ തിരോധാനം സംബന്ധിച്ച വാർത്ത മക്കൾക്കൊപ്പമിരുന്നു ഫ്രാങ്ക് കേൾക്കുന്നു. ജിമ്മിയുടെ ഭാര്യയെ ഇതുവരെ വിളിക്കാനായില്ലെന്ന ഫ്രാങ്കിന്റെ വാക്കുകളിൽനിന്ന് അരുതാത്തതു സംഭവിച്ചതായി മകൾക്കു മനസ്സിലാകുന്നു.  വഞ്ചനയുടെ ഭയാനകതയ്ക്കു മുന്നിൽ സ്തബ്ധയായി "വൈ?" എന്നു മാത്രം ചോദിച്ച് അവൾ, പിന്നീടങ്ങോട്ട് ഫ്രാങ്കിനോട് ഒന്നും മിണ്ടുന്നില്ല. വർഷങ്ങൾക്കുശേഷം ഊന്നുവടിയിൽ അയാൾ, അവളുടെ ജോലിസ്ഥലത്തു ചെല്ലുന്നുണ്ട്. അവൾ അലിയുന്നില്ല. ഒടുവിൽ മരണത്തിനായി പാതിവാതിൽ ചാരി, വീൽച്ചെയറിൽ കാത്തിരിക്കുമ്പോൾ അയാളെ കുറച്ചെങ്കിലും അലട്ടുന്നതു മകളുടെ തിരസ്കാരമാണ്. 

 

പിതാവിന്റെ പാപങ്ങൾക്കെതിരെ ഒച്ചയുയർത്താൻ സ്കോർസീസ് എന്തുകൊണ്ടു ആ സ്ത്രീയെ അനുവദിച്ചില്ല എന്നു ചില വിമർശകർ ചോദിക്കുന്നുണ്ട്. അത് കഥ സംഭവിക്കുന്ന 1950കളുടെ മാത്രമല്ല, എല്ലാക്കാലത്തെയും പുരുഷന്മാരുടെ പരിമിതിയാണെന്നും കരുതാം. മനുഷ്യാസ്തിത്വത്തിന്റെ എല്ലാ വ്യഥകളും തന്റേതു മാത്രമാണെന്നു കരുതുന്ന സ്വഭാവം പുരുഷന് ഉപേക്ഷിക്കാവില്ല.

അമ്മുദീപയുടെ മറ്റൊരു കവിത വായിക്കാം-

 

ഞാൻ എടയ്ക്കൽ ഗുഹ

നീ ഗവേഷകൻ

എന്റെ പ്രാക്തന ലിഖിതങ്ങളെ

നീ തെറ്റുകളോടെ ഉച്ചരിക്കുന്നു.

നീ ഖജുരാഹോ

ഞാൻ സന്ദർശക

നിന്റെ മെരുങ്ങാത്ത കൊത്തുപണികളെ

മിടിപ്പുകളോടെ ഞാൻ മിഴിച്ചുനോക്കുന്നു.

 

എടയ്ക്കൽ ഗുഹയും ഖജുരാഹോയും തമ്മിലുള്ള വൈരുദ്ധ്യത്തിലൂടെ ആദിമകാലം മുതൽ ഇപ്പോൾ വരെയും ആവിഷ്കാരങ്ങളിലെ സ്ത്രീപുരുഷ ഭിന്നത എന്താണെന്നു ഈ വരികളിൽ കാണാം. യാഥാർഥ്യങ്ങൾ മാത്രമല്ല, ഭാവനയുടെ ലോകവും ഭിന്നതകളുടേതുകൂടിയാണ്. അവിടെയും നമ്മുടെ ഭിന്നതകളുടെ സമരം തുടരുന്നുവെന്നാണു സത്യം. 

 

English Summary : Ezhuthumesha Column - We are divided even in thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com