ADVERTISEMENT

അരികുവൽക്കരിക്കപ്പെട്ടവരെക്കുറിച്ചുള്ള എഴുത്തു ഏറെ ശ്രദ്ധിക്കപ്പെടുന്ന കാലമാണിത്. ആഗോള സർവകലാശാലകൾ അതേക്കുറിച്ചു പഠനം നടത്തുന്നു. അവർ ആരാണ്, എങ്ങനെ ജീവിക്കുന്നു, എന്താണ് അവരുടെ മോഹങ്ങൾ? നാരായൺ എഴുതിയ കൊച്ചരേത്തിയുടെ ഇംഗ്ലിഷ് പരിഭാഷ ഒരു കനേഡിയൻ സർവകലാശാലയുടെ സിലബസിൽ ഇടം നേടി. നാരായൺ ഇവിടെയുള്ള നിഷ്കളങ്കനായ സാധു മനുഷ്യൻ. എങ്ങനെയാണ് സായിപ്പിന് അതു കൊണ്ടത്? എവിടെയെങ്കിലും കൊണ്ടുകാണുമല്ലോ. ഒരു മറുജീവിതം, അരികുജീവിതം അത് അവർക്കു കാണാൻ കഴിഞ്ഞു. 

ഫ്രാൻസിസ് നൊറോണയുടെ കാര്യത്തിലും അനുഭവങ്ങളുടെ തീവ്രത കൂടുതൽ ശക്തമായി കാണാൻ കഴിയുന്നു. ഏറെ ദുരിതങ്ങളനുഭവിച്ച്, പീഡനങ്ങൾ സഹിച്ച് എഴുത്തുകാരനായിത്തീർന്നയാളുടെ അനുഭവങ്ങളാണത്.  കറുത്ത ജൂതന്മാരും വെളുത്ത ജൂതന്മാരുമുണ്ടെന്ന് എത്രപേർക്കറിയാം? പലരും കണ്ടിട്ടുള്ളതു വെളുത്ത ജൂതന്മാരെ മാത്രമാണ്. കറുത്ത ജൂതന്മാരെ സിനഗോഗിൽ കയറ്റിയിരുന്നില്ല. ഇക്കാര്യം തന്നെയാണു മുണ്ടൻ പറുങ്കിയിൽ നൊറോണ പറഞ്ഞിരിക്കുന്നത്. ആംഗ്ലോ ഇന്ത്യക്കാരെക്കുറിച്ചു നമ്മുടെ ധാരണയെന്താണ്? മനോഹരമായി വേഷം ധരിച്ചിരുന്ന, ചട്ടക്കാരെന്നു നമ്മൾ വിളിച്ചിരുന്ന ഒരു കൂട്ടം ആളുകൾ. 

mundan-parunki-release-011
കൊച്ചി കൃതി രാജ്യാന്തര പുസ്തകമേളയിൽ ഫ്രാൻസിസ് നൊറോണയുടെ മുണ്ടൻ പറുങ്കി എന്ന പുസ്തകം സേതു സെന്റ് ആൽബർട്ട്സ് കോളജ് പ്രിൻസിപ്പൽ എം.എൽ ജോസഫിനു നൽകി പ്രകാശനം ചെയ്യുന്നു. ഫ്രാൻസിസ് നൊറോണ സമീപം

ജൂതന്മാർ ഇസ്രയേലിലേക്കു മടങ്ങിയതു പോലെ ആംഗ്ലോ ഇന്ത്യക്കാരും കുറെയൊക്കെ മടങ്ങിപ്പോയി. ഫ്രാൻസിസ് ജനിച്ചത് അപ്പനും വല്യപ്പനും കൂടി അകാശപ്പെട്ട വീട്ടിലാണ്. പലക കൊണ്ടു മറച്ച് ഒരു വശത്തു വല്യപ്പന്റെ കുടുംബം. മറുവശത്ത് ഫ്രാൻസിസിന്റെ അപ്പനും കുടുംബവും. ഒരിക്കൽ ഉറക്കത്തിൽ സ്വപ്നം കണ്ടു ഫ്രാൻസിസ് കാലിട്ടിളക്കിയപ്പോൾ പലകയിൽ തട്ടി ശബ്ദമുണ്ടായി. അതു വലിയ കോലാഹലമായി. അതോടെ വല്യപ്പന്റെ വീട്ടിൽ നിന്ന് ഒരു വയർ വലിച്ചു നൽകിയിരുന്ന ഒരു ബൾബിന്റെ വെളിച്ചം പിൻവലിക്കപ്പെട്ടു. ഒടുവിൽ, വീടിന്റെ പകുതി പൊളിച്ചെടുത്തു വല്യപ്പനും കുടുംബവും സ്ഥലം വിട്ടു. കക്കൂസുകൾക്കു പകരം തുറന്ന പറമ്പിൽ മലമൂത്ര വിസർജനം ചെയ്യേണ്ട വരുന്നതു പുതിയ തലമുറയ്ക്കു സങ്കൽപിക്കാൻ ബുദ്ധിമുട്ടാണ്. 

mundanparunki-022
ഫ്രാൻസിസ് നൊറോണയു‌ടെ മുണ്ടൻ പറുങ്കി എന്ന പുസ്തകം

നമ്മിൽ പലർക്കും സങ്കൽപിക്കാൻ പോലും കഴിയാത്തതാണ്. അരികുജീവിതം എന്നു നാം വെറുതെ പറഞ്ഞുപോവുക മാത്രം ചെയ്യുന്നു. എന്നാൽ അരികുജീവിതത്തിന്റെ തീച്ചൂളകൾ എത്ര തീക്ഷ്ണമാണ്! അതു വായിക്കുമ്പോൾ പുതുതലമുറയ്ക്കു പൊള്ളിപ്പോകും. ആടയാഭരണങ്ങളും ജാഡയുമില്ലാതെ ഒരാൾ‌ അയാളുടെ ജീവിതം പറയുകയാണ്. ഇതു ഡയറക്ട് കമ്യൂണിക്കേഷനാണ്. ഇതിനൊരു ഇടനിലക്കാരനോ വ്യാഖ്യാതാവോ എഡിറ്ററോ ഒന്നും ആവശ്യമില്ല. 

മലയാളത്തിൽ ഇന്നത്തെ ഏറ്റവും വലിയ സംഭവം എഡിറ്ററില്ലാത്തതാണ്. ആര് എന്ത് എഴുതിക്കൊടുത്താലും അത് ആളുടെ പ്രശസ്തി അനുസരിച്ചു നേരെ പ്രസിൽ പോകും. എന്റെ മൂന്നു പുസ്തകങ്ങൾ ഞാൻ തന്നെ വീണ്ടും ചുരുക്കിയെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ മുണ്ടൻ പറുങ്കിയിൽ ഒഴിവാക്കാൻ ദുർമേദസില്ല. ഇതു നോവലല്ല, ഓർമക്കുറിപ്പുകളാണ്. എന്നാൽ, ഇത് ആദ്യവസാനം വായനക്കാരനെ പിടിച്ചിരുത്തിക്കളയും. എഴുത്തുകാരൻ അനുവാചകന്റെ മുന്നിൽ വന്ന് അയാളുടെ പൊള്ളുന്ന ജീവിതം പറയുമ്പോൾ അത് ഉള്ളിൽത്തട്ടും. കാരണം നമ്മുടെ സാഹിത്യവും അനുഭവവും ജീവിതവും തമ്മിലുള്ള വരമ്പുകൾ മാഞ്ഞുകൊണ്ടിരിക്കുകയാണ്. 

പണ്ടൊക്കെ സാഹിത്യസമ്മേളനങ്ങൾ ചർച്ച ചെയ്തിരുന്നതു വലിയ വലിയ കാര്യങ്ങളാണ്. സാഹിത്യത്തിലെ ലാവണ്യനിയമങ്ങൾ, രൂപഭദ്രതാവാദം... ഇന്ന് അതൊന്നും ആരും പറയുന്നില്ല. പറയുന്നതു പൊള്ളുന്ന വിഷയങ്ങളാണ്. അതുകൊണ്ട് ഫ്രാൻസിസിന്റെ മുണ്ടൻ പറുങ്കി ഇംഗ്ലിഷിൽ കൂടി പ്രസിദ്ധീകരിക്കപ്പെടണമെന്നു കൂടി ആഗ്രഹമുണ്ട്. അരികുജീവിതങ്ങൾ വായിക്കാൻ കാത്തിരിക്കുന്ന വലിയൊരു അനുവാചകവൃന്ദം ലോകത്തുണ്ട്. 

English Summary : Writer Sethu Talks About Mundan Parunki Book By Francis Noronha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com