ADVERTISEMENT

രാജാവ് വേഷപ്രച്‌ഛന്നനായി നടക്കുമ്പോഴെല്ലാം മരച്ചുവട്ടിൽ ധ്യാനനിമഗ്നനായി ഇരിക്കുന്ന യുവാവിനെ കാണാറുണ്ടായിരുന്നു. രാജാവ് അയാളെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. അയാൾ ക്ഷണം സ്വീകരിച്ചു. രാജാവ് അയാൾക്കു കൊട്ടാരത്തിലെ എല്ലാ സൗകര്യങ്ങളും നൽകി. അയാൾ വിശുദ്ധനല്ലെന്നു രാജാവ് ഉറപ്പിച്ചു. അല്ലെങ്കിൽ ക്ഷണിച്ചപ്പോഴേ കൂടെപ്പോരില്ല; ഈ സൗകര്യങ്ങൾ ആസ്വദിക്കില്ല. നാളുകൾ കഴിഞ്ഞിട്ടും അയാൾക്കു തിരിച്ചുപോകാൻ ഭാവമില്ല.

ഒരു ദിവസം രാജാവ് അവനോടു ചോദിച്ചു: ‘നീയും ഞാനും തമ്മിലുള്ള വ്യത്യാസം എന്താണ്. നമ്മൾ രണ്ടും സുഖിച്ചു ജീവിക്കുന്നു’. അയാൾ രാജാവിനെയും കൂട്ടി പുറത്തിറങ്ങിയിട്ടു പറഞ്ഞു: ‘ഇതിനുത്തരം പറയാൻ രാജ്യത്തിന്റെ അതിർത്തിവരെ പോകണം’. രാജാവ് സമ്മതിച്ചു.

അതിർത്തിയിലെത്തിയപ്പോൾ യുവാവ് പറഞ്ഞു: ‘ഞാൻ ഇനിയും മുന്നോട്ടു പോകും. താങ്കൾക്കു വരാൻ കഴിയുമോ’. രാജാവ് നിഷേധിച്ചു: ‘അതെന്റെ സ്‌ഥലമല്ല, എനിക്ക് സ്വന്തമായി രാജ്യവും കുടുംബവും ഭരണസംവിധാനവും ഉണ്ട്. അതു വിട്ട് എനിക്കു വരാൻ പറ്റില്ല’. യുവാവ് പറഞ്ഞു: ‘ഇതാണ് നമ്മൾ തമ്മിലുള്ള വ്യത്യാസം. എനിക്ക് സ്വീകരിച്ചതുപോലെ തന്നെ ഉപേക്ഷിക്കാനും കഴിയും’.

അമിതമായ അടുപ്പം എന്തിനോടൊക്കെ പുലർത്തുന്നുവോ അതെല്ലാം അധികബാധ്യതയാകും. എന്തിനോടൊക്കെ അടുപ്പം പുലർത്തുന്നുവോ അതെല്ലാം ജീവിതത്തിന്റെ ആത്മാർഥതയും ദിശയും തീരുമാനിക്കും. അടുപ്പത്തിനിടയിലെ അകലവും അകലത്തിനിടയിലെ അടുപ്പവുമാണു ബന്ധങ്ങളുടെ മാസ്‌മരികത തീരുമാനിക്കുന്നത്. എന്തിനോടൊക്കെയാണോ അകലാൻ പറ്റാത്തത് അതെല്ലാം ആകർഷണ കേന്ദ്രങ്ങളാണ്. എന്തിനോടൊക്കെയാണോ അടുക്കാൻ പറ്റാത്തത് അവയെല്ലാം വികർഷണ കേന്ദ്രങ്ങളാണ്.

നഷ്‌ടപ്പെടും എന്ന് ഉറപ്പുള്ളവയോടു ഹസ്‌തദാനം നൽകി മുന്നോട്ടു പോകാൻ കഴിയുന്നവരാണു യഥാർഥ്യവുമായി എളുപ്പത്തിൽ പൊരുത്തപ്പെടുന്നത്. എന്തൊക്കെ നഷ്‌ടപ്പെട്ടാലും ആ നഷ്‌ടങ്ങളിൽ നിന്നുള്ള പാഠം നഷ്‌ടപ്പെടരുത്.

English Summary : Subadinam - Food for thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com