ADVERTISEMENT

കൊച്ചി ∙ ഇന്ത്യയില്‍ രാഷ്ട്രനിര്‍മാണത്തിനുള്ള ചുമതലകളും ഉത്തരവവാദിത്തങ്ങളും സംസ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ അതിനുള്ള സാമ്പത്തിക അധികാരങ്ങള്‍ മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഫ. വി. കെ. രാമചന്ദ്രന്‍. ഇതൊരു വലിയ അസമത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൃതി രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് ‘കേരളത്തിന്റെ സാമ്പത്തിക ആസൂത്രണം: ഇന്നത്തെ വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസം, കൃഷി, ആരോഗ്യപരിപാലനം അടക്കം രാഷ്ട്രനിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും വികസിപ്പിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. എന്നാല്‍ ഇതില്‍ സാമ്പത്തികമായ തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്രത്തിനാണ്. ഭരണഘടനാ നിര്‍മാണ സമയത്ത്, ശക്തമായ കേന്ദ്രസര്‍ക്കാര്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരം സാമ്പത്തിക അവകാശങ്ങള്‍ കേന്ദ്രത്തിനു നല്‍കിയത്. സമൂഹം  ആധുനിക വല്‍ക്കരിക്കുന്നതനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ ഭാരം നല്‍കുന്ന തരത്തിലാണ് ഈ ഘടന. രാജ്യാന്തര നിലവാരത്തിനനുസരിച്ച് ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങൾ മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാണ്. എന്നാല്‍ ഇതിനു പണം കണ്ടെത്തുന്നതില്‍ സംസ്ഥാനങ്ങള്‍ക്കു പ്രയാസമുണ്ടാവുന്നു. 

കേന്ദ്രത്തില്‍ ബജറ്റ് തീരുമാനിക്കുന്നത് വളരെ ചുരുങ്ങിയ ആളുകളടങ്ങിയ സംഘമാണ്. വളരെ സങ്കുചിതമായ പ്രക്രിയയാണത്. അതില്‍നിന്നു  വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി. ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതിയുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ത്തെ കേരള ബജറ്റ് വളരെ യാഥാര്‍ഥ്യ ബോധത്തോ ടെയുള്ളതാണ്. പദ്ധതി വിഹിതത്തില്‍ വര്‍ധന വരുത്താതെയുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. സാധാരണ ഗതിയില്‍ 10 ശതമാന ത്തോളം വിഹിതം വര്‍ധിപ്പിക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കരുതലോടെ തയാറാക്കിയ പദ്ധതി പ്രകാരമാണ് ഇത്തവണത്തെ ബജറ്റ്. സംസ്ഥാനത്തിന്റെ ബാധ്യതകള്‍ പരിഗണിച്ചുകൊണ്ടാണ് ബജറ്റ് തയ്യാറാക്കിയത്.

ഓഖി, നോട്ട് നിരോധനം, തുടര്‍ച്ചയായ രണ്ടു പ്രളയങ്ങള്‍ എന്നിവ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കാന്‍ കേന്ദ്രവും കേരളവും രണ്ടു തരം സമീപനമാണ് സ്വീകരിക്കുന്നത്. സമ്പന്നരുടെ നികുതി വെട്ടിക്കുറക്കുകയാണ് കേന്ദ്ര ധനമന്ത്രാലയം ചെയ്യുന്നത്. നികുതി വെട്ടിക്കുറച്ചാല്‍ കോര്‍പറേറ്റ് മേഖലയില്‍നിന്ന് കൂടുതല്‍ ഉല്‍പാദനം പ്രതീക്ഷിക്കാമെന്ന ന്യായം പറഞ്ഞാണിത്. കേരളത്തില്‍ സാധാരണക്കാരുടെ കയ്യില്‍ പണം എത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇതിലൂടെ അവര്‍ കമ്പോളത്തില്‍ കൂടുതല്‍ പണം ചെലവഴിക്കുകയും സമ്പദ് വ്യവസ്ഥയെ അത് സഹായിക്കുകയും ചെയ്യുമെന്നും വി.കെ. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

കേരളത്തില്‍ ഒരിക്കലും സംസ്ഥാനത്തേക്ക് വേണ്ടതിന്റെ 40 ശതമാനത്തിലധികം ഭക്ഷ്യോല്‍പാദനമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നെല്‍കൃഷി പോലുള്ള കൃഷികള്‍ കേരളത്തില്‍ വലിയ തോതില്‍ പരീക്ഷിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഭൂമിയുടെ ഉയര്‍ന്ന വിലയ്‌ക്കൊപ്പം പ്രളയ ഭീഷണിയും ഇത്തരം കൃഷിക്ക് വെല്ലുവിളിയാണ്. പഴം, പച്ചക്കറി കൃഷി കേരളത്തില്‍ പരീക്ഷിക്കാവുന്നതാണ്. തദ്ദേശീയ വിളകള്‍ക്കൊപ്പം വിദേശത്തുനിന്നു വന്ന ഫലങ്ങളും കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: To Fight Slowdown,The Centre and Kerala Take Difference Routes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com