ADVERTISEMENT

പുതിയ സാങ്കേതികവിദ്യകൾ വന്ന് ഇ-വായനയായപ്പോൾ പുസ്തകങ്ങൾക്ക് ആവശ്യക്കാരില്ലാതാകും എന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും ഏറ്റവും കൂടുതല്‍ വായന നടക്കുന്നത് ഇപ്പോഴാണെന്നും സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. ഇന്റർനെറ്റിൽ ലഭ്യമാകുന്ന കാര്യങ്ങളെ മാത്രം ആശ്രയിച്ചിട്ടു കാര്യമില്ലെന്നും വെളിച്ചം കിട്ടണമെങ്കിൽ പുസ്തകങ്ങൾ വായിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൃതി രാജ്യാന്തര പുസ്തകോത്സവത്തിൽ ‘വായനക്കാരനായ കഥ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെറ്റമ്മയാണ് തന്നെ  വായനക്കാരനാക്കിയതെന്നും അമ്മ പറഞ്ഞുതന്ന കഥകളിൽ നിന്നാണ് ആദ്യമായി വായനയെ അറിയുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. നാടാരും നായരും നാട്ടുകാരനുമല്ലാത്ത കണ്ണൂര്‍ക്കാരനായ തന്നെ തിരുവനന്തപുരത്തെ ജനങ്ങൾ ജയിപ്പിച്ചിട്ടുണ്ട്. തെറ്റായ വഴിയിലേക്കു പോകാതിരിക്കാനുള്ള വഴികാട്ടിയാണ് പുസ്തകങ്ങളും വായനയും.  ഒരു രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെ ജീവിക്കണമെന്നു പഠിപ്പിച്ചതും നാടിനുണ്ടാകുന്ന ഓരോ നൊമ്പരവും നമ്മുടേതു കൂടിയാണെന്ന തിരിച്ചറിവുണ്ടാക്കിയതും വായനയാണെന്നും അദ്ദേഹം ഓർത്തെടുത്തു.

വായിക്കുന്നതിൽനിന്ന് ആവശ്യമുള്ളതു മാത്രം അകത്തു വച്ച് ബാക്കി കളയണം. ഇപ്പോൾ എഴുത്ത്  മോഷ്ടിക്കുന്ന പ്രവണതയുണ്ട്. നല്ല  എഴുത്തുണ്ടാക്കാൻ നല്ല വായന വേണം. പുതിയ കാലത്തു വന്ന സവിശേഷതകളും വായനയിൽ ഉൾപ്പെടുത്തണം. കേരളത്തെ കേരളമാക്കിയതും സാംസ്കാരികത്തനിമ സൃഷ്ടിച്ചതും എഴുത്തുകാരാണെന്ന കാര്യം മറക്കരുത്. കേരളത്തിന്റെ സാംസ്കാരിക വളർച്ചയെ എഴുത്തച്ഛനും ചെറുശ്ശേരിയും കുഞ്ചൻ നമ്പ്യാരും ഉണ്ടായിരുന്ന കാലം, പിന്നീട് ആധുനിക കവിത്രയം രൂപപ്പെട്ട നവോത്ഥാന കാലം, ചുവപ്പ് രാഷ്ട്രീയം വന്ന കാലത്തുണ്ടായ കവികൾ എന്നിങ്ങനെ വിഭജിക്കാനാകുമെന്നും പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.

English Summary : Pannian Raveendran Talks At Krithi Book Fair 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com