ADVERTISEMENT

പുത്തൻ പ്രതീക്ഷകളുമായി പുതുവർഷപ്പുലരി വന്നെത്തുകയാണ്. നമ്മുടെ ജീവിതത്തെ പലതിനോടും നാം ഉപമിക്കാറുണ്ട്. അതൊരു നിരന്തര പോരാട്ടമായിട്ടാണ് ചിലർ ചിത്രീകരിക്കുന്നത്. മറ്റുചിലർ ഒരു തീർത്ഥയാത്രയായിക്കാണുന്നു. ഈ ഭാവന തികച്ചും യുക്തി ഭദ്രമാണ്. ഓരോ വർഷം കഴിയുന്തോറും ജീവിതത്തിന്റെ ഒരു മൈൽക്കുറ്റി നാം കടക്കുകയാണ്. വർഷാരംഭത്തിൽ ആത്മശോധനയ്ക്കുള്ള അവസരവും പുനർസമർപ്പണത്തിനുള്ള സന്ദർഭവുമാണ്. ജീവിതം ഒരു യാത്രയാണെന്നുള്ള സങ്കൽപം വളരെ അർത്ഥവത്താണെന്നു തോന്നുന്നു. കേവലം പരിമിതമായ ലക്ഷ്യങ്ങളാണ് സാധാരണ യാത്രയിൽ നമുക്കുള്ളത്. എന്നാൽ ജീവിതയാത്ര അങ്ങനെയല്ല. മഹത്തായ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് നാം ജീവിതയാത്ര തുടരുന്നത്. 

 

പുതിയ ഒരു സ്ഥലത്തു കുടിയേറി പാർക്കുകയോ പുതിയ സ്ഥലം സന്ദർശിക്കുകയോ ചെയ്യുമ്പോൾ നാം ആ സ്ഥലത്തെക്കുറിച്ചു നന്നായി അറിയാൻ ആഗ്രഹിക്കുന്നു. ആ യാത്രയിൽ നമുക്കുണ്ടാകുന്ന അപകടങ്ങളും അശ്രീകരങ്ങളും മനസ്സിലാക്കി അവയെ തരണംചെയ്തു ലക്ഷ്യം നേടുവാൻ എങ്ങനെ പെരുമാറണമെന്നും മുൻകൂട്ടി നാം നിശ്ചയിക്കും. ഭൗമികമായ ഒരു യാത്രയ്ക്ക് ഇതുപോലുള്ള മുൻകരുതലുകൾ നാം നടത്തുന്നുവെങ്കിൽ നമ്മുടെ ജീവിതമെന്ന പ്രയാണം എത്രയോ മുൻകരുതലോടും സൂക്ഷ്മതയോടുമാണ് നാം നടത്തേണ്ടത്. അജ്ഞാതമായ ജീവിതയാത്രയിൽ ലക്ഷ്യം കണ്ടെത്തുവാൻ നിരന്തരം നമുക്കു ജാഗ്രതയുണ്ടായിരിക്കണം. ലോകസാധാരണമായ യാത്ര നടത്തുമ്പോൾ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറെയൊക്കെ മുൻകൂട്ടി കാണാനാവും. നമ്മുടെ പരിചിതരായ അനുഭവസ്ഥരിൽനിന്നു കുറെയെല്ലാം മനസ്സിലാക്കാം. എന്നാൽ ജീവിതയാത്രയെ സംബന്ധിച്ച് എങ്ങനെയാണു നാം മനസ്സിലാക്കുക? എവിടെനിന്നാണ് ആ അലൗകികജ്ഞാനം കൈവരിക്കുക?

 

ജീവിതത്തിൽ നാം നേടേണ്ട മഹത്തായ ലക്ഷ്യം നമുക്കു പകർന്നുതരുന്നത് മതഗ്രന്ഥങ്ങളാണ്. ദൈവദർശനം പ്രാപിച്ച മഹത്തുക്കളുടെ സാക്ഷ്യം ആമുദ്രീതമാക്കി തലമുറകൾക്കു പകർന്നുതന്നിട്ടുള്ളതാണ് മതദർശന ഗ്രന്ഥങ്ങൾ. അവ നമുക്കു ജീവിതയാത്രയിൽ അവലംബം നൽകുന്നു. മഹത്തായ ലക്ഷ്യം നേടുവാൻ മാർഗദീപങ്ങളായി വിശുദ്ധ ഗ്രന്ഥങ്ങൾ പ്രശോഭിക്കുന്നു. ഈശ്വരൻ എന്ന പരമമായ ലക്ഷ്യം വിസ്മരിച്ച് നാം എത്രതന്നെ അദ്ധ്വാനിച്ചാലും വിജയം ഉണ്ടാവുകയില്ല. ക്ലേശപൂർണമായ വഴിയാത്ര നാം ചെയ്യുന്നു. പക്ഷേ, മുൻപോട്ടോ പിൻപോട്ടോ എവിടേക്കാണെന്നു മനസ്സിലാക്കാനോ യഥാർത്ഥ ലക്ഷ്യത്തിലെത്താനോ സാധ്യമാകുന്നില്ല. ദിവ്യവചനങ്ങൾ നമുക്കു മാർഗദീപമായിരിക്കുന്നു എന്നു മാത്രമല്ല, യാത്രയ്ക്കുള്ള പ്രചോദനവും ഊർജവും പകർന്നുതരുന്നു.

 

മൽസരത്തിനായി ദീർഘഓട്ടം നടത്തുമ്പോൾ മൽസരിക്കുന്നവർ ഓട്ടക്കളത്തിനു പലപ്രാവശ്യം പ്രദക്ഷിണം വയ്ക്കുന്നു. അവസാനത്തെ റൗണ്ട് ഓടി ആദ്യമെത്തുന്നയാൾക്കു തൊടുവാൻ ഒരു ചരടു പിടിച്ചിരിക്കും. ചരടു പിടിച്ചിട്ടുള്ളവർ ചരടുമായി അപ്രത്യക്ഷരായാലോ? ഓടുന്നവർക്ക് ഒരിക്കലും ചരടിൽ തൊടാൻ കഴിയാതെ, വീണ്ടും വീണ്ടും ഓടിയോടിത്തളർന്ന് അവർ നിലംപതിക്കും. ദൈവമെന്ന പരമമായ ലക്ഷ്യം വിഗണിച്ചുകൊണ്ട് ജീവിതയാത്ര ചെയ്യുന്നവരും ഇപ്രകാരമാണ്. ദൈവം നമ്മിൽ വസിക്കുകയും നമ്മെ നയിക്കയും നിയന്ത്രിക്കയും, അതുവഴി നമുക്കു സംതൃപ്തി ലഭിക്കുകയും ചെയ്യുന്നില്ല എങ്കിൽ നമ്മുടെ ക്ലേശങ്ങളും  ജീവിതയാത്രയും നിരർത്ഥകമാണ്. ആഴക്കടലിൽ ദീപസ്തംഭം കാണാതെ തുഴയുന്നവരാണ് നാം. ദൈവം എന്ന ഏകലക്ഷ്യം മുൻനിർത്തി നമ്മുടെ ജീവിതയാത്ര സാർത്ഥകമാക്കാൻ ഓരോ മതവും അനുയായികളെ ഉദ്ബോധിപ്പിക്കുന്നു. 

 

ദൈവദർശനം കൊണ്ട് ധന്യനായ സങ്കീർത്തകന്റെ ഉദ്ബോധനം ബൈബിളിൽ ആമുദ്രിതമായിട്ടുള്ളതു ശ്രദ്ധിക്കുക. ‘‘ദൈവം ഭവനം പണിയുന്നില്ലെ‌ങ്കിൽ പണിക്കാരുടെ പ്രയത്നം നിഷ്ഫലമാകുന്നു. കർത്താവു നഗരം കാക്കുന്നില്ല എങ്കിൽ കാവൽക്കാരുടെ ഉറക്കൊഴിവും നിരർത്ഥകമാകുന്നു. ആഹാരത്തിനുവേണ്ടി ഒരുവൻ പണിപ്പെടുമ്പോൾ, നേരത്തേ ഉണരുന്നതുകൊണ്ടോ, താമസിച്ച് ഉറങ്ങുന്നതുകൊണ്ടോ ഫലമില്ല. തനിക്കു പ്രിയപ്പെട്ടവർ ഉറങ്ങുമ്പോഴും ദൈവം അവർക്കു വിഭവങ്ങൾ ഒരുക്കുന്നു.’’ (സങ്കീ. 127)

 

വർഷാരംഭത്തിൽ ചില തീരുമാനങ്ങൾ എടുക്കുന്നത് ഉചിതമായിരിക്കും. പ്രഭാതത്തിൽ എന്നും ദൈവസമക്ഷം ചെലവിട്ട് ആ ദിവസത്തെ പ്രവർത്തനപരിപാടികൾ സമർപ്പിച്ച് ദിവ്യപരിപാലനം അപേക്ഷിക്കുക. അന്ന് ഉറങ്ങുന്നതിനു മുമ്പായി ആ ദിവസത്തെ നടപടികൾ അവലോകനം നടത്തി, ലഭിച്ച കൃപകൾക്കായി സ്തുതി അർപ്പിക്കുക. പരാജയങ്ങൾ സംഭവിച്ചതിനും തെറ്റുകൾ വരുത്തിയതിനും മാപ്പപേക്ഷിക്കുക. ഇങ്ങനെ അനുദിനം ദൈവസമക്ഷം മുടങ്ങാ‌തെ കടന്നെത്തി സജീവബന്ധം പുലർത്തുമെന്നതു തീരുമാനമായിത്തീരട്ടെ. ജീവിതയാത്ര ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ക്ലേശകരമായേക്കാം. പക്ഷേ, ആ യാത്ര ഹൃദ്യവും മനോഹരവും സന്തുഷ്ടവും ലക്ഷ്യനിഷ്ഠവുമാക്കിത്തീർക്കാൻ ദൈവത്തിൽ ഹൃദയം അർപ്പണം ചെയ്തവർക്കു കഴിയും. ആ അനുഭവം ഏവർക്കും കൈവരട്ടെ എന്നാശംസിക്കുന്നു.

 

English Summary : Innathe Chintha Vishayam - Sunday Meditation Column by T.J.J

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com