പുസ്തകത്താളിൽനിന്ന് വെള്ളിത്തിരയിലേക്ക്; മലയാളി കാത്തിരുന്ന സിനിമകൾ

aadujeevitham-movie-poster
പ്രതീകാത്മക ചിത്രം
SHARE

അടുത്തകാലത്ത് മലയാളിയെ ഇത്രയധികം സങ്കടപ്പെടുത്തിയ കഥാപാത്രം നജീബിനെ പോലെ വേറെയുണ്ടായിട്ടില്ല. ആടുജീവിതം എന്ന നോവലിലൂടെ ബെന്യാമിൻ മലയാളിയുടെ ജീവിതത്തിലേക്കു കൊണ്ടുവന്ന നജീബിന്റെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്.

ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിൽ നായകനാകുന്നത് പൃഥ്വിരാജ് ആണ്. മലയാള സിനിമയുടെ പതിവ് അതിരുകളെല്ലാം ഭേദിക്കുന്ന രീതിയിലാണ് ബ്ലസി ആടുജീവിതം ഒരുക്കുന്നത്. അമല പോളാണ് നായിക. എ.ആർ. റഹ്മാനാണ് സംഗീതമൊരുക്കുന്നത്. മണലാരണ്യത്തിന്റെ വന്യതയും നജീബിന്റെ നിസ്സഹായതയുമെല്ലാം ബ്ലസി എങ്ങനെ ആവിഷ്ക്കരിക്കുന്നു എന്നുനോക്കിയിരിക്കുകയാണ് ആടുജീവിതം വായിച്ച മലയാളികളെല്ലാം.

ഏറെക്കാലത്തെ തയാറെടുപ്പിനു ശേഷമാണ് ബ്ലസി ആടുജീവിതത്തിന്റെ ചിത്രീകരണം തുടങ്ങിയത്. ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ആടുജീവിതം നൂറുപതിപ്പു പിന്നിട്ടിട്ടും വായനക്കാർ ഇപ്പോഴും തേടിയെത്തുകയാണ്. മലയാളിയുടെ പ്രവാസ ജീവിതം ഇത്രയധികം യാഥാർഥ്യത്തോടെ ആവിഷ്ക്കരിച്ച സാഹിത്യസൃഷ്ടി വേറെയുണ്ടായിട്ടില്ല. പ്രവാസിയുടെ ജീവിതത്തിന്റെ എല്ലാ ദൈന്യതയും നജീബിലൂടെ ബെന്യാമിൻ പറഞ്ഞിട്ടുണ്ട്.

സാഹിത്യസൃഷ്ടികൾ സിനിമയാക്കുമ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണ് മലയാളത്തിലുള്ളത്. മലയാള സിനിമയുടെ തുടക്കം മുതൽതന്നെ സിനിമയും സാഹിത്യവും തമ്മിൽ നല്ലൊരു ബന്ധം നിലനിന്നിരുന്നു. തകഴിയുടെ ചെമ്മീൻ എന്ന നോവൽ രാമു കാര്യാട്ട് സിനിമയാക്കിയപ്പോൾ ദേശീയ പുരസ്കാരം ലഭിച്ചതോടെ നല്ല സാഹിത്യസൃഷ്ടികളെല്ലാം സിനിമയാക്കുന്ന പ്രവണതയുണ്ടായി. സാഹിത്യസൃഷ്ടികളെ സിനിമയാക്കുന്നതിൽ സംവിധായകരും താരങ്ങളുമെല്ലാം പ്രത്യേകം താൽപര്യമെടുക്കാറുണ്ട്.

aadujeevitham-book-cover

മോഹൻലാലിനെ നായകനാക്കി എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്നുവെന്നു പ്രഖ്യാപിക്കപ്പെട്ട രണ്ടാമൂഴമാണ് മലയാളികൾ അടുത്തിടെ കാത്തിരുന്ന മറ്റൊരു പ്രധാന സിനിമ. ഭീമനായി സ്ക്രീനിൽ നിറയാൻ മോഹൻലാൽ ഒരുങ്ങിയെങ്കിലും സിനിമ സംവിധാനം ചെയ്യാനേറ്റിരുന്ന ശ്രീകുമാർ മേനോനും എംടിയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ആ പ്രോജക്ട് കോടതി കയറി. ഇപ്പോൾ സുപ്രീം കോടതിയിലെത്തിയ ‘രണ്ടാമൂഴം’ ഇനി എപ്പോൾ ചിത്രീകരണം തുടങ്ങുമെന്നു പറയാൻ കഴിയില്ല.

randamoozham-book-cover

ടി.പത്മനാഭന്റെ കടൽ ആണ് ഇതുപോലെ പ്രഖ്യാപിച്ച മറ്റൊരു ചിത്രം. ഷാജി എൻ. കരുൺ ആണ് സിനിമ സംവിധാനം ചെയ്യാമെന്നേറ്റിരുന്നത്. ജയാബച്ചൻ കടലിലെ അമ്മയുടെ വേഷം ചെയ്യാമെന്നേറ്റിരുന്നു. മോഹൻലാൽ ആയിരുന്നു ഇതിലും നായകനാകാൻ ഏറ്റിരുന്നത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു ഇതെങ്കിലും സിനിമ എന്നു തുടങ്ങുമെന്ന് സംവിധായകൻ ഇപ്പോഴും പറയുന്നില്ല.

writer-benyamin-and-director-blessy
ബെന്യാമിനും ബ്ലെസിയും

സി.വി. ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തകം’ സിനിമയാകാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചിട്ട് വർഷങ്ങളായി. സി.വി. ബാലകൃഷ്ണൻ തന്നെയാണ് ഇതിന്റെ സംവിധാനം നിർവഹിക്കാൻ പോകുന്നത്. ഒട്ടേറെ സിനിമകൾക്കു തിരക്കഥയെഴുതിയിട്ടുള്ള സിവിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘ആയുസ്സിന്റെ പുസ്തകം’. ഈ പുസ്തകത്തെ അവലംബമാക്കി സുവീരൻ നാടകമൊരുക്കിയപ്പോൾ വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. പിന്നീട് സുവീരൻ തന്നെ ഇതു സിനിമയാക്കാൻ താൽപര്യമെടുത്തിരുന്നു. പക്ഷേ, ആ പ്രോജക്ടും നടന്നില്ല.

പല സംവിധായരും താൽപര്യമെടുത്ത ശേഷം നടക്കാതെ പോയ പ്രോജക്ടായിരുന്നു ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’. മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് ആയിരുന്നു ഏറ്റവുമൊടുവിൽ ഖസാക്ക് സിനിമയാക്കാൻ ശ്രമിച്ചത്. അതും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങിപ്പോകുകയായിരുന്നു. കെ.ജി. ജോർജും മുൻപ് ഇങ്ങനെയൊരു സംരംഭവുമായി ഇറങ്ങിപ്പുറപ്പെട്ടിരുന്നു. പക്ഷേ, സംവിധായകർക്കൊന്നും പിടികൊടുക്കാതെ നിൽക്കുകയാണ് ഖസാക്കിന്റെ ഇതിവൃത്തവും ഭാഷയും.

എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സ്ക്രീനിലേക്കു പകർത്താൻ താൽപര്യം കാണിച്ചത് കമൽ ആയിരുന്നു. ഇതുസംബന്ധിച്ച് മുകുന്ദനും കമലും ധാരണയിലെത്തിയിരുന്നു. പ്രധാന കഥാപാത്രമായ ദാസനായി മുകുന്ദനു താൽപര്യം പൃഥ്വിരാജിനെയായിരുന്നു. കമലാദാസിന്റെ ജീവിതം സ്ക്രീനിലേക്കു പകർത്തിയതിനു ശേഷം കമൽ ചെയ്യാമെന്നേറ്റിരുന്ന ചിത്രമായിരുന്നു മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.

English Summary : Most awaited movies based on popular Malayalam fiction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA