ADVERTISEMENT

91 വയസ്സ് പിന്നിട്ടിരിക്കുന്നു പ്രഫ. ആദിനാട് ഗോപിക്ക്. സാധാരണ ഗതിയില്‍ പുറംലോകത്തെ കൊട്ടിയടച്ച് രോഗപീഡകളുടെ ആലസ്യം കൊണ്ട് തളര്‍ന്നു പോകാവുന്ന പ്രായം. ഈ പ്രായം പക്ഷേ പ്രഫ. ആദിനാട് ഗോപിക്ക് ബാധ്യതയല്ല. എഴുതിക്കൊണ്ടേയിരിക്കാനുള്ള അവസരമാണ്. അങ്ങനെ എഴുതി എഴുതി അദ്ദേഹം കൂട്ടി വച്ച പുസ്തകങ്ങള്‍ ഇന്നു വായനാലോകത്തിനു സ്വന്തമാകുകയാണ്. പുസ്തകങ്ങള്‍ ഒന്നും രണ്ടുമല്ല, 15 എണ്ണമാണ് ഒറ്റയടിക്കു പ്രകാശിതമാകുന്നത്. ഭാഷാ സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ ചെറുകിടക്കാര്‍ വരെയുള്ള പ്രസാധകരുടെ കൈകളിലൂടെ അദ്ദേഹത്തിന്റെ ആത്മകഥയടക്കമുള്ള പുസ്തകങ്ങള്‍ വായനക്കാരിലേക്കെത്തും. 

ഉറച്ചതും ഉയര്‍ന്നതുമായ ശബ്ദമായിരുന്നു ക്ലാസ് മുറികളില്‍ ആദിനാട് ഗോപിക്ക്. ആരും ഉറങ്ങാതിരിക്കാന്‍ വേണ്ടിയാണ് ഉച്ചത്തില്‍ ക്ലാസെടുക്കുന്നതെന്ന് അദ്ദേഹം തമാശ പറയുമായിരുന്നെങ്കിലും എസ്എന്‍ കോളജിലെ വലിയ ക്ലാസ് മുറിയിലെ വലിയ കൂട്ടത്തിനു വേണ്ടി ക്ലാസ് എടുക്കുമ്പോള്‍ ശബ്ദമങ്ങു തീരെ താഴ്ന്നു പോകാന്‍ പാടില്ലായിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അധ്യാപനം തന്നെയായിരുന്നു പ്രഫ. ആദിനാട് ഗോപിക്ക് എല്ലാം. അതുകൊണ്ടുതന്നെ 80 വയസ്സു വരെ അദ്ദേഹം കുട്ടികള്‍ക്കു ക്ലാസ്സെടുത്തു കൊണ്ടേയിരുന്നു. 80 വയസ്സിനു ശേഷമാണ് വിശ്രമമെന്തെന്ന് അറിഞ്ഞു തുടങ്ങിയതും പൂര്‍ണ ശ്രദ്ധ നല്‍കി എഴുത്തിന്റെ വഴിയേ യാത്ര തിരിക്കുന്നതും. 

അതുവരെ എഴുതാതെ വച്ചതൊക്കെ അദ്ദേഹം പിന്നീട് എഴുതിത്തുടങ്ങി. കവിതയായും ലേഖനങ്ങളായും ഓര്‍മക്കുറിപ്പുകളായുമൊക്കെ അവ പുറത്തുവന്നു. അധ്യാപകനായിരുന്ന കാലഘട്ടത്തില്‍ വല്ലപ്പോഴും ഓരോ കവിതയോ ലേഖനമോ ആയിരുന്നു അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നതെങ്കില്‍ റിട്ടയര്‍ ചെയ്ത ശേഷം ഇടതടവില്ലാതെ എഴുത്തില്‍ മുഴുകി. 

കൊല്ലം ഗവ. ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആദിനാട് ഗോപി തിരുവനന്തപുരം സംസ്‌കൃത കോളജില്‍നിന്ന് ബിഎ മലയാളവും യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് എംഎ മലയാളവും പൂര്‍ത്തിയാക്കി. 1957 ല്‍ കൊല്ലം ശ്രീനാരായണ കോളജില്‍ അധ്യാപകനായി. ചേര്‍ത്തല, കൊല്ലം, വര്‍ക്കല എസ്എന്‍ കോളജുകള്‍, കൊല്ലം എസ്എന്‍ വനിതാ കോളജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1980 മുതല്‍ 1985 വരെ കൊല്ലം എസ്എന്‍ കോളജിലെ മലയാള വിഭാഗം മേധാവിയായിരുന്നു. 1985ല്‍ ആണ് വിരമിക്കുന്നത്.

1950കളുടെ തുടക്കത്തില്‍ത്തന്നെ ആദിനാട് ഗോപി സാഹിത്യരചന ആരംഭിച്ചിരുന്നു. നാടകങ്ങളായിരുന്നു ആദ്യ കാലത്ത് എഴുതിയത്. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി രണ്ടു സെന്റ്, പുലര്‍ച്ച എന്നിങ്ങനെ ചില നാടകങ്ങള്‍ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. 

പിന്നീട് അധ്യാപന രംഗത്തേക്കു കടന്നതോടെ അക്കാദമിക് രംഗത്തായി അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും. തെറ്റില്ലാത്ത മലയാളത്തിനു വേണ്ടി വാദിച്ചവരില്‍ മുന്‍നിരക്കാരനായിരുന്നു അദ്ദേഹം. 

വിരമിച്ചതിനു ശേഷവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വര്‍ഷങ്ങളോളം അധ്യാപകനായിരുന്നു അദ്ദേഹം. 80 ാം വയസ്സില്‍ ആണ് അദ്ദേഹം വിശ്രമ ജീവിതം എന്തെന്നറിയുന്നത്. അതുപക്ഷേ മലയാള ഭാഷയ്ക്കു നേട്ടമായി എന്നു തന്നെ പറയണം.

ഇക്കാലയളവില്‍ എഴുതിയ 5 പുസ്തകങ്ങള്‍ ഒന്നിച്ചു പ്രകാശനം ചെയ്തു കൊണ്ടാണ് അദ്ദേഹം കൊല്ലത്തെ സാംസ്‌കാരിക ലോകത്തിന് അദ്ഭുതമായത്. അപ്പോഴും ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി അദ്ദേഹത്തിന്റെ കവിതകള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. മികച്ച പ്രഭാഷകനായും പേരെടുത്തു അദ്ദേഹം. കൊല്ലത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നല്‍കിയ ലോഭമില്ലാത്ത പിന്തുണ അദ്ദേഹത്തെ രചനാലോകത്തു ചേര്‍ത്തു നിര്‍ത്തി. ഈ പിന്തുണയാണ് 85 ാം വയസ്സില്‍ 10 പുസ്തകങ്ങള്‍ ഒന്നിച്ചു പ്രസിദ്ധീകരിക്കാന്‍ പ്രേരണയായത്. ഒരു ഗ്രന്ഥകര്‍ത്താവിന്റെ 10 പുസ്തകങ്ങള്‍ ഒന്നിച്ചു പ്രകാശനം ചെയ്യുക എന്നത് പ്രസാധന രംഗത്തെ അപൂര്‍വ സംഭവമായി. ഭാഷാശാസ്ത്രം, ഭാഷയുടെ ലിപി പ്രയോഗം, വ്യാകരണം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലായിരുന്നു പുസ്തകങ്ങള്‍. 

അതുകഴിഞ്ഞ് ആറു വര്‍ഷം പിന്നിടുമ്പോള്‍ 15 പുസ്തകങ്ങളുമായി പ്രഫ. ആദിനാട് ഗോപി വീണ്ടും വായനക്കാരുടെ മുന്നിലെത്തുകയാണ്. ഇക്കുറി ആത്മകഥയടക്കമുള്ള പുസ്തകങ്ങളാണ് പ്രകാശിതമാകുന്നത്. വായനക്കാര്‍ക്കും മലയാളം വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരമാകും അദ്ദേഹത്തിന്റെ ഈ പുസ്തകങ്ങളും. കൊല്ലം എസ്എൻ കോളജ് ജംക്‌ഷനിലെ ഗോകുലത്തിൽ എഴുത്തിന്റെ വഴിയിൽ മാത്രം മനസ്സുറപ്പിച്ച് പ്രഫ.ആദിനാട് ഗോപിയുണ്ട്. ഭാര്യ: പരേതയായ വി.ഇന്ദിര. മക്കൾ: ഡോ. ഐ.ജി.ഷിബി (റിട്ട. അസോഷ്യേറ്റ് പ്രഫസർ, എസ്എൻ കോളജ്, ചെമ്പഴന്തി), ഐ.ജി.ഷിലു (റിട്ട.എക്സിക്യൂട്ടിവ് എൻജിനീയർ, ജലവിഭവ വകുപ്പ്).

പ്രഫ. ആദിനാട് ഗോപിയുടെ പുതിയ പുസ്തകങ്ങള്‍: 1.എഴുതാന്‍ ബാക്കി വച്ച ഓര്‍മകള്‍ 2. മലയാളം ഭാഷ വ്യാകരണം പ്രയോഗം 3. ഭാഷാ ചിന്തകള്‍ 4. ഏതാണ് നല്ല മലയാളം 5.കേരള ഭാഷാ നിഘണ്ടു 6.വ്യാകരണ പദ നിഘണ്ടു 7. ഒളിച്ചേ കണ്ടേ 8. ആമയ്ക്ക് ജയിക്കണം, കാക്കയ്ക്ക് വെളുക്കണ്ട  9. മലയാള കവിത പരിണാമങ്ങളിലൂടെ 10.ആശാന്‍ മലയാള കവിതയുടെ സൂര്യനേത്രം 11. മലയാള കവിത വളര്‍ന്നു വന്ന വഴി 12. കാവ്യ സൗന്ദര്യത്തിന്റെ കസവ് ഉടയാട 13. ഗഹന ചിന്ത, സരള ലേഖനങ്ങള്‍ 14കേരള കദന കഥകള്‍ 15.പുതിയ കുലാലന്‍ ഞാന്‍.

English Summary: Prof. Adinadu Gopi Book Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com