ADVERTISEMENT

ചില പുസ്തകങ്ങള്‍ ഒരിക്കല്‍ വായിക്കാനുള്ളതാണ്. മറ്റു ചിലവ രണ്ടാമത് ഒരാവര്‍ത്തി കൂടി വായിക്കാനുള്ളവ. ചില പുസ്തകങ്ങളാകട്ടെ ആവര്‍ത്തിച്ചുവായിക്കുംതോറും അവയോടുള്ള അടുപ്പം കൂടുകയും കൂടുതല്‍ പ്രിയപ്പെട്ടതാകുകയും ചെയ്യും. അങ്ങനെയുള്ള ചില പുസ്തകങ്ങളുണ്ട് എഴുത്തുകാരി അമാൻഡ പാരിസിന്റെ മനസ്സില്‍. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പുറത്തുവരികയും 20 വര്‍ഷത്തിനുശേഷവും മങ്ങാതെ, തിളക്കം നഷ്ടപ്പെടാതെ മനസ്സില്‍ അവശേഷിക്കുകയും ചെയ്യുന്ന പുസ്തകങ്ങള്‍. വായനക്കാര്‍ക്കും ഇഷ്ടമാകുമെന്ന പ്രതീക്ഷയില്‍ ആ പുസ്തകങ്ങളെക്കുറിച്ചു പറയുകയാണ് അമാൻഡ; ഒപ്പം എന്തുകൊണ്ട് താന്‍ ആ പുസ്തകങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടെന്നും. 

 

1. മിഡ്നൈറ്റ് റോബര്‍

mid-night-robber-01

 

കൗമാരത്തിന്റെ കഥകള്‍ക്ക് ഒരു പ്രത്യേകയുണ്ട്. അവ എല്ലാക്കാലത്തും വായനക്കാര്‍ക്ക് ഏറെ ഇഷ്ടം തോന്നുന്ന കഥകളായിരിക്കും. വാര്‍ധക്യത്തിലും മാടിവിളിക്കുന്ന ഗൃഹാതുരതയാണ് അത്തരം പുസ്തകങ്ങളുടെ പ്രത്യേകത. നാലോ ഹോപ്കിന്‍സന്‍ എന്ന കരീബിയന്‍ എഴുത്തുകാരി അറിയപ്പെടുന്നതു പുരസ്കാരത്തിനര്‍ഹമായ ബ്രൗണ്‍ ഗേള്‍ ഇന്‍ ദ് റിങ് എന്ന നോവലിന്റെ പേരിലാണെങ്കിലും അമാൻഡയ്ക്ക് ഏറെയിഷ്ടം ടാന്‍ ടാന്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന മിഡ്നൈറ്റ് റോബര്‍ എന്ന നോവല്‍ തന്നെയാണ്. നോവലിന്റെ തുടക്കം തന്നെ അമാൻഡയെ അമ്മൂമ്മയുടെ ഓര്‍മകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. 

 

soldier-01

കൗമാരത്തിലെ ഏറ്റവും വലിയ കൂട്ടായ അമ്മൂമ്മയിലേക്കും ഉപാധികളില്ലാത്ത ആ സ്നേഹത്തിലേക്കും. ജമൈക്കയില്‍ ജനിച്ച ഹോപ്കിന്‍സന്‍ ട്രിനിഡാഡിലും ഗയാനയിലും അമേരിക്കയിലും കുട്ടിക്കാലം ചെലവഴിച്ചതിനുശേഷം കാനഡയിലേക്കു കുടിയേറുകയായിരുന്നു. കരീബിയന്‍ ജീവിതത്തിന്റെ സമസ്ത ഭംഗിയും ഇതള്‍ വിടര്‍ത്തുന്നതാണ് അവരുടെ നോവലുകളും കഥകളും. കൂട്ടത്തില്‍ മിഡ്നൈറ്റ് റോബര്‍ തന്നെയാണ് അമാൻഡ ആവര്‍ത്തിച്ചു വായിക്കുന്നതും ഇഷ്ടത്തോടെ ഓര്‍ത്തുവയ്ക്കുന്നതും. 

 

2. സോള്‍ജിയർ 

white-teeth-03

 

ജൂണ്‍ ജോര്‍ദാന്റെ ഓര്‍മക്കുറിപ്പുകളായ സോൾജിയർ ഒളിമങ്ങാത്ത ഓര്‍മകളുടെ സമാഹാരമാണ്. സോള്‍ജ്യര്‍ പ്രസിദ്ധീകരിച്ച് രണ്ടുവര്‍ഷത്തിനുശേഷം അര്‍ബുദത്തെത്തുടര്‍ന്ന് ജൂണ്‍ വിടവാങ്ങുകയും ചെയ്തു. എന്നാല്‍ കവി. ഉപന്യാസരചയിതാവ്, പത്രപ്രവര്‍ത്തക‍, നാടകകൃത്ത് എന്നീ നിലകളിലെല്ലാം വലിയ സംഭാവനകള്‍ അവശേഷിപ്പിച്ചാണ് അവര്‍ കടന്നുപോയത്. കൂട്ടത്തില്‍ വിലമതിക്കാനാവാത്തതാണ് സോൾജിയർ എന്ന ഓര്‍മക്കുറിപ്പ്. 

 

സര്‍വകാശാല പഠനത്തിനിടെയാണ് അമാൻഡ സോള്‍ജ്യര്‍ വായിക്കുന്നത്. ആഫ്രിക്കന്‍- അമേരിക്കന്‍ ജീവിതചിത്രങ്ങളാണ് തന്റെ കഥകളില്‍ ജൂണ്‍ പറയാറുള്ളത്. വാക്കുകളുടെ തിരഞ്ഞെടുപ്പും ഓര്‍മകളുടെ സത്യസന്ധതയും ജൂണിനെ വല്ലാതെ ആകര്‍ഷിച്ചു. മാരക രോഗത്തെത്തുടര്‍ന്ന് ജൂണിന് സോൾജിയർ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുട്ടിക്കാലത്തെക്കുറിച്ചുള്ള അവരുടെ ഓര്‍മകളില്‍ ഒരിക്കല്‍ വായിക്കുന്നവരുടെ മനസ്സില്‍പോലും മായാത്ത ചിത്രങ്ങള്‍ സമ്മാനിക്കും. വായിച്ചാല്‍ പിന്നീട് ഒരിക്കലും മറക്കാന്‍ കഴിയാത്ത പുസ്തകങ്ങളിലൊന്ന്. 

 

3. വൈറ്റ് ടീത്ത് 

 

കേംബ്രിജ്ഡില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് സാഡി സ്മിത്ത് തന്റെ ആദ്യ നോവല്‍ എഴുതുന്നത്. പിന്നീട് അവര്‍ എഴുതിയ പ്രശസ്ത കൃതികളേക്കാളും തിളക്കമുള്ളതും ഉജ്വലവുമാണ് ആദ്യകൃതിയായ ‘വൈറ്റ് ടീത്ത്’. തലമുറകളുടെ കഥ പറയുന്ന ഇതിഹാസ നോവല്‍.  ലണ്ടന്റെ പശ്ചാത്തത്തില്‍ രണ്ടു കുടുംബങ്ങളുടെ കഥയാണു സാഡി സ്മിത്ത് പറയുന്നത്. ബംഗ്ലദേശില്‍നിന്നും ജമൈക്കയില്‍നിന്നുമുള്ള കുടുംബങ്ങള്‍. ഒന്നോ രണ്ടോ വരിയില്‍ കഥ പറയാന്‍ ആകാത്ത ഈ പുസ്തകത്തിന്റെ സൗന്ദര്യം വായിച്ചുതന്നെ അറിയണം. 

 

4. ഏന്‍ജലിക് 

 

മേരി ജോസഫ് ഏന്‍ജലിക് എന്ന യുവതിയുടെ കഥ കാനഡക്കാര്‍ മാത്രമല്ല ലോകത്തെ എല്ലാ സ്ത്രീകളും വായിക്കേണ്ടതും അറിയേണ്ടതുമാണ്. മോമ്‍ട്രിയലില്‍ ചങ്ങലയ്ക്കിടപ്പെട്ട കറുത്ത വംശജയായിരുന്നു ലോറേണ ഗാലെ. ഒരു തീപിടിത്തത്തിന്റെ കുറ്റം ആരോപിക്കപ്പെട്ട് പൊതുജനമധ്യത്തില്‍ തൂക്കിക്കൊലയ്ക്കു വിധേയയായ വ്യക്തി. 1998 ല്‍ നാടകരൂപത്തില്‍ അവതരിപ്പിച്ച ഏന്‍ജലിക് 2000-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. 

 

English Summary : Female Authors, Midnight Robber, Soldier: A Poet's Childhood,White Teeth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com