ADVERTISEMENT

ഒറ്റപ്പെട്ടവരെക്കുറിച്ച്, ജീവിതത്തില്‍ തനിച്ചായവരെക്കുറിച്ച് എഴുതാന്‍ ഏകാന്തത വേണമെന്ന നിര്‍ബന്ധമൊന്നുമില്ല ശുഭാംഗി സ്വരൂപ് എന്ന പത്രപ്രവര്‍ത്തകയ്ക്ക്. എവിടെയിരുന്നും എങ്ങനെയും എഴുതാം ഉറച്ച വിശ്വാസമുണ്ടെങ്കില്‍ എന്നാണ് ശുഭാംഗിയുടെ നിലപാട്. ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവരെക്കുറിച്ച് ശുഭാംഗി ഒരു നോവലെഴുതി; അതും 9 അംഗങ്ങള്‍ താമസിക്കുന്ന ഒരു വീട്ടിലിരുന്ന്. നോവലിന്റെ കയ്യെഴുത്തുപ്രതികള്‍,  വീട്ടിലുള്ളവര്‍ ശ്രദ്ധിക്കാതെ എടുത്ത സംഭവങ്ങളുമുണ്ട്. ആരുടെയെങ്കിലും ടെലിഫോണ്‍ നമ്പര്‍ കുറിച്ചിടാന്‍. പെട്ടെന്ന് ഓര്‍മ വന്ന എന്തെങ്കിലുമൊക്കെ എഴുതാന്‍. എന്നിട്ടും ആ പേപ്പറുകള്‍ കൂട്ടിവച്ചപ്പോള്‍ അതൊരു നോവലായി.

ശ്രദ്ധേയമായ, ചര്‍ച്ച ചെയ്യപ്പെടുന്ന അതിശക്തമായ ഒരു നോവല്‍. ‘‘പേര് ലാറ്റിറ്റ്യൂഡ്സ് ഓഫ് ലോങ്ങിങ്’’. ഇന്ത്യയിലെ പ്രധാന പുരസ്കാരങ്ങളുടെയെല്ലാം ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ലാറ്റിറ്റ്യൂഡ്സ് സമകാലിക ഇന്ത്യയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന നോവലുമാണ്. ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച ലാറ്റിറ്റ്യൂഡ്സ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച നോവലെന്നാണ് നിരൂപകരും വാഴ്ത്തുന്നത്. 

ഭൂമിശാസ്ത്രപരമാണ് നോവലിന്റെ പ്രമേയം; ഒപ്പം മനഃശാസ്ത്രപരവും. ഇതാദ്യമായി ഒരു ഇന്ത്യന്‍ നോവലില്‍ കാലാവസ്ഥാ വ്യതിയാനം ശ്രദ്ധേയമായ ഒരു വിഷയമായി കൈകാര്യം ചെയ്യപ്പെടുന്നുമുണ്ട്. പ്രകൃതി ലാറ്റിറ്റ്യൂഡില്‍ പശ്ചാത്തലമല്ല, കഥാപാത്രം തന്നെയാണ്. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന വ്യക്തികളെപ്പോലെതന്നെ പ്രകൃതിയും  സജീവ കഥാപാത്രമായി രംഗത്തുവരുന്നു. 

latitudes-of-longings-002

ഇനിയും പൂര്‍ണമായും മനുഷ്യനു പിടിതരാത്ത പ്രതിഭാസമാണ് പ്രകൃതി. എന്നാല്‍ പ്രകൃതിയെ പൂര്‍ണമായി വിശ്വസിക്കാന്‍ ഇനിയും മനുഷ്യര്‍ തയ്യാറാവുന്നുമില്ല. ഈ പ്രതിസന്ധിയില്‍നിന്നാണ് ശുഭാഗി തന്റെ നോവലിന്റെ പ്രമേയം കണ്ടെടുക്കുന്നത്. ലഡാക്കിലെ മലനിരകളില്‍ നില്‍ക്കുമ്പോള്‍ കാണുന്ന പ്രകൃതിയില്ല നഗരത്തിലേത്. അവിടെവച്ച് കാറ്റുപോലും പറയുന്നത് വ്യത്യസ്തമായ കഥയാണ്. മണ്ണും മനുഷ്യനും വായുവും ആകാശവും വെള്ളവുമെല്ലാം പറയുന്നത് വ്യത്യസ്തമായ കഥകള്‍ തന്നെ. അവയ്ക്കു ചെവിയോര്‍ക്കുകയാണ് ശുഭാംഗി. 

ആന്‍ഡമാന്‍ ദ്വീപുകള്‍ ഒരിക്കല്‍ മലനിരകളായിരുന്നു. അതുപോലെ ലഡാക്കിലെ സമതലങ്ങള്‍ ഒരിക്കല്‍ കടലിന്റെ അടിയിലുമായിരുന്നു. പറയപ്പെടാത്ത കഥകളാണവ. വിസ്മരിക്കപ്പെട്ടവ. മാജിക്കല്‍ റിയലിസം എന്നും ഇക്കോളജിക്കല്‍ ഫിക്‌ഷന്‍ എന്നും ശുഭാംഗിയുടെ നോവലിനെ വിശേഷിപ്പിക്കുന്നവരുണ്ട്. പ്രകൃതിയുടെ ഉജ്വല പ്രതിഭാസങ്ങളെക്കുറിച്ച് വാഴ്ത്തിപ്പറയുന്നവര്‍ പോലും ഉള്ളില്‍ കരുണയും സഹാനുഭൂതിയുമില്ലാത്തവരാണെന്നും ശുഭാഗി പറയുന്നു. അവര്‍ക്കുവേണ്ടിയാണ് ലാറ്റിറ്റ്യൂഡ് എന്ന നോവല്‍. ഈ പുസ്തകം വായിച്ചതിനുശേഷം വ്യത്യസ്തമായിട്ടായിരിക്കും ആരും പ്രകൃതിയെ നോക്കുന്നതും മനസ്സിലാക്കുന്നതും. 

തന്റെ കഥാപാത്രങ്ങള്‍ ഒറ്റപ്പെട്ടവരാണെന്ന വിമര്‍ശനത്തെ ശുഭാംഗിയും ശരിവയ്ക്കുന്നു.ഏകാന്തതയില്‍നിന്ന് അവര്‍ ബന്ധങ്ങളുടെ തണലിലേക്കു മാറാന്‍ ആഗ്രഹിക്കുന്നു. മനുഷ്യനുമായി മാത്രമല്ല, പ്രകൃതിയുമായും അവര്‍ സൗഹൃദം കൊതിക്കുന്നു. പലപ്പോഴും വ്യക്തിബന്ധങ്ങളില്‍ പൂര്‍ണമായ സന്തോഷവും സാന്ത്വനവും പലര്‍ക്കും കണ്ടെത്താന്‍ കഴിയാറുമില്ല. എന്നാല്‍ പ്രകൃതിയുടെ കാരുണ്യം അളവറ്റതാണ്. സമഗ്രമാണ്. 

ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ യാത്രകളാണ് തന്റെ എഴുത്തിന്റെ മൂലധനം എന്നു പറയുന്നു ശുഭാംഗി. നോവലിന്റെ ചില ഭാഗങ്ങള്‍ വ്യത്യസ്തമായ പ്രദേശങ്ങളില്‍ ഇരുന്ന് എഴുതിയിട്ടുമുണ്ട്. എങ്കിലും സാധാരണക്കാര്‍ക്കുവേണ്ടി സാധാരണ ഭാഷയില്‍ എഴുതപ്പെട്ട നോവലാണ് ലാറ്റിറ്റ്യൂഡ്സ്. മനുഷ്യന്റെ മനുഷ്യരോടും പ്രകൃതിയോടുമുള്ള കാഴ്ചപ്പാടില്‍ മാറ്റത്തിന് ആഹ്വാനം ചെയ്യുന്ന ധീരമായ പുസ്തകം. 

English Summary : The seed of the novel lies in disbelief: Shubhangi Swarup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com