ADVERTISEMENT

രാജഗുരുവിനെ നിയമിക്കാൻ രാജാവു തീരുമാനിച്ചു. അയൽദേശത്തെ പ്രശസ്ത ഗുരുവിന്റടുത്ത് ദൂതനെ അയച്ച് ഉദ്ദേശ്യമറിയിച്ചു. ഗുരു പറഞ്ഞു – ‘ഞാൻ രാജാവിന്റെയടുത്തല്ല, അദ്ദേഹം എന്റെയടുത്താണു വരേണ്ടത്; അതിർത്തിയിലെ മലമുകളിൽ നാളെ സൂര്യോദയത്തിനു മുൻപ്. ഒറ്റയ്ക്കു നടന്നുവരണം’. പാതിമനസ്സോടെ രാജാവ് അതനുസരിച്ചു. രാജാവിനോടു ഗുരു പല ചോദ്യങ്ങളുമുന്നയിച്ചു. അവസാന ചോദ്യം ഇതായിരുന്നു: ഇത്രയും വർഷം ജീവിച്ച നിങ്ങൾ രാജാവായത് വെറും 2 വർഷം. രണ്ടു വർഷം മാത്രം അണിഞ്ഞ വേഷത്തിന്റെ പേരിൽ സ്വയം രാജാവ് എന്നു വിളിക്കാൻ താങ്കൾക്കു നാണമില്ലേ? ആ ഗുരു രാജഗുരുവായി.

അലങ്കരിക്കുന്ന സ്ഥാനത്തിന്റെയോ കൈവരിച്ച നേട്ടങ്ങളുടെയോ പേരിൽ സ്വയം വിലയിരുത്തുമ്പോഴാണ് അഹംബോധം ഉടലെടുക്കുന്നത്. സ്വന്തം പേരിനെക്കാൾ സ്ഥാനപ്പേരുകളെ മാനിക്കുന്നവരും അവ പേരിനു മുന്നിലും പിന്നിലും ചേർത്ത് അഭിമാനിക്കുന്നവരും തങ്ങൾക്കു മറ്റുള്ളവരുടെ മനസ്സിലുള്ള സ്ഥാനമെന്ത് എന്നു ചിന്തിക്കുന്നതു നല്ലതാണ്. ലഭിക്കുന്ന ബഹുമാനവും ആദരവും ‘ആളിനാണോ സ്ഥാനത്തിനാണോ’ എന്ന ചിന്ത ആരെയും വിനയാന്വിതരാക്കും. 

അധികാരത്തിന്റെ അംഗീകരിക്കപ്പെട്ട പരിഭാഷ, സേവനം എന്നതാണ്. പക്ഷേ, പ്രയോഗത്തിലുള്ള വ്യാഖ്യാനം ആധിപത്യം എന്നുതന്നെയാണ്. സേവനം ചെയ്യാനാഗ്രഹിക്കുന്നവർക്ക് അധികാരത്തിന്റെ ആവശ്യമില്ല. താഴെത്തട്ടിൽ നിന്നു ചെയ്താൽ മതി. നാട്ടിലിറങ്ങി നടക്കാൻ തയാറുള്ള രാജാവുണ്ടെങ്കിൽ അദ്ദേഹത്തിനു നാട്ടുകാർ തന്നെ സുരക്ഷയൊരുക്കും. 

ആർക്കും കാണാനും സമീപിക്കാനും കഴിയാത്ത വിധം അകലത്തിലും ഉയരത്തിലും വ്യാപരിക്കുന്ന അധികാരികളെക്കാൾ, അടുത്തിടപഴകുന്ന ഭരണകർത്താക്കളെ ജനം അംഗീകരിക്കും. സ്വന്തം ഈഗോ തകർക്കാൻ ശേഷിയുള്ള ഒരാളെ കണ്ടെത്തിയാൽ അയാളെ ഗുരുവായി സ്വീകരിക്കണം. എങ്കിൽ പിന്നെ, അധികാരം കിട്ടിയാലും അഹങ്കാരമുണ്ടാകില്ല.

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com