ADVERTISEMENT

ഒരു മാന്ത്രികപ്പക്ഷിയാണ് വഴികാട്ടി. കൂട്ടുകാരൻ ജീവനൊപ്പം ആഷയെന്ന പെൺകുട്ടി ഹിമാലയത്തിലെ മഞ്ഞുമലകളിലൂടെ അതിനെ പിന്തുടർന്നു. അച്ഛനെ കണ്ടെത്തി, നഷ്ടമാകാൻപോകുന്ന വീടു തിരികെപ്പിടിക്കുകയാണ് അവളുടെ ലക്ഷ്യം. അപകടങ്ങളിൽനിന്നു രക്ഷിക്കുന്ന ആ പക്ഷി തന്റെ പ്രിയപ്പെട്ട മുത്തശ്ശിയാണെന്നാണ് ആഷയുടെ വിശ്വാസം. അവർക്കൊപ്പം നെഞ്ചിടിപ്പോടെ നടന്നത് കുട്ടികൾ മാത്രമല്ല, മുതിർന്നവരുമാണ്. ‍ആ കഥ പറഞ്ഞ ജസ്ബിന്ദർ ബിലാൻ എന്ന ഇന്ത്യൻവംശജയെ തേടിയെത്തിയത് യുകെയിലെ ഏറ്റവും വലിയ ബാലസാഹിത്യ പുരസ്കാരമായ കോസ്റ്റ ചിൽഡ്രൻസ്ബുക്ക് അവാർഡാണ്. 

 

ജസ്ബിന്ദറിന്റെ ആദ്യ ബാലസാഹിത്യ നോവലാണ് ‘ആഷ ആൻഡ് ദ് സ്പിരിറ്റ് ബേഡ്’. ഒൻപതു വയസ്സും അതിനു മുകളിലും പ്രായമുള്ള കുട്ടികൾക്കായി എഴുതിയ നോവൽ.  5,000 പൗണ്ടാണ് (ഏകദേശം 4,67,579.31 ഇന്ത്യൻരൂപ) യാണ് സമ്മാനത്തുക. യുകെയിലും അയർലൻഡിലും താമസിക്കുന്ന എഴുത്തുകാരുടെ ആദ്യ നോവൽ, നോവൽ, ആത്മകഥ, കവിത, ബാലസാഹിത്യം എന്നിങ്ങനെ അഞ്ചു വിഭാഗത്തിലുള്ള പുസ്തകങ്ങളാണ് അവാർഡിനു പരിഗണിക്കുക. 

 

മലോറി ബ്ലാക്ക്മാന്റെ ‘ക്രോസ്ഫയർ’, നിക്കോളാസ് ബൗളിങ്ങിന്റെ ‘ഇൻ ദ് ഷാഡോ ഓഫ് ഹീറോസ്’, ജെന്നി ഡൗൺഹാമിന്റെ ‘ഫ്യൂരിയസ് തിങ്’ എന്നിവയുൾപ്പടെ 144 എൻട്രികളിൽ നിന്നാണ് ‘ആഷ ആൻഡ് ദ് സ്പിരിറ്റ് ബേഡ്’ പുരസ്കാരത്തിലേക്കു പറന്നുകയറിയത്.

Jasbinder Bilan
ജസ്ബിന്ദർ ബിലാൻ തന്റെ പുസ്തകവുമായി

 

പുസ്തകത്തെക്കുറിച്ചും പുരസ്കാരത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ ബിലാൻ പറഞ്ഞതിങ്ങനെ:

‘ഒരു പെൺകുട്ടി എന്ന നിലയിൽ എനിക്ക് എപ്പോഴും എഴുതാൻ ഏറെയിഷ്ടമാണ്. കഥകൾ മെനയാതിരുന്ന ഒരു സമയവും എനിക്ക് ഓർക്കാനാവുന്നില്ല. പക്ഷേ, എന്നെങ്കിലും ഞാൻ എഴുതുന്ന ഒരു കഥ പ്രസിദ്ധീകരിക്കപ്പെടുമെന്ന് കരുതിയതേയില്ല. ഹിമാലയത്തിനടുത്തുള്ള ഒരു സ്ഥലത്ത് കർഷക കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഇന്നും ഞങ്ങളെല്ലാം ഒത്തുകൂടുമ്പോൾ ‍ഞങ്ങളുടെ കൃഷിസ്ഥലത്തെപ്പറ്റിയും അക്കാലത്തെ തമാശകളെപ്പറ്റിയും പറയാറുണ്ട്. അങ്ങനെയാണ് ഇന്ത്യയുടെ ഓർമകളെ ഞങ്ങൾ സജീവമായി നിലനിർത്തുന്നത്’. 

 

കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഇന്ത്യയിൽനിന്ന് ഇംഗ്ലണ്ടിലെ നോട്ടിങ്ങാമിലേക്കു കുടിയേറിയ ബിലാൻ ഇപ്പോൾ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം സൗത്ത്‌വെസ്റ്റ് ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിലാണ് താമസം.

 

‘ഈ മനോഹരമായ പുസ്തകത്താളുകളിലെവിടെയോ ഞങ്ങളുടെ ഹൃദയം കളഞ്ഞുപോയി’ എന്നാണ് പുരസ്കാര സമിതിയിലെ വിധികർത്താക്കൾ ഒന്നടങ്കം ബിലാന്റെ പുസ്തകത്തെ‌ക്കുറിച്ച് അഭിപ്രായപ്പെ‌ട്ടത്. ‘ജസ്ബിന്ദറിന്റെ മാജി (മുത്തശ്ശി) വളരെ കരുത്തയായ സ്ത്രീയായിരുന്നു. അഞ്ചുമക്കളെ ഒറ്റയ്ക്ക് നോക്കി വളർത്തിയ അവർക്ക് കൃഷിയുടെ കാര്യങ്ങൾ നോക്കേണ്ട ഉത്തരവാദിത്തവും കൂടിയുണ്ടായിരുന്നു. ആ മുത്തശ്ശിയോടുള്ള ആത്മബന്ധമാണ് ആഷ ദ് സ്പിരിറ്റ് ബേഡിന്റെ പ്രചോദനം’- അവർ പറയുന്നു.

 

English Summary :  Jasbinder Bilan Won  UK children’s book award for her debut novel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com