ADVERTISEMENT

സഞ്ചാരി ഒരു ഗ്രാമത്തിലെത്തി. ഒരു വയോധികൻ വഴിയോരത്തു വൃക്ഷത്തൈകൾ നടുന്നതു കണ്ടു. സഞ്ചാരി അദ്ദേഹത്തോടു ചോദിച്ചു – ഒരുപക്ഷേ, ഈ മരങ്ങൾ പാതിവളർച്ച എത്തുന്നതു പോലും കാണാനുള്ള ഭാഗ്യം താങ്കൾക്കുണ്ടായെന്നു വരില്ല. പിന്നെന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് ഇവ നടുന്നത്?

 

വയോധികൻ പറഞ്ഞു: ‘ഈ കാണുന്ന ചെടികളും മരങ്ങളുമെല്ലാം എന്റെ പൂർവികർ നട്ടതാണ്. ആര് ഇത് ആസ്വദിക്കുമെന്നു ചിന്തിക്കാതെയാണ് അവർ ഇതെല്ലാം ചെയ്തത്. ആർക്കെങ്കിലും ഉപകാരപ്പെടുമെന്ന് അവർ വിശ്വസിച്ചു. അതേ വിശ്വാസമാണ് എനിക്കുമുള്ളത്. ആരെങ്കിലും ഒരിക്കൽ ഇത് ആസ്വദിക്കും; നട്ടത് ആരെന്നറിയാതെ’.

 

ആരുമറിയാതെ ചെയ്യുന്ന സത്കർമങ്ങളുടെ അനന്തരഫലവും അനുഗ്രഹവും പതിന്മടങ്ങായിരിക്കും. തീർത്തും നിസ്സാരദൗത്യങ്ങളെപ്പോലും പർവതീകരിച്ച് പേരെഴുതി പ്രദർശിപ്പിച്ച് നന്മയുടെ പേറ്റന്റ് എടുത്തു പോകുന്നവരെക്കാൾ, അദൃശ്യമായി നിന്നവർ ചെയ്ത അദ്ഭുതപ്രവൃത്തികളാണ് സമൂലമാറ്റത്തിനു കാരണമായിട്ടുണ്ടാകുക. ചെയ്യുന്ന നന്മകളുടെ ശ്രേഷ്ഠത പ്രഘോഷിക്കാൻ പരസ്യവണ്ടികൾ പായുമ്പോൾത്തന്നെ ആ പ്രവൃത്തികളുടെ വിശുദ്ധി നഷ്ടപ്പെടും. 

 

സ്വീകരിക്കുന്ന സത്കർമങ്ങളുടെ ‘ഇരകളാകേണ്ടിവരുന്നവരും’ കുറവല്ല. മറ്റുള്ളവരുടെ ദാരിദ്ര്യവും വൈഷമ്യവും മുതലെടുത്ത്, ക്യാമറകൾ സാക്ഷിയാക്കി അവർക്കു വച്ചുവിളമ്പി സൽപേര് സമ്പാദിക്കുന്നതിലും ഭേദം അവരെ പട്ടിണി കിടക്കാൻ അനുവദിക്കുന്നതാണ്. സകല ജനങ്ങളെയും സാക്ഷിയാക്കി ആത്മാഭിമാനം വിറ്റു വയറുനിറയ്ക്കുന്നതിനെക്കാൾ വിശന്നു മരിക്കാനാകും അവർക്കിഷ്ടം.

ഒരാൾ തുടങ്ങി അയാളിൽ അവസാനിക്കുന്ന നന്മകൾക്കു താൽക്കാലിക പ്രസക്തി മാത്രമേ ഉണ്ടാകൂ. തുടങ്ങിവച്ച സൽപ്രവൃത്തികൾ തലമുറകളിലൂടെ തുടരുക തന്നെ വേണം.

 

English Summary : Subadinam - Food for thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com