ADVERTISEMENT

കൊച്ചി ∙ പിഞ്ചുകുഞ്ഞുങ്ങള്‍ ഒരു നാടകമവതരിപ്പിച്ചതിന് അവരെ വേട്ടയാടുന്ന ഇന്ത്യയായി ഇന്നത്തെ ഇന്ത്യ മാറുമ്പോള്‍ ഏത് ഇന്ത്യയെയാണ് നമ്മള്‍ കണ്ടെത്തേണ്ടതെന്നത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. കൃതി രാജ്യാന്തര സാഹിത്യോത്സവത്തില്‍ ‘ഇന്ത്യയെ വീണ്ടും കണ്ടെത്തുമ്പോള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന ഗോഡ്‌സെയുടെ അതേ തോക്കുകൊണ്ടാണ് ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും വെടിവച്ചുകൊന്നതെന്നും ബേബി പറഞ്ഞു. 

പൗരത്വ റജിസ്റ്ററിനെ വിമര്‍ശിച്ച് നാടകം അവതരിപ്പിച്ചതിന് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കൂട്ടുകാരെയും അധ്യാപകരടക്കമുള്ളവരെയുമാണ് പൊലീസ് ഉപദ്രവിക്കുന്നത്. ഈ ബിദറിലാണ് 600 വര്‍ഷം മുമ്പ് സാമൂഹിക പരിഷ്‌കര്‍ത്താവായ ബസവണ്ണയുടെ നേതൃത്വത്തില്‍ സര്‍വമത സമ്മേളനം നടന്നത്. എന്നാല്‍ ഇന്ന് അതേ സ്ഥലത്ത് നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ 10 ഉം 12 ഉം വയസ്സുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ഉപദ്രവിക്കപ്പെടുകയാണ്. ബസവണ്ണയോ അക്കാ മഹാദേവിയോ ഇന്നാണ് ജീവിച്ചിരുന്നതെങ്കില്‍ ഗാന്ധിയെ കൊന്ന, കല്‍ബുര്‍ഗിയെയും ഗൗരിയെയും കൊന്ന തോക്കുകൊണ്ട് അവര്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാവുമായിരുന്നെന്നും ബേബി പറഞ്ഞു. 

സ്വതന്ത്ര ആശയപ്രകടനത്തിന് ഭീഷണി ഉയരുന്ന കാലമാണിത്. ഗാന്ധിയും നെഹ്‌റുവും സ്വാമി വിവേകാനന്ദനും മാര്‍ക്‌സും അടക്കമുള്ളവരുടെ ആശയങ്ങള്‍ ഇന്ന് ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഇവരുടെ ആശയങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കല്ല അതിലെ സമത്വത്തിന്റെ ആശയങ്ങള്‍ക്കാണ് ഇന്ന് പ്രസക്തി. സമത്വപൂര്‍ണമായ സമൂഹമുണ്ടാവണം. നമ്മുടെ ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും ചാവറയച്ചനെയും കുമാര ഗുരുദേവനെയും ഇത്തരം വേദികളില്‍ ഓര്‍ക്കണം. വിമോചനത്തിന്റെ ചരിത്രത്തില്‍ ഉള്‍പ്പെട്ടവരാണിവരെല്ലാം. 

ഏറ്റവും ഹീനമായി വര്‍ഗീയ വിഭജനം സൃഷ്ടിക്കാന്‍ ശ്രമിച്ചുള്ള പ്രചാരണമാണ് ഡല്‍ഹി തിരഞ്ഞെടുപ്പിലുണ്ടായതെന്നും ബേബി പറഞ്ഞു. എന്നാല്‍ വിദ്യാഭ്യാസവും അഴിമതി വിരുദ്ധതയുമടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആം ആദ്മി പാര്‍ട്ടി അതിനെ പ്രതിരോധിച്ചു. ഇതില്‍ നിന്ന് എല്ലാവര്‍ക്കും പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും എം.എ. ബേബി പറഞ്ഞു. 

English Summary : M.A Baby Speech At Krithi Book Fair 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com