പ്രണയത്തിന്റെ ഋതുവേത്? ഒരു നദിയോര നഗരത്തിന്റെ ഏകാന്ത ഗ്രീഷ്മം!

Sun Stroke
പ്രതീകാത്മക ചിത്രം
SHARE

ചില പ്രണയങ്ങൾ ജീവിതം തന്നെ അസാധ്യമാക്കുന്നതു പോലെ ആത്മാവിൽ വിള്ളലുകൾ ഉണ്ടാക്കുന്നവയാണ്. അവ തരുന്ന ആഘാതം  തീവ്രവും വേദന അസഹ്യവുമാണ്... അവയിൽനിന്നു കിട്ടുന്ന സന്തോഷവും പ്രതീക്ഷയുമാവട്ടെ നൈമിഷികം മാത്രവും ! എങ്കിലും അത്തരം പ്രണയങ്ങൾ  മഹത്തരമായിരിക്കും... അങ്ങനെ അതിരില്ലാത്ത, ആഴമളക്കാനാവാത്ത ഒരു അപ്രതീക്ഷിത പ്രണയ വികാരത്തിന്റെ നിസ്സഹായതകളാണ്, സാഹിത്യ നോബേൽ നേടിയ ആദ്യ റഷ്യൻ എഴുത്തുകാരനായ ഇവാൻ അലക്സോവിച്ച് ബുനിൻ സൺ സ്ട്രോക്ക് എന്ന തന്റെ ലോകപ്രശസ്ത ചെറുകഥയിലൂടെ ആവിഷ്ക്കരിക്കുന്നത്.

വോൾഗാ നദിയിലെ ഒരു ആവിക്കപ്പലിൽ വച്ചാണ് കഥാനായകനായ ലെഫ്റ്റനന്റ് പേരു പോലും വ്യക്തമാക്കാത്ത ആ സ്ത്രീയെ കണ്ടുമുട്ടുന്നത്. fair stranger എന്നു പറഞ്ഞാണ് അവൾ തന്നെ അയാൾക്കു പരിചയപ്പെടുത്തുന്നത്. ഒറ്റ ദിവസത്തെ ഒരു നിമിഷത്തെ ആദ്യ കാഴ്ചയിൽത്തന്നെ അവർ രണ്ടു പേരും വിഭ്രമത്തിലെന്ന പോലെ പരസ്പരം ആകൃഷ്ടരാകുന്നു. കപ്പലിൽ നിന്നിറങ്ങി നഗരത്തിലെ സത്രത്തിൽ ഒരു രാത്രി പങ്കുവയ്ക്കുന്നു.

ആ സ്ത്രീയെ സംബന്ധിച്ച വളരെക്കുറച്ചു കാര്യങ്ങളേ കഥ നമ്മളോടു പറയുന്നുള്ളൂ. വിവേകവതിയും അന്തസ്സും ആഹ്ളാദമുള്ളവളുമായ അവൾ ഒരു നഗരത്തിൽ തനിക്ക് ഭർത്താവും മൂന്നു വയസ്സുള്ള ഒരു മകളുമുണ്ടെന്നും ലഫ്റ്റനന്റ് കരുതുന്നതുപോലൊരു സ്ത്രീയല്ല താനെന്നും പറയുന്നുണ്ട്. അയാളോട് അവൾക്ക് സംഭവിച്ച ആകസ്മികമായ ഇഷ്ടം ഇതിനു മുൻപ് മറ്റാരോടും ഉണ്ടാകാത്തതാണെന്നും ഇനിയൊരിക്കലും ഉണ്ടാകാൻ സാധ്യതയില്ലാത്തതാണെന്നും കൂടി അവൾ ബോധ്യപ്പെടുത്തുന്നു. അവളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ച അയാളോട്, അവരൊരുമിച്ചാൽ എല്ലാം തകരുമെന്നും തനിക്ക് ഉടൻ പോകണമെന്നും മാത്രമാണ് അവൾ ആവശ്യപ്പെടുന്നത്.

മധ്യാഹ്ന സൂര്യൻ ചൂടുപിടിപ്പിച്ചൊരുക്കിയ ആ  മുറിയിൽ വച്ച് അവർ ചുംബിച്ച ചുംബനം അനേക വർഷങ്ങൾക്കപ്പുറത്തേക്ക് ഓർമയായി കൂടെയുണ്ടാവുന്നതായിരുന്നു. അയാളോ അവളോ അതിന് മുൻപ് ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാത്തത്ര ഊഷ്മളമായ ഒന്ന് !

പിറ്റേന്നു കാലത്ത് വിചിത്രമായ ആ നൈമിഷിക പ്രണയത്തെ അവസാനമായി ചുംബിച്ച്, യാത്ര പറഞ്ഞ് കപ്പലിലേറി അവൾ തന്റെ നഗരത്തിലേക്കു തിരികെ പോകുന്നു; അയാളെക്കുറിച്ചൊന്നും ചോദിക്കാതെ, അവളെക്കുറിച്ചൊന്നും പറയാതെ.

sun-stroke-586

അവളെ യാത്രയാക്കി തിരികെ വരുമ്പോഴാണ് അവളില്ലാതെ അവശേഷിക്കുന്ന തന്റെ ജീവിതത്തിന്റെ നിരർഥകത, ആ നഗരത്തിന്റെ പകൽ ശൂന്യത അയാളെ ഞെട്ടിപ്പിക്കുന്നത്. അയാളെ സംബന്ധിച്ച് ആ ചെറിയ സ്ത്രീയെപ്പറ്റിയുള്ളതെല്ലാം മനോഹരം തന്നെയായിരുന്നു. മുറിയിൽ തിരിച്ചെത്തിയ അയാൾ അവളുടെ സുഗന്ധവും അവൾ കുടിച്ച് പാതിയാക്കി വെച്ച ചായക്കപ്പും കണ്ട് നിസ്സഹായനായി നിന്നു പോകുന്നു. അവളുടെ ആഹ്ലാദം നിറഞ്ഞ ശബ്ദം, സൂര്യതാപമേറ്റ് ഇരുണ്ട തൊലി, കരുവാളിപ്പ് ഗന്ധമുള്ള കൈത്തണ്ടകൾ, അവർ പങ്കിട്ട ഊഷ്മള നിമിഷങ്ങൾ. പക്ഷേ അവൾ മാത്രം അവിടെയില്ല... അയാൾക്ക് എന്തു ചെയ്യാൻ പറ്റും? എവിടെ തിരയും അവളെ? എന്തുകാരണം പറഞ്ഞാണ് അവളും ഭർത്താവും ചെറിയ മകളും താമസിക്കുന്ന, പേരു മാത്രമറിയാവുന്ന അവളുടെ നഗരത്തിലേക്ക് അയാൾ പോവുക? 

അപ്രതീക്ഷിതവും ചടുലവുമായിരുന്ന പ്രണയത്തെ തൂത്തെറിയാൻ അയാൾ മുറി വിട്ട് പുറത്തേക്കിറങ്ങുന്നുണ്ട്. വേനൽച്ചൂടിൽ മുഖം പൊള്ളി നിൽക്കുന്ന നഗരത്തിനു മാറ്റമേയില്ല. പുകവലിച്ചിരിക്കുന്ന ശാന്തനായ ടാക്സിക്കാരൻ, ചന്തയിലെ വെള്ളരിക്ക, പച്ചച്ചാണക ഗന്ധം, വണ്ടികൾ, പളളി കഴിഞ്ഞു ചിരിച്ചു സംസാരിച്ച് പോകുന്ന ഗായകർ, എല്ലായിടവും സന്തോഷം തീക്കട്ട പോലെ തിളങ്ങി നിൽക്കുന്നു. അയാൾ മാത്രം അശാന്തനും ശോകാകുലനുമായി അലഞ്ഞു തിരിയുന്നു. എന്തു ചെയ്യണം, എങ്ങോട്ടു പോകണം എന്നറിയാത്ത തിക്കുമുട്ടലിൽ അയാൾ വേവലാതിപ്പെടുന്നു. അവളില്ലാത്തതു കൊണ്ട് ആത്മാവില്ലാത്തതായി തോന്നിച്ച നഗരത്തിൽനിന്ന് അയാൾ തിരികെ വീണ്ടും മുറിയിലെത്തുന്നു. ചുട്ടുപൊള്ളിച്ച മുറിയിലെ കണ്ണാടിയിൽ നോക്കി നിസ്സഹായനായി അയാൾ കരയുന്നു. ചുളി വീണ കിടക്കയും അവൾ മറന്നു വെച്ച മുടിപ്പിന്നും അയാളെ ഭ്രാന്തനാക്കുന്നു.

love-025
പ്രതീകാത്മക ചിത്രം

ഉറങ്ങിയെഴുന്നേറ്റപ്പോൾ ഇന്നലത്തെ ഓർമകൾക്ക് പത്തുവർഷം പഴക്കമുള്ളതുപോലെ അയാൾക്കു തോന്നുന്നു. ഹോട്ടൽ റൂമൊഴിഞ്ഞ് മടക്കയാത്രയ്ക്ക് അയാൾ വീണ്ടും കപ്പലിലേക്കു മടങ്ങുന്നു. പ്രണയത്തിന്റെ അനിശ്ചിതവ്യഥയിൽ ആകസ്മികതകളിൽ മുന്നോട്ടും പിന്നോട്ടുമുലയുന്ന കപ്പൽ പോലെ പത്തു വയസ്സ് കൂടുതൽ വാർധക്യം ബാധിച്ച ഒരുവനായി കപ്പൽത്തട്ടിലിരിക്കുന്ന ലഫ്റ്റനന്റിന്റെ ചിത്രം നമുക്കു തന്ന് അങ്ങനെ കഥ അവസാനിക്കുന്നു.

കഥയിലെ തീവ്രമായ പ്രണയം സൂര്യാഘാതം തന്നെയാണ്. കഥാപരിസരങ്ങളും ചുട്ടുപഴുത്ത ചൂടിലും വെളിച്ചത്തിലുമാണ്. ഒറ്റ ദിവസത്തെ പ്രണയം ഇവിടെ ഒരു പാടു വർഷങ്ങളിലേക്ക്, ചിലപ്പോൾ ജീവിതകാലം മുഴവനും നീണ്ടു പോകുന്ന അനുഭവമായി മാറുന്നു. അതിനു ഭാവിയില്ല. ലഫ്റ്റനന്റിന് സംഭവിച്ച പ്രണയവും അയാളെ ഏകാന്തനാക്കുന്നുണ്ട്. അയാൾക്ക് അതിൽനിന്നു രക്ഷപ്പെടാനേയാവുന്നില്ല.

man-alone-55
പ്രതീകാത്മക ചിത്രം

വാസ്തവത്തിൽ പ്രണയം സന്തോഷവും ഉന്മാദവും കൂടിച്ചേരലുകളിൽ പുഷ്ടിവയ്ക്കുകയും  ജീവാന്ത്യം വരെ നീളുകയും ചെയ്യുന്ന സമാധാനമാണോ? പ്രണയത്തിൽ സമാധാനം സ്ഥായിയായി ഉണ്ടോ? ഏതു പ്രണയത്തിലും നിസ്സഹായതകളുണ്ട്. അതിന്റെ സന്തോഷം നൈമിഷികമാണ്. അത് എവിടെ വച്ചും നിങ്ങളെ പിടികൂടാം..   പ്രണയിയുടെ നിസ്സഹായതകളും പ്രതിസന്ധികളും അറ്റമില്ലാത്ത ആകുല വിഷാദവും കൃത്യമായി വായനക്കാരന്റെ ഉള്ളിലേക്കും കഥ പകരുന്നുണ്ട്. വികാരങ്ങളെ നിയന്ത്രിക്കാനുള്ള സംഘർഷങ്ങളിൽ വായനക്കാരനും നായകനൊപ്പം പങ്കു ചേരുന്നുണ്ട്. അങ്ങനെ പ്രണയം എന്ന അഗാധമാനുഷിക വികാരത്തിന്റെ ഏകാന്തതയും ആഘാതവും വായിക്കുന്നവരെക്കൂടി ബാധിക്കുന്നത് കൊണ്ടു കൂടിയാവാം ഇവാൻ ബുനിൻ എഴുതിയ സൺ സ്ട്രോക്ക് എന്ന ഈ കഥ ലോകത്തെ മികച്ച പ്രണയ കഥകളിലൊന്നായി ഇന്നും ഗണിക്കപ്പെടുന്നത് !

സൺ സ്ട്രോക്ക്

ഇവാൻ ബുനിൻ

English Summary: Sunstroke Book By : Ivan Bunin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA