sections
MORE

മമ്മൂട്ടിയുടെ തെറി, ഡ്രൈവറുടെ ചിരി: ഒരു പ്രഭാത കാഴ്ച

mammootty-jayaram-photo
SHARE

പണമില്ലാത്തവന്റെ വേദന നന്നായി അറിയാവുന്നത് സൈക്കിളിനു മാത്രമാണ്. ഇന്ധനം തീർന്നാൽ മറ്റു വാഹനങ്ങളൊക്കെ നിൽക്കും. പക്ഷേ, സൈക്കിളിന്റെ ഇന്ധനം ഓടിക്കുന്നവന്റെ ശരീരാഭ്യാസമാണല്ലോ! പ്രാഗിൽ പണമില്ലാത്ത നാളുകളിൽ നാണയത്തുട്ടുകളിട്ട് സൈക്കിളുമെടുത്ത് കറക്കമായിരുന്നു വിധി. അല്ലാത്ത സമയത്ത് അവിടെയുള്ള പാർക്കിൽ ചുറ്റിക്കറങ്ങും. പാർക്കിൽ ടൂറിസ്റ്റുകൾക്കു മാത്രമായി ഒരു പാതയുണ്ട്. അതിലൂടെ സൈക്കിളുകളും കുതിരസവാരികളും പോകും. വൃത്തിയോടെയാണ് അത് എപ്പോഴും സൂക്ഷിച്ചിരുന്നത്. കുതിരകൾ ചാണകമിട്ട് വൃത്തികേടാക്കാതിരിക്കാൻ കുതിരകൾക്കു പിന്നിൽ ചാണകം താഴേക്ക് വീഴാതിരിക്കാൻ പ്രത്യേകം സഞ്ചി സജ്ജമാക്കിയിട്ടുണ്ട്. പ്രാഗിലെ പാർക്കിലൂടെ ഞങ്ങൾ നടക്കുമ്പോൾ പിന്നിൽ നിന്നും പല്ലക്കു വരുന്നതുപോലെ പൊലീസ് സംഘം ആളുകളോട് മാറാൻ ആവശ്യപ്പെടുന്നുണ്ട്. തൊട്ടുപിന്നാലെ പ്രാഗിലെ പ്രധാനമന്ത്രി ഒരു സൈക്കിളിൽ ജനങ്ങൾക്കിടയിലൂടെ അദ്ദേഹത്തിന്റെ ഓഫിസിലേക്ക് പോവുകയാണ്. പ്രധാന സ്ട്രീറ്റിലൂടെ സൈക്കിളിൽ ഓഫിസിലേക്കു പോകുന്ന പ്രധാനമന്ത്രിയോ? അത്ഭുതം തോന്നി. സൈക്കിൾ യാത്രകൾ പ്രോത്സാഹിപ്പിക്കാനായാണ് പ്രസിഡന്റിന്റെ ഈ രീതി. അവിടെ നിറയെ സൈക്കിളിനു മാത്രമായി സർക്കാർ വഴികളുണ്ടാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിനു വായുമാലിന്യം തടയുന്നതിനും വേണ്ടി സൈക്കിളുകളെ പ്രോത്സാഹിപ്പിക്കുക എന്നത് വിദേശത്തെ പല രാജ്യങ്ങളും ചെയ്തു വരുന്ന പുതുശീലമാണ്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പിന്നീട് ഞങ്ങളും ഒരു സൈക്കിൾയജ്ഞം നടത്തിയിട്ടുണ്ട്. ആ കഥയാവട്ടെ അടുത്തത്. വിയന്നയിലെയും പ്രാഗിലെയും മറ്റനേകം യാത്രകൾക്കു ശേഷമുള്ള സംഭവമാണ് ഇവിടെ പറയുന്നത്. ഇപ്പോൾ പറയാനുള്ളതിന്റെ കാരണം പ്രാഗിലെയും വിയന്നയിലെയും സൈക്കിളോട്ടമാണ് ഈ സംഭവത്തിനു പിന്നിലെ ചേതോവികാരം!

ലണ്ടൻസ് ക്വീൻസ് പാർക്കിലൂടെ എത്രനേരം േവണമെങ്കിലും സൈക്കിളും ചവിട്ടി നടന്നാലും മതിവരാത്തയാളാണ് മമ്മൂട്ടി. ഞങ്ങൾ ഒരിക്കൽ വിദേശരാജ്യങ്ങളിലെ സൈക്കിൾ യാത്രകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. നമ്മുടെ നാട്ടിലും അങ്ങനെയൊരു സൈക്കിൾ സംസ്കാരം വേണം എന്ന രണ്ടു പേരുടെയും ആഗ്രഹത്തിന്റെയൊപ്പം ഒരു തീരുമാനം കൂടി ഞങ്ങളെടുത്തു. നമുക്കൊരുമിച്ച് സ്ഥിരമായി സൈക്കിള്‍ യാത്ര നടത്താമെന്ന്. ആദ്യം നമ്മളായിത്തന്നെ മാതൃക കാണിച്ചുകൊടുക്കാം എന്ന വാക്കിന്റെ പുറത്ത് ഞാൻ അമേരിക്കയിൽ നിർമിച്ച സൈക്കിൾ കൊച്ചിയിൽ നിന്നും വാങ്ങി. മമ്മൂക്കയോട് അന്നുതന്നെ വിളിച്ച കാര്യം പറഞ്ഞു: ‘ദേ, സംഗതി തമാശയല്ല. ഞാൻ സൈക്കിൾ വാങ്ങി.’ അമേരിക്കൻ നിർമിതിയാണ് ഞാൻ വാങ്ങിയ ഇരുചക്രനെന്നു കൂടി പറഞ്ഞിരുന്നു. 

actor-mammootty-jayaram-iilustration

എന്നാപിന്നെ രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് തുടങ്ങാം എന്ന് മമ്മൂട്ടി പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ മമ്മൂട്ടി എന്നെ വിളിച്ചു. ഡാ, നമുക്ക് നാളെത്തൊട്ട് തുടങ്ങാം. ഞാനും സൈക്കിളൊന്ന് വാങ്ങി. നിന്റെ ആ അമേരിക്കൻ സാധനമൊന്നുമല്ല. ബിഎംഡബ്ല്യുവിന്റെ സൈക്കിളൊന്ന് വരുത്തിച്ചു.’

അപ്പോ അതിനാണ് രണ്ടുദിവസത്തെ സമയം ചോദിച്ചത്. നാളെ നാലുമണിക്ക് നീ പനമ്പിള്ളി നഗറിലെ എന്റെ വീട്ടിലേക്ക് വാ. ഞാൻ തൊട്ടടുത്ത ദിവസം രാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് റെഡിയായി കാറിന്റെ പിന്നിൽ സൈക്കിളും കെട്ടിവച്ച് മമ്മൂട്ടിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. പനമ്പിള്ളി നഗറിൽ മമ്മൂക്കയുടെ വീടിന്റെ മുന്നിലെത്തി നോക്കുമ്പോൾ ലൈറ്റൊന്നുമില്ല. ഞാൻ കാർ സൈഡാക്കി സൈക്കിളെടുത്ത് റൈഡിന് കാത്തു നിന്നു. അപ്പോഴും ലൈറ്റുകളൊന്നും ഓണായിട്ടില്ല. 

വരട്ടെ എന്നു കരുതി അവിടെ സൈക്കിളും പിടിച്ച് നിൽക്കാമെന്ന് വിചാരിച്ച ഞാൻ ഒരു സെക്കൻഡുപോലും വെറുതെ നിന്നില്ല. കൊച്ചിയിലെ കൊതുകിന് എന്ത് സൈക്കിള്. എന്ത് മമ്മൂട്ടി? പോരൊതെ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയം തുറന്നു കൊടുത്തതുപോലെയല്ലെ! ഞാൻ സൈക്കിളെടുത്ത് അഭ്യാസം തുടങ്ങും. കൊതുക് കടിക്കാതിരിക്കാനുള്ള അഭ്യാസമാണ്. 

book-cover-sapthavarnachirakukal-veeshi-parannu-parannoru-yathra

ഇതൊന്നും സഹിക്കാതെ കുറച്ച് തെരുവുപട്ടികളുമുണ്ട്. ആരാടാ ഈ നട്ടാപ്പുലർച്ച നേരത്ത് ഇവിടെ സായിപ്പ് കളിക്കുന്നത്? എന്ന ഭാവത്തിൽ പട്ടിക്കൂട്ടങ്ങൾ പിന്നാലെയുണ്ട്. അവയ്ക്ക് എന്റെ ഹെൽമെറ്റും കൂളിംഗ് ഗ്ലാസും ഒന്നും പിടിച്ചിട്ടില്ല. പാതിരാത്രിക്ക് കൂളിംഗ് ഗ്ലാസ് വച്ച് ഇമ്മാതിരി അഭ്യാസം നടത്തുന്നയാളെ കണ്ടാൽ പട്ടി കുരച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അതിനറിയില്ലല്ലോ ഇത് ട്രാൻസ്പരന്റ് ഗ്ലാസാണെന്ന്. 

കൊതുക്, പട്ടി ഇവയ്ക്കിടയിൽ സൈക്കിൾ അഭ്യാസക്കാരനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ബാലൻസ് തെറ്റാതെ അഭ്യാസം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് വിലകൂടിയ നാലഞ്ച് പട്ടികളുടെ കുരകേട്ടതോടെ ഞാൻ സൈക്കിളുമിട്ട് ഓടാനൊരുങ്ങി. ‘ഓടേണ്ട....ഇത് ഞാനാണ്...’

അതാര്? എന്ന് തിരിഞ്ഞുനോക്കുമ്പോൾ മൂന്ന് ഗംഭീരപട്ടികളെയും പിടിച്ച് നടൻ കുഞ്ചൻ. മമ്മൂട്ടിയുടെ വീടിന്റെ തൊട്ടുമുന്നിലാണ് കുഞ്ചന്റെ വീട്. രാവിലെ പട്ടികളുടെ പ്രഭാതകൃത്യം നടത്താൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കുഞ്ചൻ. 

കലാപരിപാടിയും കഴിച്ച് കുഞ്ചൻ മടങ്ങുമ്പോഴേക്കും സമയം 4.15. മമ്മൂട്ടിയുടെ വീട്ടിൽ ലൈറ്റു തെളിഞ്ഞു. 4.30 ഓടെ മമ്മൂട്ടി സൈക്കിളുമായി പുറത്തേക്കെത്തി. കൂടെ സന്തതസഹചാരി ജോർജും പേഴ്സനൽ ട്രെയിനർ ഷാജിയുമുണ്ട്. ‘വാ പോകാം’ മമ്മൂട്ടി യാത്രയ്ക്കൊരുങ്ങി.

ഏതുവഴി പോകണം എന്ന് ആലോചിച്ചു നീങ്ങുമ്പോഴേക്കും ഞങ്ങളെ യാത്രയാക്കാൻ നേരത്തെയുള്ള തെരുവുപട്ടിക്കൂട്ടം പിന്നാലെയുണ്ടാവും. റോഡിലേക്കിറങ്ങിയാൽ പിന്നെ പകുതി പേടി ടിപ്പർ ലോറികളെയാണ്. അതു കഴിഞ്ഞാൽ എവിടെയാണ് തലേന്ന് കുഴികുത്തി വച്ചിരിക്കുന്നത് എന്ന് അറിയാത്ത നമ്മുടെ നാട്ടിലെ റോഡ്. എന്നിട്ടും എല്ലാം സഹിച്ച് സൈക്കിൾ യാത്ര എല്ലാ ദിവസവും തുടരുന്നത് കേരളം എന്നെങ്കിലും സാൾസ് ബർഗും പ്രാഗും വിയന്നയും ലണ്ടനിലെ ക്വീൻസ് പാർക്കും ആയിത്തീരുന്നത് സ്വപ്നം കണ്ടു മാത്രമാണ്.

25 കിലോമീറ്റർ എന്നും ഞങ്ങൾ സൈക്കിളോടിച്ചിരുന്നു. ഈ വഴിയിലൊക്കെ ഓരോ പ്രശ്നങ്ങൾ സ്ഥിരമായതുകൊണ്ട് മമ്മൂക്കയുടെ വായിൽ നിന്നും 25 കിലോമീറ്റർ നീളമുള്ള തെറിയും കൂട്ടിനുണ്ടാവും. ഒരു ദിവസം ഈ കലാപരിപാടികളെല്ലാം കഴിഞ്ഞ് ഞങ്ങൾ വൈറ്റില വഴി പോവുകയാണ്. ഏതാണ്ട് നേരം വെളുത്തു വരുന്നതേയുള്ളൂ. മമ്മൂക്ക റോഡ് ക്രോസ് ചെയ്ത് അപ്പുറത്തേക്ക് കടക്കേണ്ട താമസം ഒരു കെഎസ്ആർടിസി ബസ് ശ്ശടേന്ന് വന്ന് ബ്രേക്കിട്ടു. മമ്മൂക്ക തെറിച്ച് അൽപം മാറിയതുകൊണ്ട് ഒന്നും സംഭവിച്ചില്ല. റോംഗ് സൈഡിലൂടെ കെഎസ്ആർടിസിക്കാരൻ വന്നതാണ്.

മമ്മൂക്ക തലയിൽ നിന്നും ഹെൽമറ്റ് ഊരിയെടുത്ത് ഡ്രൈവറെ നോക്കി നാലു തെറി: ‘എവിടെ നോക്കിയാടാ വണ്ടിയെടുക്കുന്നത് ങേ,....ഞാൻ ആ ഡ്രൈവറെയാണ് നോക്കിയത്. ഡ്രൈവർ രാവിലെ തന്നെ മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു. അയാൾ തെറി പറയുന്ന മമ്മൂട്ടിയെയും നോക്കി ചിരിച്ചു കൊണ്ട് ഇരിക്കുന്നു. മമ്മൂട്ടിയെ കണ്ടത് സ്വപ്നമാണോ എന്നൊക്കെയുള്ള സംശയം അയാളുടെ മുഖത്തുണ്ട്. ഉറങ്ങുന്ന കണ്ടക്ടറെ വിളിച്ച് എഴുന്നേൽപ്പിക്കണോ അല്ല, മമ്മൂട്ടിയുടെ മുഖത്തേക്കു തന്നെ നോക്കിയിരിക്കണോ എന്നറിയാതെയുള്ള ഇരിപ്പ്. ഞാൻ വേഗം മമ്മൂക്കയോട് സ്ഥലം വിടാം എന്ന് പറഞ്ഞു. ഇല്ലെങ്കിൽ അയാൾ ബസിൽ നിന്നും ഇറങ്ങിവന്ന് ഒരു സെൽഫിയെടുത്തേനെ! മമ്മൂട്ടിയോടൊപ്പമുള്ള സൈക്കിൾയാത്രകൾക്കിടയിൽ ഇതുപോലെ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു ദിവസം ഒരു വഴിക്കു ചെന്നപ്പോൾ തിരിച്ചറിഞ്ഞ ഏതോ മഹാൻ പിറ്റേദിവസം അതുവഴിക്ക് ആ ഭാഗത്തെ ആളുകളെയൊക്കെ വിളിച്ചുകൂട്ടി ഞങ്ങളെ കാണാനായി നിന്നിട്ടുണ്ട്. അപകടം മണത്ത് ഞങ്ങൾ മറ്റു പല വഴിക്കുമായി രക്ഷപ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും ഓരോ വഴിക്ക് പോയാണ് ഈ പ്രശ്നത്തിന് ഒരു പരിഹാരം ഞങ്ങൾ കണ്ടെത്തിയത്. ഈ പ്രതികൂലസാഹചര്യത്തിലും ഞങ്ങൾ സൈക്കിൾ യജ്ഞം തുടരുമ്പോൾ ലക്ഷ്യം സൈക്കിളുകൾക്കായി പാതയുള്ള ഒരു കിനാശ്ശേരിയായിരുന്നു. എന്നെങ്കിലും അത് നടക്കുമെന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം. 

സപ്തവർണ്ണച്ചിറകുകൾ വീശി പറന്നു പറന്നൊരു യാത്ര ശുഭയാത്ര (യാത്രാവിവരണം)

ജയറാം 

മനോരമ ബുക്സ്

വില 240

പുസ്തകം ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

English Summary: Sapthavarnachirakukal Veeshi Parannu Parannoru Yathra - Shubayathra by Jayaram - Manorama Books

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA