ADVERTISEMENT

കൊച്ചി ∙ കെ. സേതുരാമന്‍ ഐപിഎസ് - സമൂഹത്തിന്റെ താഴേത്തട്ടില്‍നിന്ന് ഐപിഎസിലെത്തിയ ആള്‍ എന്ന നിലയില്‍ ഏറെപ്പേര്‍ക്കു പ്രചോദനമായി വാര്‍ത്തകളില്‍ ഇടം പിടിച്ചയാള്‍. എന്നാല്‍ കൃതി രാജ്യാന്തര പുസ്തകമേളയ്‌ക്കൊപ്പം നടക്കുന്ന വിജ്ഞാനോത്സവത്തില്‍ ‘ജനിതകവും കേരളചരിത്രത്തിന്റെ പുനര്‍വായനയും’ എന്ന സെഷനില്‍ ഒരു ചരിത്രകാരന്റെ റോളില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹം പിന്നെയും കേരളീയരെ അതിശയിപ്പിക്കുന്നു. അദ്ദേഹം പുനര്‍വായന നടത്തി അവതരിപ്പിക്കുന്ന ചരിത്രം പുതിയ കാഴ്ചപ്പാടുകളിലൂടെ, പുതിയ കണ്ടെത്തലുകളിലൂടെ നമുക്ക് പാഠമാകുന്നു. ‘മലയാളി ഒരു ജനിതകവായന’ എന്ന തന്റെ പുസ്തകത്തിന്റെ ചുവടുപിടിച്ചാണ് അദ്ദേഹം കൃതിയില്‍ സംസാരിച്ചത്.

‘വിവിധ വംശീയ സംഘങ്ങള്‍ വിവിധ കാലങ്ങളില്‍ കേരളത്തിലേക്കു നടത്തിയ കുടിയേറ്റത്തിന്റെ ചരിത്രമാണ് കേരളത്തിന്റെ തുടക്കം. കേരള ഗസറ്റീര്‍ വിവിധ ജാതിക്കൂട്ടങ്ങളെ വിവിധ വംശങ്ങളുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ആദിവാസികള്‍ നെഗ്രോയ്ഡ് വംശക്കാരാണ്. ഈഴവരും തീയരും ശ്രീലങ്കയിലെ ഈഴത്തു നിന്നും തീവില്‍ നിന്നും വന്നു. നെവാര്‍ വംശത്തിലെ നാഗാസ് ആണ് നായന്മരായത്. ഉത്തരേന്ത്യയില്‍ നിന്നുള്ള സംസ്‌കൃത ഭാഷ ഉപയോഗിച്ചിരുന്ന ആര്യബ്രാഹ്മണന്മാര്‍ 32 ഗ്രാമങ്ങളിലേക്കും കുടിയേറി’ – അദ്ദേഹം ഗസറ്റീറിന്റെ നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാണിച്ചു. 

‘ഈ വംശീയ കുടിയേറ്റങ്ങള്‍ കാണിക്കുന്നത് കേരളത്തിലെ വ്യത്യസ്ത ജാതിക്കൂട്ടങ്ങള്‍ക്ക് ജനിതകമായ ബന്ധമൊന്നുമില്ലെന്നാണ്. എന്നാല്‍ സമീപകാലത്തെ ചില ജനിതക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ഒരു പൊതു പ്രപിതാമഹന്‍ ഉണ്ടെന്നാണ്. അതിനർഥം കേരളത്തിന്റെ ചരിത്രം ഒരു പുനര്‍വായനയ്ക്കു വിധേയമാക്കണം എന്നു തന്നെ. പുതിയ ജനിതക പഠനങ്ങളുടെ വെളിച്ചത്തില്‍ കേരളീയ സമൂഹ രൂപീകരണം പഠിക്കാനുള്ള ഒരു ശ്രമമാണ് എന്റെ പുസ്തകമായ മലയാളി ഒരു ജനിതക വായന’– അദ്ദേഹം പറഞ്ഞു.

ഒട്ടേറെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, ജനിതകശാസ്ത്രം എന്നിവ ഉപയോഗിച്ചാണ് സേതുരാമന്‍ തന്റെ പുസ്തകത്തില്‍ വിശദമായി ചരിത്രത്തെ സമീപിച്ചിരിക്കുന്നത.് പുസ്തകത്തിന്റെ കാഴ്ചപ്പാട് രൂപീകരിക്കുന്നതില്‍ ഡോ. ബി.ആര്‍.അംബേദ്കറുടെ ചരിത്രദര്‍ശനമാണ് അദ്ദേഹം അവലംബിച്ചിരിക്കുന്നത്.  

English Summary : Krithi Book Fair 2020 K. Sethuraman's Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com