ADVERTISEMENT

‘അപരൻ എന്ന ആദ്യചിത്രത്തിൽ എനിക്കൊപ്പം അശ്വതിയും അഭിനയിച്ചിട്ടുണ്ട്. അന്നുതൊട്ടുതന്നെ എന്റെ ജീവിതയാത്രയിൽ കൂടെക്കൂട്ടാവുന്ന പങ്കാളിയാണിത് എന്ന് ഏതോ അപരശബ്ദം എന്റെയുള്ളിൽ പറഞ്ഞിരുന്നു. പക്ഷേ, ഊതിക്കാച്ചിക്കൊണ്ടിരുന്നതല്ലാതെ പൊന്നുരുക്കി മാലയിടാൻ  ധൈര്യമുണ്ടായില്ല. അപരൻ എന്ന ചിത്രത്തിനു പിന്നാലെ ഞങ്ങൾ ഒരുമിച്ചും അല്ലാതെയും നാലഞ്ചു സിനിമകൾ ചെയ്തു കഴിഞ്ഞു. അപരനിൽ തോന്നിയ ഇഷ്ടം കൂടിക്കൂടി വന്നുകൊണ്ടിരുന്നു. എന്നാൽ അപ്പോഴൊന്നും പറയാൻ തോന്നിയില്ല. അല്ലെങ്കിൽ പറയാനുള്ള നല്ലൊരു അവസരം ഒത്തുവന്നില്ല. പുതിയ കരുക്കൾ എന്ന ചിത്രത്തിലേക്ക് തമ്പി കണ്ണന്താനം എന്നെ ക്ഷണിക്കുമ്പോൾ ഒരു ചോദ്യം മാത്രമാണ് ഞാൻ ചോദിച്ചത്: ‘ആരാണ് നായിക?’ അശ്വതിയാണ് എന്നറിഞ്ഞപ്പോൾ ഞാൻ ഡേറ്റു നൽകി. മറ്റൊരു സന്തോഷം കൂടിയുണ്ടായിരുന്നത് തേക്കടിയിലാണ് ഷൂട്ടിങ് എന്നറിഞ്ഞപ്പോഴാണ്. തേക്കടിയിലേക്ക് ഞാൻ അതുവരെയും പോയിട്ടുണ്ടായിരുന്നില്ല. കാടിന്റെ വന്യ മനോഹാരിതയിൽ നാല്‍പതു ദിവസത്തോളം കഴിയാനുള്ള അവസരം കൂടിയായി ഞാനതിനെ എടുത്തു. 

 

malayalam-actor-jayam-and-family
മാളവിക, ജയറാം, പാർവതി, കാളിദാസൻ (ഫയൽ ചിത്രം)

ഡിസംബറിലെ ആ തണുത്ത ദിനങ്ങളിൽ ആരണ്യനിവാസിൽ താമസിച്ചുകൊണ്ട് ഷൂട്ടിങ് ആരംഭിച്ചു. അശ്വതിയെ എല്ലാ ദിവസവും കാണുന്നുണ്ടെങ്കിലും പറയാനുള്ള ഒരവസരം കിട്ടിയില്ല. ക്രിസ്മസിന്റെ തലേദിവസം, അതായത് ഡിസംബർ 23 ന് വൈകിട്ട് ഷൂട്ടിങ് തുടരുന്നതിനിടയിൽ തമ്പി കണ്ണന്താനത്തോട് ഞാൻ എന്റെ ആഗ്രഹം അറിയിച്ചു. ‘സെറ്റിലുള്ള എല്ലാവരും ചേർന്ന് ഒരു ക്രിസ്മസ് കരോൾ സംഘടിപ്പിക്കണം’. ‘അയ്യോ, അതു പ്രശ്നമാകില്ലേ? ആൾക്കാരൊക്കെ കൂടി ആകെ അലമ്പാകും വേണ്ട.’ തമ്പി കണ്ണന്താനം പറഞ്ഞു. ‘ഒരു പ്രശ്നവുമില്ല. നമ്മളെല്ലാം ചേർന്ന് ക്രിസ്മസ് കരോൾ നടത്തുന്നു. ഒരു പത്തു വീടെങ്കിലും കയറി പൈസ പിരിക്കുന്നു. ആളുകൾ അറിഞ്ഞെത്തുമ്പോഴേക്കും കരോൾ അവസാനിപ്പിക്കുന്നു.’ തമ്പി കണ്ണന്താനത്തിന് മറുത്ത് എന്തെങ്കിലും പറയാനുള്ള അവസരം കൊടുക്കാതെ ഞാൻ പരിപാടി പ്ലാൻ ചെയ്തു കഴിഞ്ഞു. സെറ്റിലുള്ളവർക്കെല്ലാം സമ്മതം. ഡിസംബർ 23 ന് രാത്രി ഏകദേശം പത്തു മണി കഴിഞ്ഞു കാണും. ഞങ്ങളെല്ലാവരും ക്രിസ്മസ് കരോളുമായി പോകാൻ ഒരുങ്ങി നിന്നു. 

 

sapthavarnachirakukal-veeshi-parannu-parannoru-yathra

ക്രിസ്മസ് പാപ്പയായി അശ്വതിയായിരുന്നു വേഷമിട്ടത്. ചെണ്ടയുമായി ഞാനും. ഒരുങ്ങിപ്പുറപ്പെടാൻ ഭാവിക്കുന്നതിനിടെ പാട്ടും മേളവുമായി ബഹളമയമായി മാറിയ ആ വേളയിൽ, തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് മാനത്തുദിച്ച നക്ഷത്രത്തെ സാക്ഷിനിർത്തി, സ്നേഹത്തിന്റെ പ്രതീകമായ ക്രിസ്മസ് പാപ്പയുടെ വേഷത്തിൽ നിൽക്കുന്ന അശ്വതിയുടെ അടുത്തെത്തി ആ ആൾക്കൂട്ടിനിടയിൽ നിന്നു ഞാൻ എന്റെ പ്രണയം പറഞ്ഞു. മുഖംമൂടി ഉയർത്തി അശ്വതി എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി. അശ്വതിയുടെ മുഖത്ത് അപ്പോൾ ആ നക്ഷത്ര വെളിച്ചം പ്രതിഫലിച്ചു കണ്ടു. ഞാൻ എന്റെ ചെണ്ടയിൽ ആഞ്ഞു കൊട്ടി ‘സന്തോഷസൂചകമായി തന്നതെല്ലാം സ്വീകരിച്ച് ബാലകരാം ഞങ്ങളിതാ പോകുന്നേ....’ പാട്ടുംപാടി മെറി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് സന്ദേശങ്ങളുരുവിട്ട് ഞങ്ങൾ ഭവനപ്രദക്ഷിണമാരംഭിച്ചു. പറഞ്ഞതു പോലെ പത്തു വീടുകളിൽ കയറിക്കാണണം. അപ്പോഴേക്കും സിനിമാക്കാർ കരോളുമായി വരുന്നു എന്നറിഞ്ഞ നാട്ടുകാർ ചുറ്റും കൂടാൻ തുടങ്ങി. അതോടെ ഞങ്ങൾ കരോൾ പിരിഞ്ഞ് ആരണ്യ നിവാസിലേക്കെത്തി.

 

ആ ക്രിസ്മസ് രാവിൽ ഞങ്ങൾ പരസ്പരം ഞങ്ങളുടെ പ്രണയം തുറന്നു പറഞ്ഞു. പരസ്പരം വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് മുൻതൂക്കം നൽകി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനായി ശ്രമിക്കാമെന്ന് സ്വയം ഇരുവരും ബോധ്യപ്പെടുത്തി. ഞങ്ങൾ പരസ്പരം സ്നേഹിച്ചു തുടങ്ങിയത് അന്നു മുതലായിരുന്നു. 1988 ഡിസംബർ 23. ഈ ദിവസം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിത്തീരുകയായിരുന്നു. പുതുതലമുറ ഫെബ്രുവരി 14 പ്രണയദിനമായി കൊണ്ടാടപ്പെടുമ്പോഴും ഞങ്ങളുടെ പ്രണയദിനം ഡിസംബർ 23 ആണ്. ഇന്നും അത് മുടക്കമില്ലാതെ ഞങ്ങൾ ആഘോഷിക്കുന്നുണ്ട്. തുടർന്ന് ഞങ്ങൾ ഒരുമിച്ച് വീണ്ടും സിനിമകൾ ചെയ്തു. ആ ലൊക്കേഷനുകളൊക്കെ ഞങ്ങൾ പ്രണയയാത്രകളുടെ വേദിയായി പങ്കിടുകയായിരുന്നു. 

 

പരസ്പരവിശ്വാസത്തിലധിഷ്ഠിതമായ ജീവിതയാത്രകളെക്കുറിച്ചാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. പ്രണയത്തിന്റെ തീവ്രത വിവാഹത്തിന് ഒരു വർഷം മാത്രമേ നീളമുണ്ടാകൂ. അതുകൊണ്ട് ആവേശമല്ല, വിവേകമാണ് വേണ്ടത് എന്ന തിരിച്ചറിവുണ്ടായിരുന്നു. വിവാഹശേഷം സിനിമയിലേക്കില്ലെന്ന തീരുമാനം അശ്വതിയുടേതായിരുന്നു. അശ്വതിയുടെ ശരിയാണ് അശ്വതിയുടെ സ്വാതന്ത്ര്യം. അതുപോലെ തന്നെ എനിക്കും എന്നൊരു പരസ്പരവിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു.  വിവാഹത്തിനുശേഷം എവിടെയൊക്കെ പോകണം എന്നതായിരുന്നു ഞങ്ങൾ പിന്നീട് പ്ലാൻ ചെയ്തുകൊണ്ടിരുന്നത്. അമേരിക്കയിലേക്കാണ് ആദ്യം പോകേണ്ടതെന്ന് ഇരുവരും ചേർന്നെടുത്ത തീരുമാനമായിരുന്നു. ഏഴു കടലും കടന്ന് നമുക്കൊരുമിച്ച് ആദ്യമായി അമേരിക്കയിൽ പോകണം. രണ്ട് സ്ഥലത്തിരുന്നാണെങ്കിലും ആ യാത്രയെ ഞങ്ങൾ ഒരു പോലെ സ്വപ്നം കണ്ടു. 

 

സപ്തവർണ്ണച്ചിറകുകൾ വീശി പറന്നു പറന്നൊരു യാത്ര ശുഭയാത്ര (യാത്രാവിവരണം)

ജയറാം 

മനോരമ ബുക്സ്

വില 240

പുസ്തകം ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Sapthavarnachirakukal Veeshi Parannu Parannoru Yathra - Shubayathra by Jayaram - Manorama Books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com