sections
MORE

കുട്ടിക്കാലത്ത് വായനയോടു വിമുഖത, ഇന്ന് കുട്ടികളുടെ പ്രിയ എഴുത്തുകാരൻ; അംഗീകാര നിറവിൽ ജേസന്‍

Jason Reynolds
ജേസന്‍ റെയ്നോള്‍ഡ്സ്
SHARE

അമേരിക്കയില്‍ ബാലസാഹിത്യത്തിനു ശക്തമായ വേരോട്ടമുണ്ടാക്കിയ, കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ജേസന്‍ റെയ്നോള്‍ഡ്സിനു പുതിയ നിയോഗം. യുവതലമുറയുടെ സാഹിത്യം പരിപോഷിപ്പിക്കാനുള്ള നാഷനല്‍ അംബാസഡര്‍ എന്ന പദവിയാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. രണ്ടുവര്‍ഷം നീളുന്ന പദവിയാണിത്. 

ദ് ലൈബ്രറി ഓഫ് കോണ്‍ഗ്രസ്, ദ് ചില്‍ഡ്രന്‍ ബുക്ക് കൗണ്‍സില്‍, എവരി ചൈല്‍ഡ് എ റീഡര്‍ എന്നീ സന്നദ്ധ സംഘടനകള്‍ സംയുക്തമായാണ് അമേരിക്കയിലെ പ്രശസ്ത പദവിയിലേക്ക് റെയ്നോള്‍ഡ്സിനെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ജാക്വലിന്‍ വുഡ്സന്‍ ആയിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ പദവി വഹിച്ചിരുന്നത്. 

ആലങ്കാരിക പദവി എന്നതിനപ്പുറം വലിയൊരു ലക്ഷ്യമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നത് എന്നു പറഞ്ഞ റെയ്നോള്‍ഡ്സ് വ്യത്യസ്തമായ പദ്ധതികളാണ് തന്റെ മനസ്സിലുള്ളതെന്നു വ്യക്തമാക്കി. 

‘പുതിയ തലമുറയെ വായിക്കാന്‍ പ്രേരിപ്പിക്കുക എന്നതല്ല എന്റെ ലക്ഷ്യം. അതാര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ. സ്വന്തം സൃഷ്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് യുവതലമുറയെ ബോധ്യപ്പെടുത്തുകയാണ് എന്റെ ഉദ്ദേശ്യം. ഓരോ വ്യക്തിക്കും ഓരോ കഥയുണ്ട്. മികച്ച, രസകരമായ കഥകള്‍. ആരും കേട്ടിരുന്നുപോകുന്ന കഥകള്‍. ആ കഥകള്‍ പറയാന്‍ അവരെ പ്രേരിപ്പിക്കുക. സ്വന്തം കഥ പറയുന്ന കുട്ടികള്‍ മറ്റുള്ളവരുടെ കഥ കേള്‍ക്കാനും തയാറാകും. അങ്ങനെ കഥകളുടെ ഒരു പരമ്പരയിലൂടെ അക്ഷര വിപ്ലവത്തിനു തിരികൊളുത്താനാണ് ഞാന്‍ ഉദ്ദേശിക്കുന്നത് - അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക് നഗരത്തില്‍ മാത്രം ചുറ്റിക്കറങ്ങാതെ ഇതിനുവേണ്ടി രാജ്യത്തിന്റെ ഗ്രാമങ്ങളില്‍ സന്ദര്‍ശിക്കുക എന്ന പദ്ധതിയും റെയ്നോള്‍ഡ്സിന്റെ മനസ്സിലുണ്ട്. 

കുട്ടികള്‍ക്കുള്ള ട്രാക്ക് എന്ന കഥാ പരമ്പരയിലൂടെയാണ് റെയ്നോള്‍ഡ്സ് അമേരിക്കയില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. എ ലോങ് വേ ഡൗണ്‍, ലുക് ബോത് വെയ്സ് എന്നിങ്ങനെ നാഷനല്‍ ബുക്ക് പുരസ്കാരം ഉള്‍പ്പെടെ നേടിയ കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. സ്റ്റാംപ്ഡ് ആണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്ത കൃതി. 

രാജ്യമെങ്ങുമുള്ള ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും സഞ്ചരിച്ച് കുട്ടികളുമായി സംവാദം നടത്തി അവരുടെ സൃഷ്ടികള്‍ സമാഹരിക്കുക എന്ന ലക്ഷ്യവും റെയ്നോള്‍ഡ്സിനുണ്ട്. കുട്ടിക്കാലത്ത് താനും വായനയില്‍ വിമുഖനായ കുട്ടിയായിരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുമുണ്ട്. പിന്നീടാണ് സാഹിത്യത്തില്‍ ആകൃഷ്ടനാകുന്നതും പുസ്തക രചനയിലേക്ക് തിരിയുന്നതും. എല്ലാവരിലും ഒരു കഥാകാരനുണ്ടെന്നും പ്രോത്സാഹിപ്പിച്ചാല്‍ ആര്‍ക്കും എഴുത്തുകാരനാകാന്‍ കഴിയുമെന്നുമാണ് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിക്കുന്നതും. 

36 വയസ്സുകാരനായ ജേസന്‍ റെയ്നോള്‍ഡ്സ് അംബാസഡര്‍ പദവിയില്‍ എത്തുന്നതോടെ അമേരിക്കയില്‍ യുവതലമുറയുടെ സാഹിത്യത്തില്‍ വലിയ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. വാള്‍ട്ടര്‍ ഡീന്‍ മെയേഴ്സ്, കാതറിന്‍ പാറ്റേഴ്സന്‍, ജീന്‍ ലുയാന്‍ യാങ് എന്നിവരും മുമ്പ് കുട്ടികളുടെ അംബാസഡര്‍ പദവി അലങ്കരിച്ചിട്ടുണ്ട്. 

English Summary : Jason Reynolds, ‘Young People’s Literature’, Ambassador

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA