ADVERTISEMENT

മലയാളത്തില്‍ ഭൂരിപക്ഷം സിനിമകളും തിരഞ്ഞെടുത്ത ആദ്യ രംഗത്തില്‍ നിറഞ്ഞുനില്‍ക്കുന്നതു മനുഷ്യരേക്കാള്‍ കാറുകളാണ്. നിരത്തുകളെ പിന്നിട്ടുവരുന്ന ഒരു കാറിലേക്കു ക്യാമറ സൂം ചെയ്യുമ്പോള്‍ സിനിമ തുടങ്ങുന്നു. പല കാലങ്ങളിലായി കണ്ട സിനിമകള്‍ ഓര്‍ത്തുനോക്കൂ. പഴയ കാലമെന്നോ പുതിയ കാലമെന്നോ ആധുനികാനന്തര കാലമെന്നോ വ്യത്യാസമില്ലാതെ ഓടിവരുന്ന ഒരു കാര്‍ കാണാം. 

 

ആ കാറിലുണ്ടായിരിക്കും സിനിമയിലെ പ്രധാന കഥാപാത്രങ്ങളോ അവരെ സ്വീകരിക്കാനെത്തുന്നവരോ. ഇതില്‍നിന്നു വ്യത്യസ്തമായി വിജനമായ ഒരു വഴിയിലൂടെ അനന്തതയിലേക്കെന്നവണ്ണം കുതിക്കുന്ന കാറില്‍ അവസാനിക്കുന്ന ഒരു സിനിമയുണ്ട് മലയാളത്തില്‍. കാറില്‍, ആ സിനിമയുടെ ഇടവേളയ്ക്കുശേഷം മാത്രം വരികയും സ്വന്തം പ്രണയത്തെ മറ്റൊരാള്‍ക്കു നല്‍കി വേദന പുറത്തുകാട്ടാതെ മടങ്ങിപ്പോകുകയും ചെയ്യുന്ന ഒരു കഥാപാത്രമുണ്ട്. നരേന്ദ്രന്‍. മലയാള സിനിമയിലെ ഏറ്റവും അവിസ്മരണീയ കഥാപാത്രം. 

 

padmarajan-innale-gif
പത്മരാജൻ, ഇന്നലെ എന്ന ചിത്രത്തിലെ ഒരു രംഗം

സ്നേഹിച്ചവരെ ഏതു വിധേയനയും സ്വന്തമാക്കുന്ന നായികാ നായകന്‍മാര്‍ക്കിടയില്‍ വ്യത്യസ്തന്‍.  അല്ലെങ്കില്‍തന്നെ,  സ്വന്തം പ്രണയം ത്യജിക്കാന്‍ ആര്‍ക്കു കഴിയും ? പ്രണയം ഉപേക്ഷിക്കുന്നവര്‍ എങ്ങനെയാണു പ്രണയികളാകുന്നത്. അനുരാഗികളാകുന്നത്. സംശയങ്ങളെ അപ്രസക്തമാക്കാന്‍ ആ സിനിമയ്ക്കു കഴിയുന്നുണ്ട്. അതു മലയാളത്തിലെ മികച്ച സംവിധായകരുടെ പോലും ഇഷ്ടസിനിമയാണ്. ഓര്‍മയില്‍ നോവിപ്പിക്കുന്ന, മറക്കാന്‍ കഴിയാത്ത, അസ്വസ്ഥമാക്കുന്ന, അസാധാരണ സിനിമകളിലൊന്ന്. സിനിമയുടെ പേര് ഇന്നലെ. സാക്ഷാത്കാരം പത്മരാജന്‍. 

 

ഇന്നലെയില്‍ ഉപേക്ഷിക്കേണ്ടിവന്ന പ്രണയത്തിന്റെ കഥയാണത്. പക്ഷേ, ആര്‍ക്കാണു പ്രണയത്തെ ഇന്നലെയില്‍ ഉപേക്ഷിച്ച്, സംപൂര്‍ണ വിസ്മൃതിയില്‍ ജീവിക്കാനാകുക. നേര്‍ത്ത, നനുത്ത, നിലാവിന്റെ രശ്മികളെപ്പോല്‍ ഓര്‍മകള്‍ അനുവാദം ചോദിക്കാതെ മുട്ടിവിളിക്കുമ്പോള്‍ ആര്‍ക്കാണു ഹൃദയത്തിന്റെ വാതില്‍ കൊട്ടിയടയ്ക്കാനാകുക. 

 

ഇന്നലെയില്‍ മാത്രമല്ല, ആദ്യമായി എഴുതിയ കഥയില്‍ തന്നെ പത്മരാജന്‍ യാത്ര ചോദിക്കാതെ പിരിയുന്ന പ്രണയികളെക്കുറിച്ചാണ് എഴുതിയത്. ലോല. താമരയുടെ രാജാവ് (പത്മരാജന്‍) എന്നു പേരുള്ള സന്ദര്‍ശകനെ പ്രണയിച്ച അമേരിക്കന്‍ പെണ്‍കുട്ടി. ലോലയില്‍ എഴുത്തുകാരന്‍ അദ്ഭുതപ്പെടുന്നുണ്ട്: ഒരമേരിക്കന്‍ പെണ്‍കിടാവിന് ഇത്ര തീവ്രമായും മധുരതരമായും പ്രണയിക്കാന്‍ കഴിയുമോയെന്ന്. 

namukku-parkan-munthiri-thoppukal-44-gif
നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളിലെ ഒരു രംഗം

 

ഞാന്‍ കട്ടിലിലിരുന്നു. എന്റെ കാല്‍ക്കല്‍ വെറും നിലത്തായി ലോലയും. ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള്‍ മൃദുവായി ചുംബിച്ചു. മറ്റു ചിലപ്പോള്‍ നിശ്ശബ്ദയായി അവള്‍ എന്റെ മുഖത്തേക്കു നോക്കി. 

namukku-parkan-munthiri-thoppukal-4488-gif
നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളിലെ ഒരു രംഗം

അവള്‍ ഒരമേരിക്കക്കാരിയാണെന്നു വിശ്വസിക്കാന്‍ ആ നിമിഷങ്ങളില്‍ പ്രയാസം തോന്നി. രാവിലെ തമ്മില്‍ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്കു വിടതരിക. 

thoovanathumbikal-66-gif
തൂവാനത്തുമ്പികളിലെ ഒരു രംഗം

 

ലോല ഇപ്പോള്‍ എവിടെയായിരിക്കും. എന്തിനു സംശയിക്കണം. പത്മരാജന്റെ തൊട്ടടുത്ത്. അകാലത്തില്‍ അന്തരിച്ച് അദ്ഭുതപ്പെടുത്തിയ ആ ഗന്ധര്‍വന്റെ സമീപത്തല്ലാതെ വേറെ എവിടെപ്പോകാന്‍ ലോല. 

തൂവാത്തുമ്പികളിലെ ക്ലാരയോ ? ഒന്നോര്‍ത്താല്‍ അതിശയിക്കാതിരിക്കാനാകില്ല. ഇന്നെലെയില്‍ മാത്രമല്ല, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലും പാഞ്ഞുപോകുന്ന ഒരു ലോറിയില്ലേ. മറ്റൊരാള്‍ അപമാനിച്ചെന്നു മനസ്സിലായിട്ടും പ്രിയപ്പെട്ടവളെ നെഞ്ചോടു ചേര്‍ത്ത് ലോറി ഓടിച്ചുപോകുന്ന സോളമന്‍. മലയാളത്തില്‍ വേറെ ഏതെങ്കിലും നായകന്‍ അത്രയ്ക്കു ധീരത കാട്ടിയ വേറെ ഏതെങ്കിലും സന്ദര്‍ഭം ഓര്‍മിക്കാനാകുന്നുണ്ടോ ? 

 

അപമാനിക്കാന്‍ കഴിയുന്നതു ശരീരത്തെ മാത്രമാണെന്നും പ്രണയം മനസ്സുകള്‍ തമ്മിലാണെന്നും സോളമന്‍ പറയാതെ പറയുന്നത് ഉത്തമഗീതത്തിലൂടെയാണ്. പ്രണയം മരണം പോലെ ശക്തമാണെന്നു പറ‍ഞ്ഞ അതേ ഉത്തമഗീതത്തിന്റെ പശ്ചാത്തലത്തില്‍. 

 

തൂവാനത്തുമ്പികളുടെ അവസാന ദൃശ്യത്തിലും ഒരു വാഹനമുണ്ട്. ട്രെയിനാണെന്നു മാത്രം. ആ ട്രെയിനില്‍ ക്ലാരയുണ്ട്. അവളുടെ ഭര്‍ത്താവുണ്ട്. മകളുണ്ട്. ടെയിന്‍ ചൂളം വിളിച്ചു കടന്നുപോകുമ്പോള്‍ ജയകൃഷ്ണന്‍ ഒറ്റയ്ക്കല്ല. ഒന്നാം രാഗം പാടി, ഒന്നിനെമാത്രം തേടിയ കാമുകിയുണ്ട് കൂടെ. എങ്കിലും മറക്കാന്‍ കഴിയുമോ ക്ലാരയെ. ജയകൃഷ്നു മാത്രമല്ല, തൂവാനത്തുമ്പികള്‍ കണ്ടു പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ സ്വന്തമാക്കിയ ഏതെങ്കിലും കാമുകര്‍ക്കു മറക്കാന്‍ കഴിയുമോ ക്ലാരയെ. മഴ പോലെ ഇരച്ചെത്തിയ, തൂവാനത്തുമ്പിള്‍ പോലെ നനച്ച, കടലലകള്‍ പോലെ കടന്നുപോയ ഇന്നലെയുടെ ക്ലാരയെ. 

പി. പത്മരാജൻ

 

പത്മരാജന്‍ മലയാളികള്‍ക്കു വിട്ടുതന്ന നായികമാര്‍ വേറെയുമുണ്ട്. ഓരോരുത്തെരെക്കുറിച്ചും എഴുതാം എത്ര വേണമെങ്കിലും. എഴുത്തിനെ സഫലമാക്കുന്ന പ്രണയങ്ങള്‍. പ്രണയത്തെ അനവദ്യമാക്കുന്ന ജീവിതങ്ങള്‍. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകള്‍. കൂടെവിടെ എന്നു ചോദിച്ചതും പത്മരാന്‍ തന്നെ. ആലിസിനോടു മാത്രമല്ല, തോമസിനോടും പിന്നെ മലയാളത്തിലെ പ്രണയം ഏറ്റുവാങ്ങിയ തലമുറകളോടും. 

 

കൂടെവിടെയിലെ തോമസ് പ്രണയത്താല്‍ അന്ധനായ ചെറുപ്പക്കാരനാണ്. പ്രണയത്തിന്റെ സ്വാര്‍ഥതയും അസൂയയും കൂടിപ്പോയപ്പോള്‍ സ്വന്തം കാമുകിക്കുപോലും സഹിക്കാന്‍ പറ്റാതായ കാമുകന്‍. കൂടെവിടെയിലെ അവസാന രംഗവും വേര്‍പിരിയലാണ്. വേദനയാണ്. അനന്തവും അവിരാമവുമായ ദുഃഖത്തിലേക്കുള്ള യാത്രയാണ്. 

 

ഞാന്‍...ഞാന്‍ ...നാളെ പോണു (ആലീസ് ) 

 

തോമസ്: എവിടേക്ക് ?

 

ആലീസ്: തീരുമാനിച്ചിട്ടില്ല. 

 

നെടുനീളന്‍ വരാന്തയുടെ അങ്ങേയറ്റത്തെത്തി അകത്തേക്കു കയറുന്നതിനു മുമ്പായി നടത്തയ്ക്കിടയില്‍ തോമസ് ഒന്നു തിരിഞ്ഞുനോക്കി. അയാള്‍ നില്‍ക്കുന്നില്ല. അയാള്‍ മറഞ്ഞു. അകലെയകലെ മുഴങ്ങുന്ന ബൂട്സിന്റെ ശബ്ദം.

 

അലീസ് അവിടെത്തന്നെ നിന്നു. അവളുടെ ചുറ്റും, തൂണുകള്‍ക്കിടയില്‍നിന്നും മുഴങ്ങുന്നതുപോലെ ബൂട്സിന്റെ ശബ്ദം. അതിന്റെ പ്രതിധ്വനികള്‍. ആലീസ് നീളന്‍ വരാന്തയുടെ അങ്ങേയറ്റത്ത് ഒരു പൊട്ടുപോലെ... 

 

രണ്ടുപേര്‍ ഒരു കട്ടിലില്‍ താങ്ങിയെടുത്തിരിക്കുന്ന മൃതദേഹം കണ്ടുകൊണ്ടാണു രതിനിര്‍വേദത്തിലെ പപ്പു ജീവിതത്തിലേക്കു യാത്ര തുടങ്ങുന്നത്. മലയാളത്തിലെ എക്കാലത്തെയും ഐതിഹാസികമായ സിനിമ. അവസാന രംഗം. കട്ടിലില്‍, വെള്ളപ്പുതപ്പിനടിയില്‍നിന്ന്, രണ്ടു കാല്‍പത്തികള്‍ കാണാം. വിറങ്ങലിച്ച രണ്ട് ഉള്ളംകാലുകള്‍. 

 

പപ്പു മുന്നോട്ടു കുതിക്കാന്‍ തുടങ്ങി. മറ്റൊരാള്‍ അവനെ തടഞ്ഞു. ശവഘോഷയാത്ര അടുത്തടുത്തേക്ക്. പപ്പുവിന്റെ മുഖം. ശൂന്യമായ ഒരു നോട്ടമാണ് അവന്റേത്. പപ്പുവിന്റെ വിവശമായ മുഖം. അവിടെ ഒരു നീര്‍മണി ഉരുണ്ടുകൂടാന്‍ തുടങ്ങുന്നു. എന്തായിരിക്കാം പപ്പു കരയാത്തത്. ജയകൃഷണന്‍ കരയുന്നില്ലല്ലോ. ലോലയിലെ താമരയുടെ രാജാവ് എന്നു പേരുകാരനായ കാമുകന്‍ കരയുന്നില്ലല്ലോ. ആലീസും തോമസും കരയുന്നില്ലല്ലോ. ഇന്നലെയിലെ നരേന്ദ്രനും കരയുന്നില്ല. കരയരുത്. കേള്‍ക്കുന്നില്ലേ ഗന്ധര്‍വ്വ ശബ്ദം.  

 

സൂര്യസ്പര്‍ശമുള്ള പകലുകളില്‍ ഇനി നീ ഇല്ലാ. പകലുകള്‍ നിന്നില്‍നിന്നു ശബ്ദം ചോര്‍ത്തിക്കളഞ്ഞി രിക്കുന്നു. ചന്ദ്രസ്പര്‍ശമുള്ള രാത്രികളും. നിനക്കിനി ആകെയുള്ളത് ഇന്നത്തെ ഈ രാത്രി മാത്രം. ഇന്നത്തെ രാത്രി. രാത്രിയുടെ പതിനേഴാമത്തെ കാറ്റു വീശാന്‍ തുടങ്ങുമ്പോള്‍, നീ ഈ ഭൂമിയില്‍ നിന്നു യാത്രയാകും. ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്ര... 

 

English Summary : In Memory Of P.Padmarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com