sections
MORE

ദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രം പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്ന അവസ്ഥ മാറണം: ജയ്‌റാം രമേശ്

jairam-ramesh-584
കൃതി രാജ്യാന്തര പുസ്തകോത്സവത്തില്‍ ‘പ്രളയവും ആഘാതവും’ എന്ന വിഷയത്തില്‍ മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് സംസാരിക്കുന്നു
SHARE

കൊച്ചി ∙ പശ്ചിമ ഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവര്‍ക്ക് പ്രളയത്തിനുശേഷം ചിന്താഗതി മാറ്റേണ്ടിവന്നുവെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ്. കൃതി രാജ്യാന്തര പുസ്തകോത്സവത്തില്‍ ‘പ്രളയവും ആഘാതവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈലന്റ് വാലി സംരക്ഷണത്തില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് മാധവ് ഗാഡ്ഗിലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള മേഖലകളില്‍ പശ്ചിമ ഘട്ടത്തിനേല്‍ക്കുന്ന ആഘാതം പരിസ്ഥിതിയെ ബാധിക്കുന്നു. വളരെ വിചിത്രമായ രീതിയിലായിരുന്നു കേരളത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടുള്ള പ്രതികരണം, എന്നാല്‍ പ്രളയത്തിനു ശേഷം ഇവിടെ ചിന്താഗതിയില്‍ മാറ്റം വന്നു. ഇന്ന് ഇവിടുത്തെ രാഷ്ട്രീയ സംവിധാനത്തിന്റെ മനോഭാവവും മാറിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് കൂടുതല്‍ ആളുകളില്‍ അവബോധമുണ്ടായി. അവ ആളുകളുടെ ചിന്തയുടെ ഭാഗമായെന്നും ജയറാം രമേശ് പറഞ്ഞു. 

ഇന്ത്യന്‍ സംസ്‌കാരം പോലും മണ്‍സൂണിനെ ആശ്രയിച്ചാണ്. കാലാവസ്ഥാ മാറ്റം മണ്‍സൂണിനെയും സാരമായി ബാധിച്ചു. നേരത്തേ 120 ദിവസം കൊണ്ട് ലഭിച്ച മഴ ഇപ്പോള്‍ പത്തോ പന്ത്രണ്ടോ ദിവസംകൊണ്ട് പെയ്തു തീരുന്നു. മഴയുടെ അളവ് കുറയുകയല്ല, മഴ ലഭ്യത അസന്തുലിതമാവുകയാണ്. സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഭീഷണിയും നിലനില്‍ക്കുന്നു. ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുക. മഴക്കാടുകളുടെ സംരക്ഷണം പ്രധാനമാണ്. ദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രം പരിസ്ഥിതിയെക്കുറിച്ചു ചിന്തിക്കുന്ന അവസ്ഥ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകനും ‘ഫ്‌ളഡ് ആന്‍ഡ് ഫറി: ഇക്കോളജിക്കല്‍ ഡിവേസ്‌റ്റേഷന്‍ ഇന്‍ ദ് വെസ്‌റ്റേണ്‍ ഘട്ട്‌സ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ വിജു ബി., ആവാസ് ഫൗണ്ടേഷന്‍ സ്ഥാപകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുമെയ്‌റ അബ്ദുലലി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

കേരളത്തില്‍ മഴലഭ്യതയുടെ ക്രമത്തില്‍ മാറ്റം വന്നതായി വിജു ബി. പറഞ്ഞു. ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ കൂടുകയാണ്. മനുഷ്യഇടപെടല്‍ കാരണമാണിത്. പശ്ചിമഘട്ടത്തില്‍ താപനിലയില്‍ 2 മുതല്‍ മൂന്നു ഡിഗ്രി വരെ വര്‍ധനവുണ്ടായതായും അദ്ദേഹം പറഞ്ഞു. 

English Summary: Jayaram Ramesh Talks At Krithi Book Fest 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA