ADVERTISEMENT

മൂന്നുപേർ സംഭാഷണത്തിലാണ്. ആദ്യത്തെയാൾ ചോദിച്ചു – സ്വപ്നത്തിൽ ഒരുകോടി രൂപ ലഭിച്ചാൽ ഞാൻ ലോകം മുഴുവൻ ചുറ്റിക്കറങ്ങും; നിങ്ങളോ? രണ്ടാമൻ പറഞ്ഞു – സമ്പാദ്യമുണ്ടാക്കാൻ വേണ്ടി യാത്ര ചെയ്തു ഞാൻ മടുത്തു. അതുകൊണ്ട് പണം കിട്ടിയാൽ ഞാൻ വീട്ടിൽത്തന്നെ വിശ്രമിക്കും. മൂന്നാമൻ പറഞ്ഞു – ഞാൻ വീണ്ടും കിടന്നുറങ്ങും. ഒരു സ്വപ്നം കൊണ്ട് ഒരുകോടി കിട്ടുമെങ്കിൽ ഒരു സ്വപ്നംകൂടി കണ്ടാൽ രണ്ടു കോടി കിട്ടുമല്ലോ!

ഭാവനകളെ താലോലിച്ചാണു ഭൂരിഭാഗം ആളുകളും സംതൃപ്തി കണ്ടെത്തുന്നത്. 

 

ഭാവനകൾക്കു പരിധിയും പണം മുടക്കും ഇല്ലല്ലോ. ആയിത്തീരണമെന്നും ചെയ്തു തീർക്കണമെന്നും ആഗ്രഹിച്ച എന്തെല്ലാം കാര്യങ്ങൾ ഇപ്പോഴും ഭാവനയിൽത്തന്നെ ഉറങ്ങുന്നുണ്ടാകും. സ്വപ്നം കാണുന്നതു തെറ്റല്ല; കണ്ട സ്വപ്നങ്ങളെ അവിടെത്തന്നെ ഉറക്കിക്കിടത്തുന്നതാണു തെറ്റ്.

എങ്ങനെയെങ്കിലും ഒരദ്ഭുതം സംഭവിച്ചു ജീവിതം മെച്ചപ്പെടാൻ കാത്തിരിക്കുന്നവരുണ്ട്. അവരുടെ ഏക ആശ്വാസം ഇടയ്ക്കിടെ സ്വപ്നംകണ്ടു ചാരിതാർഥ്യമടയുക എന്നതാണ്. നടക്കാതെ പോകുന്ന കാര്യങ്ങളെ മനസ്സിലിട്ടു താലോലിക്കാനുള്ള മാർഗമാകരുത് സ്വപ്നം. നടത്തിയെടുക്കേണ്ട കാര്യങ്ങൾക്ക് ഊർജം പകരുന്ന പണിശാലകളാകണം ഓരോ സ്വപ്നാടനവും.

 

കണ്ട സ്വപ്നങ്ങളും പങ്കുവച്ച സ്വപ്നങ്ങളും കഴിവിന്റെയോ മികവിന്റെയോ അടയാളമല്ല. പൂർത്തീകരിക്കപ്പെട്ട സ്വപ്നങ്ങൾ മാത്രമാണ് ആർജവവും ആവേശവും വെളിവാക്കുന്നത്. വലിയ സ്വപ്നങ്ങളെക്കുറിച്ചു പറഞ്ഞുനടക്കുന്ന പലരും ചെറിയ കാര്യങ്ങൾ പോലും ചെയ്തു തീർക്കാത്തവരാണ്. കണ്ട സ്വപ്നങ്ങളുടെ എണ്ണത്തിനോ സൗന്ദര്യത്തിനോ ഒരു തെളിവുമില്ല. പൂർത്തീകരിച്ചതോ തുടങ്ങിയതോ ആയ പ്രവൃത്തികൾ മാത്രമേ, കാഴ്ചപ്പാടിന്റെയും കർമോത്സുകതയുടെയും അടയാളമായി അവശേഷിക്കൂ.

English Summary : Subadinam - Food for thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com