51 വര്‍ഷം, 9 മാസം, 4 ദിവസം; ഒരു അതിഭയങ്കര കാമുകന്റെ കാത്തിരിപ്പ്

love-in-the-time-of-cholera-223
SHARE

51 വര്‍ഷങ്ങള്‍, 9 മാസം, 4 ദിവസം - ഫ്ലോറന്റിനോ അരിസ എന്ന കാമുകന്‍ ഫെര്‍മിന ഡാസ എന്ന തന്‍റെ കാമുകിയെ കാത്തിരുന്ന കാലയളവാണത്.

***

നിരൂപക പ്രശംസയും വിമര്‍ശനവും ഒന്നുപോലെ ഏറ്റുവാങ്ങിയ, ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വിസിന്റെ കോളറ കാലത്തെ പ്രണയം (Love in the Time of Cholera) എന്ന നോവലിലെ നായികാനായകന്മാരാണ് അവര്‍. എന്നാല്‍, നായകന്‍റേതിനുപരി വില്ലന്‍റെ സ്വഭാവവിശേഷങ്ങളുമായാണ് ഫ്ലോറന്റിനോയെ മാര്‍ക്വിസ് സൃഷ്ടിച്ചുവിട്ടത്. ഒരാളില്‍ അറപ്പും വെറുപ്പും ഒരുപോലെ ഉയിര്‍പ്പിക്കുന്ന ഒറ്റയാന്‍ കഥാപാത്രം. പീഡോഫൈല്‍ എന്നു വരെ വിളിക്കാവുന്ന തരത്തിലുള്ള വിചിത്ര രതിതാത്പര്യങ്ങളും പ്രണയവും സൂക്ഷിക്കുന്നവന്‍. സമൂഹം അനുശാസിക്കുന്ന ഗുണങ്ങളെല്ലാമുള്ള, ഉപരിമധ്യവര്‍ഗ സ്ത്രീയായ ഫെര്‍മിനയ്ക്കാകട്ടെ തന്‍റെ ജീവിതത്തിലെ ഏക പ്രണയസാന്നിധ്യം സ്നേഹവും വെറുപ്പും എന്ന വിരുദ്ധവികാരങ്ങളാല്‍ കുഴമറിഞ്ഞതും അതേസമയം, നിരാകരിക്കാനാകാത്തതുമാണ്. വിവാഹശേഷം മറവിയിലൂടെ സ്വയം വിമലീകരിക്കാന്‍ ശ്രമിക്കുന്ന അവള്‍ പക്ഷേ ഭര്‍ത്താവിന്‍റെ വിയോഗശേഷം ആദ്യമായി കരഞ്ഞത് ഫ്ലോറന്‍റിനോയെ ഓര്‍ത്തുമാത്രമാണ്. 72 ാം വയസ്സില്‍ അവര്‍ വീണ്ടും തന്‍റെ പ്രണയത്തിനായി വിലപിച്ചു. ജരാനരകളാല്‍ അതിരെഴാത്ത നിത്യപ്രണയത്തിനായി...

***

അരികുവല്‍ക്കരിക്കപ്പെട്ട ജീവിതം നയിക്കുന്നവനെങ്കിലും നൃത്തം ചെയ്യാനറിയുന്ന, വികാരസാന്ദ്രമായി കവിത ചൊല്ലുന്ന, വയലിനില്‍ പ്രണയസംഗീതം ഒഴുക്കുന്ന ഫ്ലോറന്‍റിനോ ബദാം കണ്ണുകളുള്ള അതിസുന്ദരിയായ പതിമൂന്നുകാരി ഫെര്‍മിനയില്‍ ആസക്തനാകുകയാണ്. അവളതു തിരികെ നല്‍കിയ ശേഷമുള്ള ഒരു വര്‍ഷം കൊടുങ്കാറ്റ് പോലെയാണവര്‍ പ്രണയിക്കുന്നത്. അയാളുടെ ഹൃദയം അവള്‍ക്കിട്ട ‘കിരീടം ചൂടിയ ദേവത’ എന്ന പേരില്‍ ഫ്ലോറന്റീനോ ഫെര്‍മിനയ്ക്കായി പ്രണയസംഗീതമൊരുക്കുന്നു. രാത്രി മുഴുവന്‍ അവളുടെ വീടിനു പുറത്തെ പാര്‍ക്കിലിരുന്ന് അവള്‍ക്കായി വയലിനില്‍ ആ പ്രണയസംഗീതം പൊഴിക്കുന്നു. എന്നും കാണുന്നെങ്കിലും പിരിഞ്ഞ ശേഷമുള്ള മണിക്കൂറുകളില്‍ അതിമനോഹരമായ കത്തുകള്‍ എഴുതിക്കൂട്ടുന്നു. സ്വയം ഹോമിച്ചെഴുതിയ പ്രണയശകലങ്ങള്‍ കമേലിയ പൂവിതളുകളില്‍ സൂചിമുന കൊണ്ട് സൂക്ഷ്മാക്ഷരങ്ങളിലെഴുതി അവള്‍ക്ക് അയയ്ക്കുന്നു. ഫ്ലോറന്റിനോ കവിയും കാമുകനും ഭ്രാന്തനുമായി ഒരേ സമയം മാറിയെങ്കിലും ഫെര്‍മിനയുടെ പ്രണയം വിവേകശൂന്യമായിരുന്നില്ല.

മകളുടെ പ്രണയം തിരിച്ചറിഞ്ഞ ലോറന്‍സോ ഡാസ അവളുമായി നീണ്ട ഒരു യാത്ര പോകുകയാണ്. അതിനിടയിലും പരസ്പരം വിവരം കൈമാറാന്‍ ആ കമിതാക്കള്‍ മാര്‍ഗം കണ്ടെത്തി. പക്ഷേ, ഏറെക്കാലം നീണ്ട ആ ദുരിതയാത്രയ്ക്കൊടുവില്‍ തിരികെയെത്തിയ അവള്‍ അവനുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ മോഹമുക്തയാകുന്നു. ഹിമശൈത്യം നിറഞ്ഞ കണ്ണുകളും വിവര്‍ണമായ മുഖവും ഭയം കൊണ്ടു മരവിച്ച ചുണ്ടുകളുമുള്ള ആ യുവാവില്‍ ആകര്‍ഷകമായി ഒന്നുമില്ലെന്ന് അവള്‍ തിരിച്ചറിയുന്നു. ഇത്രയും നീണ്ട കാലം തീവ്രമായ വാശിയോടെ ആ വിചിത്രജീവിയെ തന്‍റെ ഹൃദയത്തില്‍ പോറ്റിവളര്‍ത്തിയതെങ്ങനെയെന്ന് അവള്‍ക്ക് ആത്മപുച്ഛം തോന്നുന്നു. അതോടെ പരപ്രേരണ കൂടാതെ അവള്‍ ആ പ്രണയത്തെ തൂത്തുമായ്ക്കുന്നു.

പിന്നീട് ഏറ്റവും ‘അഭികാമ്യനായ’ ഡോ. ജൂവനാല്‍ ആര്‍ബിനോയുടെ ഭാര്യാപദം സ്വീകരിച്ച ഫെര്‍മിനയെ കാത്തിരുന്നത് പതിവുജീവിതത്തിന്‍റെ മുഷിപ്പുകള്‍ മാത്രമായിരുന്നു. അമ്മ, ഭാര്യ, സുഹൃത്ത് തുടങ്ങിയ ചതുരവടിവുള്ള ബന്ധങ്ങളില്‍ സ്വയം തളച്ചിട്ടപ്പോളാണ് അവള്‍ ദാമ്പത്യത്തിന്‍റെ വിരസത തിരിച്ചറിഞ്ഞത്. പ്രണയമുപേക്ഷിച്ച അവള്‍ക്ക് പിന്നീട് അതിന്‍റെ മാസ്മരികത അറിയാനേ കഴിഞ്ഞില്ല. 

love88556
പ്രതീകാത്മക ചിത്രം

മറുവശത്ത് പ്രണയത്താല്‍ ഉപേക്ഷിക്കപ്പെട്ട ഫ്ലോറന്‍റിനോയെ കാത്തിരുന്നത് ഏറ്റം പ്രക്ഷുബ്ധവും പ്രണയനിര്‍ഭരവുമായ ജീവിതമാണ്. കപ്പല്‍ കമ്പനിയില്‍ ജോലിക്കു ചേര്‍ന്ന അയാള്‍ ഒടുവില്‍ അതിന്റെ തലപ്പത്തേക്കു വരെ ഉയരുന്നു. ഫെര്‍മിനയ്ക്കു വേണ്ടി തന്‍റെ ചാരിത്ര്യം സൂക്ഷിക്കാന്‍ ആഗ്രഹിച്ച അയാളുടെ ജീവിതത്തിലേക്ക് അനേകം സ്ത്രീകള്‍ പ്രണയവും കാമവും ഒഴുക്കി കടന്നുവരുന്നു. വൃദ്ധവിധവകള്‍ മുതല്‍ കൗമാരത്തിലേക്കു കാലൂന്നിയ അമേരിക്ക വിക്യൂണ എന്ന പെണ്‍കുട്ടി വരെ അയാളെ പ്രണയിച്ചു. അയാള്‍ അവരോടൊത്തെല്ലാം രതിലേര്‍പ്പെട്ടുവെങ്കിലും ആന്തരികമായ ചാരിത്ര്യം എന്നേക്കും സൂക്ഷിച്ചു, എന്നെങ്കിലുമൊരിക്കല്‍ ഫെര്‍മിനയെ കണ്ടുമുട്ടുമെന്ന ഉറച്ച വിശ്വാസത്തോടെ. കണ്ടുമുട്ടിയ ഓരോ സ്ത്രീകളിലും അയാള്‍ ഫെര്‍മിനയെയാണ് തിരഞ്ഞത്. പക്ഷേ, ഒരിടത്തും അയാള്‍ക്ക് മനസ്സുറപ്പിക്കാനായില്ല. എങ്കിലും ആ സ്ത്രീകളോടൊത്തു ചെലവഴിക്കുന്ന നിമിഷങ്ങളില്‍ അയാളൊരു അതിഭയങ്കര കാമുകനായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്ക് ആര്‍ക്കും അയാളെ നിഷേധിക്കാനായില്ല. പ്രണയനഷ്ടത്താല്‍ നീറി ജീവന്‍ അവസാനിപ്പിക്കുന്ന അമേരിക്ക വിക്യൂണ എന്ന കൗമാരപ്രണയിനി തന്നെ ഉദാഹരണം. ഫെര്‍മിനയുടെ ഭര്‍ത്താവ് മരിച്ചുവെന്ന് അറിയുന്ന സമയത്ത് അയാളുടെ ജീവിതത്തില്‍ ഉണ്ടായിരുന്ന ഒരേയൊരു പ്രണയസാന്നിധ്യം അവളായിരുന്നു. അയാളെ പ്രണയം കൊണ്ടു ഭ്രാന്തുപിടിപ്പിച്ച പതിനാലുകാരി. ഒടുവില്‍ തന്‍റെ നിത്യപ്രണയം നേടിയെടുത്ത ഫ്ലോറന്‍റീനോയെ തേടിയെത്തുന്ന അമേരിക്കയുടെ ആത്മഹത്യാ വിവരം അയാള്‍ ബോധപൂര്‍വം മനസ്സില്‍നിന്നു തുടച്ചുമാറ്റുന്നെങ്കിലും പിന്നീടുള്ള ജീവിതത്തില്‍ ആ മുറിപ്പാട് ഇടയ്ക്കിടെ വിങ്ങിത്തുടിച്ചിരുന്നുവെന്ന് കഥാകാരന്‍ പറഞ്ഞുവയ്ക്കുന്നു. അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഫ്ലോറന്‍റിനോ മനുഷ്യനെന്ന പേരിന് അര്‍ഹനല്ലാതാകുമെന്ന് ആര്‍ക്കാണറിയാത്തത്...

ഈ പ്രണയകഥയിലെങ്ങും കത്തുകളും കവിതകളും ഇഴചേര്‍ന്നുനില്‍ക്കുന്നുണ്ട്. ആദ്യ കാലത്തെ കത്തുകളിലുള്ള പ്രണയാതുരനായ കാമുകനല്ല, ഒടുവില്‍ ഫെര്‍മിന ഡാസയെ തേടിയെത്തുന്നത്. ഭര്‍ത്താവിന്റെ മരണത്തില്‍ ദുഃഖിച്ചും തുടര്‍ന്നുണ്ടാകുന്ന അപവാദപ്രചാരണങ്ങളില്‍ മനംമടുത്തും കഴിയുന്ന അവരെ ജീവിതത്തിലേക്കു മടങ്ങാന്‍ സഹായിക്കുന്ന തരം ഇരുത്തം വന്ന കത്തുകളാണ് ആ ഘട്ടത്തില്‍ അയാള്‍ എഴുതുന്നത്. ഒടുവില്‍ മഗ്ദലീന നദിയിലൂടെ പുറപ്പെടുന്ന കപ്പലില്‍ വച്ച് അവര്‍ ശരീരം കൊണ്ട് പരസ്പരം അറിയുന്നു. ജര വീണ തൊലിയോടെ, തൂങ്ങിപ്പോയ മുലകളോടെ ഇരുപതു വര്‍ഷത്തിനു ശേഷം ഫെര്‍മിന ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ധൃതിപിടിച്ചതും ദുഃഖാകുലവുമെന്ന് ഫെര്‍മിന തന്നെ കരുതിയ ആ പ്രവൃത്തിക്കു ശേഷം അവര്‍ക്ക് പരസ്പരം വേര്‍പെടാനേ കഴിയുന്നില്ല. പിന്നീടങ്ങോട്ട് പ്രണയത്തിന്‍റെ കോളറക്കാലമാണ്. കോളറക്കൊടി ഉയര്‍ത്തിയ കപ്പലില്‍ നിത്യപ്രണയത്തിലേക്ക് അവര്‍ യാത്ര തുടങ്ങുകയാണ്.

***

love558
പ്രതീകാത്മക ചിത്രം

ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന ക്ലാസിക് നോവലിനു പിന്നാലെ വന്ന കോളറക്കാലത്തെ പ്രണയം മാര്‍ക്വിസിന് ഏറെ വിമര്‍ശനങ്ങളും നേടിക്കൊടുത്തിരുന്നു. ഒരു ഹോളിവുഡ് പ്രണയകഥയ്ക്കു ചേരുന്ന പ്രണയാവേഗങ്ങളും രതിബന്ധങ്ങളും നിറഞ്ഞ ഈ നോവല്‍ പക്ഷേ, നഷ്ടപ്രണയികള്‍ക്ക് വേദപുസ്തകമായി കൊണ്ടുനടക്കാവുന്നതാണ്. കാലമെത്ര ഉരുണ്ടാലും പ്രണയം സത്യമെങ്കില്‍ അത് എല്ലാ തിമിര്‍പ്പും തുടുപ്പുമായിത്തന്നെ തിരികെ ലഭിക്കുമെന്നാണ് മാര്‍ക്വിസ് ഇതില്‍ അടിവരയിട്ടു പറയുന്നത്. പുതിയ കാലത്തെ പ്രണയികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ പറ്റിയ പ്രണയസാഹസങ്ങളും പ്രണയവചനങ്ങളും കൃത്യമായി ഇഴ ചേര്‍ത്താണ് നോവല്‍ എഴുതിയിരിക്കുന്നത്.

ആദ്യ പ്രണയത്തിന്‍റെ വൈദ്യുത കമ്പനം വാര്‍ധക്യത്തിന്‍റെ ശിശിരകാലത്തിലും നഷ്ടമാകില്ലെന്ന തിരിച്ചറിവ് ഈ പ്രണയദിനത്തില്‍ ഇതിന്‍റെ രണ്ടാം വായനയ്ക്ക് പ്രേരകമാകുന്നു.

English Summary : Love in the Time of Cholera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA