ADVERTISEMENT

പരസ്പര വിരുദ്ധങ്ങളായ രണ്ടു വികാരങ്ങളാണ് മേൽപറഞ്ഞവ. ഇവയ്ക്കടിമപ്പെടുന്ന വ്യത്യസ്ത വ്യക്തികളെ നാം സമൂഹത്തിൽ കണ്ടുമുട്ടുന്നു. ചിലർ നിരാശ നിറഞ്ഞവരായി ജീവിതത്തെ കയ്പ്പോടെ കാണുന്നവരും കരിനിഴലിൽ കഴിയുന്നവരുമാണ്. എന്നാൽ വേറെ ചിലർ ഏതു പ്രതിസന്ധിയിലും പ്രത്യാശ വെടിയാത്തവരായി പ്രസന്നതയോടെ കാണപ്പെടുന്നു. ഇവരുടെ പ്രതിനിധികളായി രണ്ടുപേരെ അവതരിപ്പിക്കട്ടെ.

 

വിദ്യ കൊണ്ടും സമ്പത്തു കൊണ്ടും അനുഗ്രഹീതനായിരുന്ന ഒരാൾ, മതകാര്യങ്ങളിൽ ശ്രദ്ധാലുവും സാമൂഹിക പ്രവർത്തകനുമായിരുന്നു. പക്ഷേ, അയാൾക്കു വലിയ മാറ്റമുണ്ടായി. ഈശ്വരവിശ്വാസം പാടേ ത്യജിച്ചു. മതകാര്യങ്ങളിൽ വെറുപ്പ്, സഹജരോടുള്ള പെരുമാറ്റവും പരുഷമായിത്തീർന്നു. എന്തായിരുന്നു ഈ മാറ്റങ്ങൾക്കു കാരണം. അയാൾ അതീവം സ്നേഹിച്ചിരുന്ന ഏകമകൾ അപകടത്തിൽപെട്ടു മരിച്ചു. കോളജിൽ നിന്നു പിക്നിക് പാർട്ടിയുമൊത്തു പോയ ആ പെൺകുട്ടി വണ്ടിയപകടത്തിലാണു മൃതിയടഞ്ഞത്.  ഈശ്വരൻ സർവനന്മ സ്വരൂപനാണെങ്കിൽ എന്തിന് എന്റെ പുന്നാര മകളെ ഇത്ര കഠിനമായി ശിക്ഷിച്ചു എന്നാണ് അയാൾ ചോദിക്കുന്നത്. മറ്റുള്ളവരുടെ സമാശ്വാസ വചനങ്ങളോ സഹതാപമോ അയാൾ സ്വീകരിക്കാറില്ല.

ഇത്തരത്തിലുള്ള ദുരന്തങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും മറ്റും മാനുഷികമായ ഒരു ഉത്തരം നൽകാൻ നമുക്കു കഴിയുമെന്നു തോന്നുന്നില്ല. ദൈവത്തിൽ ആഴമായി വിശ്വസിക്കുക, ആ വിശ്വാസത്തിന്റെ വെളിച്ചത്തിൽ വിജയ പരാജയങ്ങൾ കാണുക. നശ്വരമായ ഈ ലോകത്തിനപ്പുറത്ത് അനശ്വരമായ ഒരു ജീവിതം ഉണ്ടെന്നു പൂർണമായി വിശ്വസിക്കുക ഇതു മാത്രം പ്രത്യുത്തരം.

 

ഇവിടെ മറ്റൊരു വ്യക്തിയുടെ വീക്ഷണവും ചിന്തോദ്ദീപകങ്ങളായ വാക്കുകളും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. അവിടെ വിശ്വാസവും പ്രത്യാശയുമാണ് മുറ്റിനിൽക്കുന്നത്. നിരാശയുടെ നിഴൽ പോലും തീണ്ടിയിട്ടില്ല. ഭൂമിയിൽ പിറന്നിട്ടു ശബ്ദമോ വെളിച്ചമോ തെല്ലുപോലും അനുഭവിക്കാൻ കഴിയാത്ത ലൗകിക ഭാഷയിൽ ഏറ്റവും ദുർഭഗയായ വ്യക്തിയുടെ വാക്കുകളാണ് ശ്രദ്ധിക്കേണ്ടത്. ഹെലൻ കെല്ലർ എന്നാണ് അവരുടെ പേര്. വെളിച്ചം കാണാനോ ശബ്ദം കേൾക്കാനോ കഴിഞ്ഞില്ലെങ്കിലും വിശിഷ്ടമായ ഗ്രന്ഥങ്ങൾ രചിച്ച് ലോകമെല്ലാം ചുറ്റിനടന്ന് (ഇന്ത്യയും സന്ദർശിച്ചിട്ടുണ്ട്) പ്രശസ്തിയുടെ ഗോപുര ശൃംഗത്തിൽ അവർ എത്തി. തന്റെ ദൗർഭാഗ്യത്തെക്കുറിച്ച് ദൈവത്തെ പഴിക്കാനോ കുറ്റപ്പെടുത്താനോ അല്ല, കരുണാമസൃണമായ ദൈവിക കരങ്ങളുടെ പരിപാലനത്തെ നിരന്തരം വാഴ്ത്തിപ്പുകഴ്ത്തുവാനാണ് ഹെലൻ കെല്ലർ  തയാറായത്. ആഴമേറിയ വിശ്വാസത്തിന്റെയും ദീപ്തമായ പ്രത്യാശയുടെയും മംഗളധ്വനി ആ വാക്കുകളിൽ മുഴങ്ങുന്നതായും അവാച്യമായ ആനന്ദം ആ മഹതിയുടെ ആത്മാവിൽ നിറഞ്ഞു നി‍ൽക്കുന്നതായും നമുക്ക് അനുഭവപ്പെടും. അവരുടെ വാക്കുകളിലേക്കു ശ്രദ്ധിക്കാം:

 

‘‘നമുക്കു ജീവിതം ലഭിച്ചിട്ടുള്ളതു വിലപിക്കാനല്ല, പരസ്പരം സ്നേഹിച്ച് വളരാനാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ ദൈവമുണ്ടെന്നും എന്റെ അന്ധതയിൽ വെളിച്ചമുണ്ടെന്നും എന്റെ മൗനത്തിൽ ശബ്ദമുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. നൻമ ഒരിക്കലും നശിക്കയില്ലെന്നും നൻമയെപ്പറ്റി മനുഷ്യൻ ഇച്ഛിക്കുകയോ ആശിക്കയോ സ്വപ്നം കാണുകയോ ചെയ്തിട്ടുള്ളതെല്ലാം നിലനിൽക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. അനശ്വരമായ അനുഗ്രഹങ്ങൾ എന്നുള്ളതു കൊണ്ട് ആത്മാവിനു നാശമില്ലെന്നു ഞാൻ വിശ്വസിക്കുന്നു. മരണത്തിനു ശേഷം നാം എത്തിച്ചേരുന്ന സ്ഥാനം നമ്മുടെ സ്വന്തം ആശകളും ചിന്തകളും പ്രവൃത്തികളും മൂലം ഉണ്ടായിട്ടുള്ളതാണ്. ഇനി വരുവാൻ പോകുന്ന ജീവിതത്തിൽ എനിക്ക് ഇവിടെ ലഭിക്കാതിരുന്ന ഇന്ദ്രിയങ്ങൾ ലഭിക്കുമെന്നും അവിടെ എനിക്കു കിട്ടുന്ന വസതി വർണങ്ങളും സംഗീതവും പുഷ്പങ്ങളുടെ സംഭാഷണവും ഞാൻ സ്നേഹിക്കുന്ന മുഖങ്ങളും ചേർന്നു സുന്ദരമായി ഒന്നായിത്തീരുമെന്നും ഞാൻ വിശ്വസിക്കുന്നു. ഈ വിശ്വാസവും പ്രത്യാശയുമില്ലെങ്കിൽ എനിക്കു ജീവിതത്തിൽ ഒരർഥവും ഇല്ലാതായിപ്പോകും. അന്ധകാരത്തിലെ വെറുമൊരു ‘ഇരുൾക്കുറ്റി’ മാത്രമാകുമായിരുന്നു ഞാൻ. ശാരീരികങ്ങളായ ഇന്ദ്രിയങ്ങളെല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്ന നിരീശ്വരൻമാർ എന്നോടു സഹതാപം പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ അതിനു കാരണം എന്റെ ജീവിതത്തിലെ സ്വർണമയമായ മുറിയിൽ ഞാൻ ആനന്ദത്തോടെ വസിക്കുന്നത് അവർ കാണാത്തതു കൊണ്ടാണ്. എന്റെ മാർഗം അന്ധകാര പൂർണമാണെന്ന് അവർക്കു തോന്നിയേക്കുമെങ്കിലും ഞാനെന്റെ ഹൃദയത്തിൽ ഒരു മായിക പ്രകാശം കൊണ്ടുനടക്കുന്നുണ്ട്. വിശ്വാസം ആത്മീയ ചൈതന്യത്തിന്റെ ബലിഷ്ഠമായ പ്രഭാപ്രസരത്താൽ വഴിയെല്ലാം പ്രകാശിപ്പിക്കുന്നു. ഞാൻ ഒരു ഭയവും കൂടാതെ ആ മായാവനത്തിലേക്കു നടന്നുചെല്ലുകയാണ്. അവിടെ ഇലകൾ എന്നും പച്ചപിടിച്ചു നിൽക്കും. സ്ഥിരമായ ആനന്ദത്തിന്റെ വാസസ്ഥാനമാണത്. നൈറ്റിംഗേ‍ൽ പക്ഷികൾ കൂടുകെട്ടിപ്പാടുന്നു. അവിടെ ഈശ്വരന്റെ സന്നിധിയിൽ ജീവിതവും മരണവും ഒന്നായിത്തീരുന്നു.’’

 

അന്ധയും ബധിരയുമായ ഹെലൻ കെല്ലറെപ്പറ്റി മുമ്പും ഈ പംക്തിയിൽ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ആ മഹതിയുടെ ആത്മാവിഷ്കാര വാക്കുകൾ ഉദ്ധരിച്ചിട്ടില്ല. ആ പ്രത്യാശ നിറഞ്ഞ വാക്കുകൾ ക്ഷണിക ദുഃഖങ്ങളിൽ പരിതപ്തമായ മനസ്സുകൾക്ക് ശക്തിയും ശാന്തിയും പകരട്ടെ.

English Summary : Innathe Chintha Vishayam - Sunday Meditation Column by T.J.J

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com