ADVERTISEMENT

രണ്ടു സന്യാസിമാരിൽ ഒരാൾ ത്യാഗിയായിരുന്നു. ത്യജിക്കുന്നതിലൂടെയാണ് എല്ലാം ലഭ്യമാകുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. രണ്ടാമത്തെയാൾക്കു സമ്പാദ്യശീലമുണ്ടായിരുന്നു. സമ്പത്തില്ലെങ്കിൽ ഒന്നിനുമാകില്ല എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. 

 

ഒരിക്കൽ ഇരുവരും നദീതീരത്തെത്തി. ത്യാഗിയായ സന്യാസി പറഞ്ഞു, ‘‘വഞ്ചിക്കാരനു പണം കൊടുത്ത് അപ്പുറത്തു പോകേണ്ട. ഈ രാത്രി ഇവിടിരിക്കാം’’. സമ്പാദ്യക്കാരൻ സന്യാസി പറഞ്ഞു, ‘‘ഇവിടിരുന്നാൽ തണുപ്പേറ്റു മരിക്കും’’. അദ്ദേഹം ത്യാഗിയെയും കൂട്ടി വഞ്ചിയിൽ മറുകരയെത്തി, രണ്ടുപേരുടെയും പണവും കൊടുത്തു. എന്നിട്ടു ത്യാഗിയോടു ചോദിച്ചു, ഇപ്പോൾ സമ്പാദ്യത്തിന്റെ വില മനസ്സിലായോ? ത്യാഗിയായ സന്യാസി പറഞ്ഞു – നിങ്ങൾ ത്യാഗം ചെയ്തതു കൊണ്ടാണ് ഇക്കരെയെത്തിയത്. പണം കയ്യിൽ സൂക്ഷിച്ചിരുന്നെങ്കിൽ ഇവിടെ എത്തില്ലായിരുന്നു! 

 

പ്രയോജനരഹിതമെങ്കിൽ പിന്നെന്തിനാണ് അധിക പ്രയത്നവും സമ്പാദ്യവും? ആർക്കും ഉപകാരപ്പെടാത്തവ എത്ര അധികമുണ്ടെങ്കിലും അവയെല്ലാം അനാവശ്യവും അനാരോഗ്യകരവുമായിരിക്കും. ക്രയവിക്രയ സാധ്യതയില്ലാത്തതെല്ലാം നിശ്ചലവും നിർഗുണവുമായിരിക്കും; അതു സ്വത്തായാലും സ്നേഹമായാലും. സുരക്ഷിത അറകളിൽ പൂഴ്ത്തിവച്ചിരിക്കുന്നതെല്ലാം അവിടെക്കിടന്നു ശ്വാസംമുട്ടി മരിക്കും. ഇന്നത്തെ നിക്ഷേപത്തിനു നാളെ എന്തെങ്കിലും ഗുണമുണ്ടാകണം. 

 

അധ്വാനിക്കുന്നതെല്ലാം മറ്റാർക്കോ വേണ്ടി അവശേഷിപ്പിക്കുന്നതല്ല, കുറച്ചെങ്കിലും ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതാണു മിടുക്ക്. വിതരണം ചെയ്യാൻ അറിയാത്തവർ സംഭരിച്ചിട്ട് എന്തു കാര്യം? ചെലവഴിക്കുന്ന ഓരോ ചില്ലിക്കാശിലൂടെയും മറ്റു ചിലർ ജീവിതം കരുപ്പിടിപ്പിക്കുന്നുണ്ടാകും. എന്റെ ജീവിതം എന്തു വിലകൊടുത്തും സുരക്ഷിതമാക്കുന്നത് സ്വാർഥത;  എല്ലാവർക്കും ജീവിക്കാനുതകുന്ന സാധ്യതകൾ രൂപപ്പെടുത്തുന്നത് കരുതൽ. 

 

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com