sections
MORE

ബോളിവുഡ് സിനിമയ്ക്ക് കവിതയുടെ ഭാവഗാംഭീര്യം നല്‍കിയ പ്രതിഭ; വിപ്ലവ കവിയ്ക്ക് ഗൂഗിളിന്റെ ആദരം

Google pays tribute to Kaifi Azmi on 101st birthday with a doodle
കൈഫി ആസ്മിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിൽ
SHARE

പ്രശസ്ത നടി ശബാന ആസ്മിയുടെ പിതാവും ഇന്ത്യന്‍ സിനിമാ ഗാനങ്ങളെ കവിതയോട് അടുപ്പിച്ച വിപ്ലവ കവിയുമായ കൈഫി ആസ്മിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. കൈഫിയുടെ 101-ാം ജന്‍മദിനത്തില്‍ അദ്ദേത്തിന്റെ ചിത്രം ഡൂഡിലായി അവതരിപ്പിച്ചാണ് ഗൂഗിള്‍ മണ്‍മറഞ്ഞ പ്രശസ്ത കവിയെ വീണ്ടും ഇന്ത്യക്കാരുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇന്നാണ് കൈഫിയുടെ 101-ാം ജന്‍മദിനം. 

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നു കൈഫിയുടെ ജനനം. 1919ല്‍ അസംഗര്‍ ജില്ലയില്‍. കുട്ടിക്കാലത്തുതന്നെ കവിതയിലേക്ക് ആകര്‍ഷിക്കപ്പെട്ട അദ്ദേഹം ആദ്യ കവിതയെഴുതിയതു 11-ാം വയസ്സില്‍. സ്വാതന്ത്ര്യ സമരം ശക്തിയാര്‍ജിച്ചതോടെ അദ്ദേഹവും പ്രക്ഷോഭത്തില്‍ മുഴുകി. മഹാത്മാ ഗാന്ധിയുടെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ അദ്ദേഹം സജീവമായി പങ്കെടുക്കുകയും ചെയ്തു. 1943 കൈഫിയുടെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു-ജന്‍കര്‍. 

പിന്നീട് പുരോഗമ സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ തൂലിക ചലിപ്പിച്ച അദ്ദേഹം സമൂഹമാറ്റത്തിന് കവിതയെ ഉപയോഗിക്കണം എന്ന ഉറച്ച നിലപാടും സ്വീകരിച്ചു. ഔരത്, മകാന്‍ എന്നിങ്ങനെ പ്രശസ്തമായ ഒട്ടേറെ കവിതകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇതിനുശേഷമാണ് കൈഫി ബോളിവഡില്‍ പ്രവേശിക്കുന്നത്. 

മജ്‍രൂഹ് സുല്‍ത്താന്‍പുരി ഉള്‍പ്പെടെയുള്ള ഗാനരചയിതാക്കള്‍ക്കൊപ്പം ചേര്‍ന്ന കൈഫി ബോളിവുഡ് സിനിമയ്ക്ക് കവിതയുടെ ഭാവഗാംഭീര്യം നല്‍കി. ‘ഗരം ഹവാ’, ‘മന്തന്‍’, ‘കാഗസ് കെ ഫൂല്‍’ എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പാട്ടുകള്‍ സര്‍വകാല ഹിറ്റുകളാണ്. മൂന്നു ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ നേടിയതിനൊപ്പം പത്മശ്രീയും കൈഫിക്കു ലഭിച്ചു. സാഹിത്യത്തിനുള്ള മികച്ച സംഭാവനകള്‍ പരിഗണിച്ച് സാഹിത്യ അക്കാദമി ഫെലോഷിപ്പും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കൈഫിയുടെ ആത്മകഥയും ഏറെ പ്രശസ്തമാണ്. 

20-ാം നൂറ്റാണ്ടില്‍ ഇന്ത്യ ജന്‍മം നല്‍കിയ മഹാനായ കവിയായി വാഴ്ത്തപ്പെടുന്ന കൈഫിക്ക് ഇന്നും ഹിന്ദിയില്‍ ആരാധകരേറേയുണ്ട്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ ജന്മദേശമായ അസംഗറില്‍നിന്നു ഡല്‍ഹിയിലേക്കു പോകുന്ന ട്രെയിനിന് കൈഫിയത് എക്സ്പ്രസ് എന്നാണു പേരിട്ടത്. സ്ത്രീകള്‍ വിദ്യാഭ്യാസം നേടണമെന്നും പുരുഷന്‍മരെപ്പോലെ സമൂഹജീവിതത്തില്‍ സജീവമായി ഇടപെടണം എന്നും ആവശ്യപ്പെടുകയും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്ത ആളുകൂടിയായ കൈഫി കവിക്കൊപ്പം സാമൂഹിക പരിഷ്കര്‍ത്താവ് എന്ന വിശേഷണത്തിനും അര്‍ഹനാണ്. ഗ്രാമീണ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി വിവിധ പദ്ധതികള്‍ കൈഫി ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുമുണ്ട്. 

2002 മേയ് 10 നാണ് മികച്ച കവിതകളും സുന്ദര ഗാനങ്ങളും അവശേഷിപ്പിച്ച് കൈഫി വിടവാങ്ങിയത്. 

English Summary : Kaifi Azmi, 101st birthday,Indian Poet, Google Doodle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA