ADVERTISEMENT

ഒരു സ്ത്രീക്ക് ഒരു പുരുഷനോട് അഭിനിവേശം തോന്നുന്നതെപ്പോഴാണ്. ഒരുവന്റെ എന്താവും ഒരുവളെ ആകർഷിക്കുക?. അവന്റെ ആകാരഭംഗിയോ, സിക്സ് പായ്ക്ക് മസിലുകളോ, പെരുമാറ്റത്തിലെ പ്രത്യേകതയോ, സരസമായ സംഭാഷണമോ, അതോ സുന്ദരമായ രൂപമോ?. ഇതേപ്പറ്റി ആർക്കുമൊന്നും തീർത്തു പറയാനാവില്ല. ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾകൊണ്ട് ഇഷ്ടം തോന്നിയെന്നു വരാം.

എന്നാൽ ഒരു കാര്യം തീർച്ചയാണ്. കണ്ടാൽ തരക്കേടില്ലാത്ത ഒരു പുരുഷൻ സരസമായി സംസാരിക്കാനും കൂടെ കഴിവുള്ളനാണെങ്കിൽ അവന്റെ വാചാലതയിൽ ഒരുവിധപ്പെട്ട സ്ത്രീകൾ വീണുപോകാൻ സാദ്ധ്യതയേറെയാണ്. അതാണ് ജോർജ് സ്മിത്തിന്റെ കഥ നമുക്കു വെളിവാക്കിത്തരുന്നത്. 

ജോർജ് ജോസഫ് സ്മിത്ത് 1872–ല്‍ ലണ്ടനിലെ ബീത്തൽ ഗ്രീനിൽ ജനിച്ചു. ഷൂസുകളിട്ടേ തന്റെ മകൻ മരിക്കൂ എന്ന് അവന്റെ അമ്മ പ്രവചിച്ചു. എന്നാൽ 9 വയസ്സുള്ളപ്പോൾ 8 വർഷത്തേക്ക് മകൻ ജയിലിലായതോടെ അവൾ അമ്പരന്നു. ജയിലിലായത് ആ പയ്യന് മനസ്സ് കൂടുതൽ കടുപ്പപ്പെട്ടതാക്കാൻ അവസരമൊരുക്കി. ജയിലിനു പുറത്തിറങ്ങിയതോടെ മുഴുസമയകൊള്ളയിലേക്കും കൊലയിലേക്കും അവൻ തിരിഞ്ഞു. 

എന്നാൽ എടുത്തുപറയത്തക്ക പഠിപ്പോ പാണ്ഡിത്യമോ ഒന്നും ജോർജ് സ്മിത്തിനില്ലായിരുന്നു. എങ്കിലും സാമാന്യത്തിലേറെ വിവരവും ബുദ്ധിശക്തിയും അയാൾക്കുണ്ടായിരുന്നു. കൂടെ, മോശമല്ലാത്ത ഒരു രൂപഭംഗിയും സംഭാഷണചാതുര്യവും വളരെയേറെ വശ്യതയാർന്ന് കറുത്ത ചെറിയ രണ്ടു കണ്ണുകളും. കൊള്ളയിലും കൊലയിലും താൻ വലിയ സമർത്ഥനല്ലെന്നു കണ്ട സ്മിത്ത് മറ്റു തൊഴിലുകൾക്കൊന്നും പോകാൻ തയ്യാറായില്ല. എന്നാൽ അയാൾ തനിക്ക് കൈമുതലായുള്ള കാര്യങ്ങൾ വച്ച് പണമുണ്ടാക്കാൻ ശ്രമമാരംഭിച്ചു. 

kulithottiyile-kolapathakam-04
പ്രതീകാത്മക ചിത്രം

പ്രായോഗികബുദ്ധിയേറെയുണ്ടായിരുന്ന അയാൾ അതിന് സ്ത്രീകളെയാണ് സമീപിച്ചത്– അതും ഒറ്റയ്ക്ക് താമസിക്കുന്ന, അധികമാരും ശ്രദ്ധിക്കാനിടയില്ലാത്ത സ്ത്രീകളെ. അവരുമായി സൗഹൃദത്തിലാവുന്ന സ്മിത്ത് അവരുടെ സമ്പാദ്യമെല്ലാം തന്റെ പേരിലാക്കുംവരെ അതു തുടരുമായിരുന്നു. അതിനായി അവരുടെ സ്നേഹിതനോ, കാമുകനോ, ഭർത്താവോ ആയി മാറാൻ അയാൾ തയ്യാറാവുമായിരുന്നു.

തന്റെ പ്രവർത്തനശൈലി സ്മിത്ത് ആരംഭിച്ചത് 1897–ലാണ്. ലീ സെസ്റ്ററിലെ ഒരു ചെരുപ്പുകുത്തിയുടെ 18 വയസ്സുള്ള കരോലിൻ ബിയാട്രീസ് തോൺഹിൽ എന്ന യുവതിയെ കണ്ടുമുട്ടിയ അയാൾ ജോർജ് ഒലിവർ ലവ് എന്നു പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. അയാള്‍ക്കന്ന് 26 വയസ്സായിരുന്നു. ആ പരിചയം പ്രേമമായി വളർന്നു. ഒടുവിൽ വീട്ടുകാർ അനുവദിച്ചില്ലെങ്കിലും അവർ വിവാഹിതരായി. 

തുടർന്ന് അവർ ലണ്ടനിലേക്കു പോയി. ബ്രിട്ടണിലെയും ഹോവിലെയും ഹേസ്റിങ്സിലെയും പല ധനിക കുടുംബങ്ങളിലും സ്മിത്ത് ഭാര്യയ്ക്ക് ജോലി വാങ്ങിക്കൊടുത്തു. ജോലി ലഭിക്കാൻ പ്രയാസമേതുമുണ്ടായില്ല. കാരണം ജോലിയിൽ അവൾക്കുള്ള മുൻപരിചയത്തെക്കുറിച്ചും സാമർഥ്യത്തെക്കുറിച്ചും വേണ്ടത്ര സർട്ടിഫിക്കറ്റുകൾ നല്ല കൈയക്ഷരത്തിനുടമയായ സ്മിത്ത് തന്നെ എഴുതി നൽകിയിരുന്നു. ആരുടെ കൈയക്ഷരം പോലെയും അനുകരിച്ചെഴുതാൻ അയാൾക്ക് അപാരമായ കഴിവുണ്ടായിരുന്നു (ഈ കയ്യെഴുത്തുപയോഗിച്ച് തന്റെ ഇരകളുടേതായി ബന്ധുക്കൾക്കെല്ലാം മരണത്തിനുമുമ്പ് അയാൾ കത്തുകളെഴുതുമായിരുന്നു). 

എന്നാൽ 1899 ൽ ഒരു കൊള്ളമുതൽ പണയം വയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബിയാട്രീസ് പൊലീസ് പിടിയിലായി. ഒരു വർഷത്തേക്ക് അവൾക്ക് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. ആ സമയം സ്മിത്ത് അവളെ ഉപേക്ഷിച്ചു പോയി. ഇതവൾക്ക് കടുത്ത മനഃക്ലേശമുണ്ടാക്കി. അതുകൊണ്ട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ അവൾ സ്മിത്തിനെ ലണ്ടനിൽ വച്ച് കണ്ടു മുട്ടിയപ്പോൾ വിവരം പൊലീസിൽ അറിയിച്ചു. അതോടെ 1901 ജനുവരി മാസത്തിൽ അയാളും രണ്ടുവർഷത്തേക്ക് ജയിലിനുള്ളിലായി.

തൊണ്ടി സാധനങ്ങൾ ഒതുക്കിയെന്നായിരുന്നു കുറ്റും. അതോടെ ആയാളുടെ മനസ്സിൽ പ്രതികാരചിന്ത ഉടലെടുത്തു. ലീസെസ്റ്ററിലെത്തി ഭാര്യയെ കൊല്ലാൻ തുനിഞ്ഞ സ്മിത്തിന് ഭാര്യവീട്ടുകാരില്‍ നിന്ന് നല്ല ചുട്ട അടി കിട്ടി. കരോലിനാവട്ടെ കാനഡയിലേക്ക് പോവുകയും ചെയ്തു. എങ്കിലും വിവാഹബന്ധം വേർപെടുത്തിയില്ല.

kulithottiyile-kolapathakam-02
പ്രതീകാത്മക ചിത്രം

നിരാശനാവാതെ സ്മിത്ത് തന്റെ പെൺവേട്ടയും വിവാഹവും തുടർന്നുകൊണ്ടിരുന്നു. ഒരു ലോഡ്ജ് ഉടമയായ മദ്ധ്യവയസ്കയെ വിവാഹം ചെയ്ത സ്മിത്ത് വാടക കൂടാതെ അവളുടെ ലോഡ്ജിൽ താമസിക്കുകയും കിട്ടുന്നതത്രയും വാങ്ങി എടുക്കുകയും ചെയ്തു. പിന്നെ തെക്കൻ തീരങ്ങളിലേക്കു പോയ അയാൾ പല സ്ത്രീകളെയും തന്റെ തട്ടിപ്പിനിരയാക്കി അവരുടേതെല്ലാം തട്ടിയെടുത്തു. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും മുമ്പിൽ നാണംകെടുമെന്നോർത്ത് അധികമാരും ഒന്നും പുറത്തു പറഞ്ഞില്ല. എങ്കിലും അവർക്കാർക്കും ജീവഹാനിയുണ്ടായിരുന്നില്ല എന്നാശ്വസിക്കാമായിരുന്നു. 

തീരെ ചെലവു കുറഞ്ഞ മാർഗ്ഗത്തിലൂടെയാണ് സ്മിത്ത് തട്ടിപ്പ് നടത്തിയിരുന്നത്. വളരെ കുറഞ്ഞ ചെലവിനുള്ള താമസസൗകര്യവും ചെലവു കുറഞ്ഞ യാത്രയും പണം കൊടുക്കേണ്ടാത്ത വിനോദ സഞ്ചാരമേഖലയിലൂടെയുള്ള യാത്രയും അയാൾ നടത്തി. അങ്ങനെ 1908 ജൂണിൽ ഫ്ലോറൻസ് വിൽസൺ എന്ന യുവതിയെ കണ്ടെത്തി. അവളിൽ നിന്ന് 30 പൗണ്ട് അടിച്ചു മാറ്റി. ലണ്ടനിൽ വച്ച് വിവാഹിതരായ അവർ ജൂലൈ 3–ാം തീയതി വൈറ്റ് സിറ്റിയിൽ ഒരു എക്സിബിഷനു പോയി. ഒരു പത്രം വാങ്ങി വരാമെന്നു പറഞ്ഞു പോയ സ്മിത്ത് പിന്നെ തിരിച്ചു ചെന്നില്ല. കാംഡൻ ടൗണിൽ വേഗം മടങ്ങിച്ചെന്ന സ്മിത്ത് അവളുടെ എല്ലാം സാധനങ്ങളും പെറുക്കിയെടുത്തു വിറ്റു. 

1990 ഒക്ടോബറിൽ സതാംപ്ടണിലുള്ള സാറാ ഫ്രീമാനുമായി പരിചയപ്പെടുമ്പോൾ സ്മിത്ത് സ്വീകരിച്ച പേര് ജോർജ് റോസ് എന്നായിരുന്നു. വിവാഹിതരായ അവർ സൗത്ത് ലണ്ടനിലെ ക്ലാപ്ഹേമിൽ താമസമാക്കി. പഴയ സാധനങ്ങൾ വിൽക്കുന്ന ഒരു കട തുടങ്ങണമെന്ന് തന്റെ മാന്യനായ ഭർത്താവ് പറഞ്ഞപ്പോൾ ആ പാവം സ്ത്രീ തന്റെ സമ്പാദ്യമെല്ലാം അയാൾക്കു നൽകി. നവംബർ 5–ന് അവർ നാഷണൽ ഗാലറി കാണാനെത്തി. മൂത്രപ്പുരയിൽ പോകുന്നുവെന്നു പറഞ്ഞു പോയ സ്മിത്തിനെ അവൾ പിന്നെ കണ്ടതേയില്ല. മടങ്ങിയെത്തിയപ്പോൾ മുറിയിൽ യാതൊന്നും ഉണ്ടായിരുന്നുമില്ല. 

ഇതിനിടയിൽത്തന്നെ സ്മിത്ത് മറ്റൊരു ഭാര്യയെ കണ്ടെത്തിയിരുന്നു–നല്ല കറുത്ത തലമുടിയുള്ള, വട്ട മുഖമുള്ള, തടിച്ചു കൊഴുത്ത, 28 വയസ്സുള്ള ഒരുവൾ–ബ്രിസ്റ്റണിലെ ഈ‍ഡിത്ത് പെഡ്‍ലർ എന്ന ആ ചെറുപ്പക്കാരിയെ അയാൾ വിവാഹം ചെയ്തത് പത്രത്തിലെ ഒരു പരസ്യത്തിലൂടെയായിരുന്നു. എന്നാൽ ഇപ്രാവശ്യം എന്തോ സ്വന്തം പേരു തന്നെയാണുപയോഗിച്ചത്. കുറെ നാൾ അവർ ഒരുമിച്ചു താമസിച്ചു. എന്നാൽ ഇടയ്ക്കിടയ്ക്ക് എവിടേക്കോ പോയി നാളുകൾ കഴിഞ്ഞ് തിരികെ വരുന്ന സ്മിത്തിനെക്കുറിച്ച് അവൾക്ക് സംശയം തോന്നി. 

എന്തായാലും 1910 ആഗസ്റ്റ് 26–ന് സ്മിത്ത് 31 വയസ്സുള്ള ബിയാട്രീസ് കോൺസ്റ്റൻസ് ആനി മുൻഡേ എന്ന സ്ത്രീയെ വെയ്മൗത്ത് രജിസ്ട്രാഫീസിൽ വച്ച്  വിവാഹം െചയ്തു. എന്നാൽ ഇപ്രാവശ്യം അയാളുടെ പേര് ഹെന്റി വില്യംസ് എന്നായിരുന്നുവെന്നു മാത്രം. ഒരു വ്യത്യാസമുണ്ടായിരുന്നു. മുൻഡേ സാധാരണ അറിയപ്പെട്ടിരുന്നത് ‘ബെസി’ എന്ന പേരിലാണ്. അവളുടെ അച്ഛൻ വിൽറ്റ്ഷയറിലെ ഒരു ബാങ്ക് മാനേജരായിരുന്നു. മരിക്കുന്നതിനു മുമ്പ് അവളുടെ പേരിൽ 2500 പൗണ്ട് അദ്ദേഹം ബാങ്കിലിട്ടിരുന്നു. എന്നാൽ അവൾക്കതിന്റെ പലിശ മാത്രമേ എടുക്കാനാവുമായിരുന്നുള്ളൂ. അത് 8% വരുമായിരുന്നു. എന്നാൽ ബെസി ആ തുകയും എടുത്തുപയോഗിക്കാറില്ലായിരുന്നു. 

kulithottiyile-kolapathakam-03
പ്രതീകാത്മക ചിത്രം

1910 സെപ്റ്റംബർ ആയപ്പോഴേക്കും അവളുടെ പലിശ 138 പൗണ്ടായിത്തീർന്നു. ഈ തുക കൈവശപ്പെടുത്തി യ സ്മിത്ത് ഡിസംബർ 13 ന് അപ്രത്യക്ഷനായി. അതോടെ യാതൊരു വരുമാനവുമില്ലാതായ ബെസ്സിക്ക് വില്യമിൽ നിന്നും ഒരു കത്തു കിട്ടി– ഒരു പകർച്ചവ്യാധി അവൾ തനിക്കു സമ്മാനിച്ചിരിക്കുന്നു, തന്റെ ആരോഗ്യം നശിച്ചിരിക്കുന്നു. അതിനാൽ ദീര്‍ഘനാളത്തെ ചികിത്സ ആവശ്യമാണ്. അതിനായി ഫ്രാൻസിലേക്ക് പോകുന്നു എന്നായിരുന്നു ഉള്ളടക്കം. രോഗം പകർന്നു നൽകിയവൾ എന്ന അപഖ്യാതിയുണ്ടാവുമെന്നോർത്ത ആ സാധ്വി ആരോടും ഭർത്താവ് ചെയ്ത കാര്യങ്ങളൊന്നും പറഞ്ഞില്ല. 

എന്നാൽ ബെസി തന്റെ ഒരു സുഹൃത്തായ ഒരുവനുമൊത്ത് ജീവിക്കാൻ തുടങ്ങി. ഒരു ദിവസം തികച്ചും അപ്രതീക്ഷിതമായി വെസ്റ്റേൺ സൂപ്പർ മേയറിലെ വഴിയിൽ വച്ച് അവൾ മുൻ ഭർത്താവിനെ കാണാനിടയായി. അയാളിൽ നിന്നും അകന്നു പോകുന്നതിനു പകരം ബെസി നേരെ ചെന്ന് അയാളോട് സംസാരിച്ചു. അയാളോട് പൊറുത്ത അവൾ അന്നു രാത്രി അയാൾക്കൊപ്പം കഴിയാൻ നിശ്ചയിച്ചു. അവർ ഒരുമിച്ച് ഹെന്റി ബേയിൽ താമസിച്ചു. അവൾക്കയാളെ അത്രമേൽ വലിയ ഇഷ്ടമായിരുന്നു. 

അവർ പലയിടത്തും സഞ്ചരിച്ചു. ഒടുവിൽ അവർ മെയ് മാസത്തിൽ കെന്റിലെ ഹേൺ ബേയിലെ ഹൈസ്റ്ററിൽ ഒരു സാധാരണ വീട്ടിൽ താമസമാരംഭിച്ചു. അവൾക്കവകാശപ്പെട്ട 2500 പൗണ്ട് എങ്ങനെ കൈക്കലാക്കാനാവുമെന്ന് സ്മിത്ത് പല വിദഗ്ധരോടും ചോദിക്കുന്നുണ്ടായിരുന്നു. അയാൾക്ക് അത് അവൾ തന്റെ മരണപത്രത്തിലൂടെ നൽകിയാലേ ലഭിക്കൂ എന്ന് ഒരു വക്കീൽ ഉപദേശിച്ചു. അതിനാൽ ജൂലൈയിൽ ഇരുവരും തങ്ങളുടെ മരണപത്രമെഴുതി ഒപ്പിട്ടു. ജൂലൈ 9–ന് അയാൾ അവൾക്കായി ഒരു കുളിത്തൊട്ടി (ബാത്ടബ്ബ്) വാങ്ങി. അതിന് ടാപ്പില്ലായിരുന്നു. വെള്ളം കോരി നിറയ്ക്കണമായിരുന്നു. എന്നാൽ അതവളുടെ ശവപ്പെട്ടിയായി മാറുകയും ചെയ്തു എന്നതാണ് ഖേദകരമായ വസ്തുത. 

ജൂലൈ 10–ന് സ്മിത്ത് ബെസിയെ പരിചയസമ്പന്നനല്ലാത്ത ചെറുപ്പക്കാരനായ ഒരു ഡോക്ടറുടെ അടുത്തു കൊണ്ടു പോയി. അവൾക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കണ്ടുവെന്നു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് ആ ഡോക്ടർ അവൾക്ക് അപസ്മാരമുണ്ടെന്നറിഞ്ഞ് ആ വീട്ടിലേക്കെത്തി. അന്ന് ബെസി കട്ടിലിൽ കിടക്കുന്നതാണ് അദ്ദേഹം കണ്ടത്. വിളർച്ചയുണ്ടായിരുന്നെങ്കിലും കുഴപ്പമൊന്നും തോന്നിയില്ല. മയങ്ങാനുള്ള മരുന്നുകൾ നൽകി അദ്ദേഹം മടങ്ങി. അന്നു രാത്രി ബെസി തന്റെ അസുഖകാര്യങ്ങളും ഭർത്താവ് നന്നായി തന്നെ പരിചരിക്കുന്ന വിവരവും എല്ലാം ചൂണ്ടിക്കാട്ടി തന്റെ അമ്മാവന് കത്തെഴുതി. മരണപത്രത്തിന്റെ കാര്യവും എടുത്തെഴുതിയിരുന്നു. 

പിറ്റേന്ന്, അതായത് ജൂലൈ 13 ശനിയാഴ്ച രാവിലെ ഡോക്ടർക്കൊരു കത്തു കിട്ടി. ഉടനെ ഇവിടെവരെ ഒന്നു വരാമോ. എന്റെ ഭാര്യ മരിച്ചുവോ എന്നു ഞാൻ ഭയക്കുന്നു. ഡോക്ടറെത്തിയപ്പോൾ ബെസി ബാത്ടബ്ബിൽ കിടക്കുകയായിരുന്നു. അവൾ നഗ്നയായിരുന്നു. പുറംതിരിഞ്ഞാണ് കിടന്നിരുന്നത്. അവളുടെ വലതുകയ്യിൽ ഒരു സോപ്പ് മുറുകെപ്പിടിച്ചിരുന്നു. ആ ബാത്ടബ്ബിൽ ഭാര്യ തനിയെയാണ് വെള്ളം നിറച്ചതെന്നും 20 തവണയെങ്കിലും അടുക്കളവരെ അതിനായി പോയിട്ടുണ്ടാവുമെന്നും സ്മിത്ത് പറഞ്ഞു. പൊലീസിനെ വിവരമറിയിച്ചു. അവർ വന്നുവെങ്കലും സ്വാഭാവിക മരണമെന്ന നിലയിലേ അവർക്കത് കാണാനായുള്ളൂ ഏതായാലും ഇൻക്വെസ്റ്റിന്റെ സമയമത്രയും സ്മിത്ത് കരഞ്ഞുകൊണ്ടേയിരുന്നു. അന്വേഷണോദ്യോഗസ്ഥർ അയാളെ സാന്ത്വനിപ്പിച്ചു. 

എന്നാൽ ബെസ്സിയേക്കാൾ നീളക്കുറവുള്ള ഒരു ബാത്ടബ്ബിൽ എങ്ങനെ അവൾ മുങ്ങിമരിക്കുമെന്നാരും ചിന്തിച്ചില്ല. ഡോക്ടർ വരുന്നതുവരെ അവളെ സ്മിത്ത് വെള്ളത്തിൽ നിന്നുമെടുക്കാഞ്ഞതെന്താണെന്നും ആരും ചോദിച്ചില്ല. ഏതായാലും കൊല നടത്തിയത് ശനിയാഴ്ചയായത് സ്മിത്തിന് ഗുണം ചെയ്തു. അന്വേഷണമോ മറ്റു നിയമനടപടികളോ ഒന്നുമുണ്ടാവാതെ 24 മണിക്കൂറിനുള്ളിൽ ശവം മറവു ചെയ്യാൻ അയാൾക്കു കഴിഞ്ഞു. ആകെ അൽപം എതിർപ്പുണ്ടായത് ബെസിയുടെ ട്രസ്റ്റികളുടെ ഭാഗത്തു നിന്നാണ്. എന്നാൽ അത് മറികടക്കാൻ സ്മിത്തിനെളുപ്പം കഴിഞ്ഞു. മനസ്സില്ലാമനസ്സോടെ അവർ 25591 പൗണ്ടും അയാൾക്കു നൽകി. 

ഒടുവിൽ ആ ബാത് ടബ്ബ് നൽകിയ കടക്കാരനു തന്നെ കിട്ടിയ വിലയ്ക്ക് തിരികെ കൊടുത്തിട്ട് സ്മിത്ത് സ്ഥലം വിട്ടു. നേരേ പോയത് ഈഡിത്ത് പെഡ്‍ലറുടെ അടുത്തേക്കാണ്. കാനഡയിൽ പഴയ സാധനങ്ങൾ വിറ്റ് നല്ല സമ്പാദ്യം താനുണ്ടാക്കിയിട്ടുണ്ടെന്നു പറഞ്ഞ് അയാൾ ആ പണം കൊണ്ട് എട്ട് വീടുകൾ ബ്രിസ്റ്റലിൽ വാങ്ങിച്ചു. ഒരു കട തുടങ്ങി. 1913 ഒക്ടോബറായപ്പോഴേക്കും അയാൾക്ക് കൂടുതൽ പണമുണ്ടാക്കണമെന്ന ആഗ്രഹമുണ്ടായി. അതിനായി അടുത്ത ഇരയെ ലക്ഷ്യമിട്ടു.

1913 – ൽ സ്മിത്ത് വളരെ ചെറുപ്പക്കാരിയായ ആലീസ് ബേൺഹാം എന്ന ഒരു നേഴ്സിനെ വിവാഹം കഴിച്ചു. സൗത്ത് സീയിലെ വെസ്ലിയൻ മെത‍ഡിസ്റ്റ് ചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന അവളെ കണ്ട സ്മിത്ത് പരിചയത്തിലാവുകയായിരുന്നു. ബക്കിങ് ഹാംഷെയറിലെ ഒരു പഴക്കച്ചവടക്കാരനായിരുന്നു അവളുടെ പിതാവ്. അദ്ദേഹം അവൾക്കായി 104 പൗണ്ട് കരുതി വച്ചിട്ടുണ്ടായിരുന്നു. സ്മിത്ത് അദ്ദേഹത്തോട് ആ തുക നിയമപരമായി വാങ്ങിയെടുത്തു. എന്നുതന്നെയല്ല, തന്റെ ഭാര്യയുടെ പേരില്‍ 500 പൗണ്ടിന്റെ ഒരു ഇൻഷ്വറൻസ് പോളിസിയും ആയാൾ എടുത്തു. അവളുടെ സ്വത്തെല്ലാം അയാളുടെ പേരിൽ എഴുതി വയ്ക്കാൻ അയാൾ അവളെ നിർബന്ധിച്ചു. 

പിന്നീട് അവർ ബ്ലാക്ക് പൂളിലെത്തി. ഒരു ലോഡ്ജിൽ താമസിച്ചു. ഒരു ദിവസം ആലീസ് കുളിച്ചു കൊണ്ടിരിക്കെ സീലിങ്ങിൽക്കൂടെ വെള്ളം ഒഴുകിവരുന്നത് ലോഡ്ജ് ഉടമയായ സ്ത്രീ കണ്ടു. അന്വേഷിച്ചു ചെന്ന അവൾ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നുവെന്നു മനസ്സിലാക്കി. അകത്തു കയറി നോക്കിയപ്പോൾ ബാത് ടബ്ബിൽ ആലീസ് മരിച്ചു കിടക്കുന്നതാണ് കണ്ടത്. അതും ഒരു സ്വാഭാവിക മരണമെന്ന് എഴുതിത്തള്ളിയതോടെ സ്മിത്തിന് അവളുടെ 500 പൗണ്ട് അനായാസേന കൈയിലായി. 

നേരേ ഈ‍‍ഡിത്ത് പെഡ്‍ലറുടെ അടുത്തു ചെന്ന സ്മിത്ത് താൻ സ്പെയിനിലായിരുന്നുവെന്നും പുരാതനവസ്തുക്കൾ വിറ്റ് നല്ല വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. അക്കൊല്ലത്തെ ക്രിസ്മസ് അയാൾ അവളോടൊത്ത് ബ്രിസ്റ്റലിൽ ആഘോഷിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ സ്മിത്ത് ഒരു പുരോഹിതന്റെ മകളായ മാർഗററ്റ് ലോഫ്റ്റിയെ വിവാഹം ചെയ്തു. എന്നാൽ ഇക്കുറി അയാൾ തന്റെ പേര് ജോൺ ലോയ്ഡ് എന്നാക്കി മാറ്റിയിരുന്നു. വിവാഹശേഷം സ്വത്തെല്ലാം തന്റെ പേരിലാക്കി മാറ്റാൻ അവളെ അയാൾ നിർബന്ധിച്ചു. അയാളെ ഏറെ ഇഷ്ടപ്പെട്ട അവൾ യാതൊരു തടസ്സവും പറയാതെ അങ്ങനെ തന്നെ ചെയ്തു. എന്നുതന്നെയല്ല അവളുടെ പേരിൽ 700 പൗണ്ടിന്റെ ഒരു ഇൻഷ്വറൻസ് എടുക്കാനും അയാൾ താൽപര്യം കാട്ടി. 

അന്ന് ൈവകുന്നേരം കുളിമുറിയിൽ നിന്ന് വെള്ളം ചീറ്റി ഒഴുകുന്നതും കൈകൾ ബാത്ടബ്ബിന്റെ അരികിലടിക്കുന്നതും മറ്റുമായ ശബ്ദം കേട്ടു. പിന്നെ ഒരു ദീർഘനിശ്വാസവും. എന്നാൽ അതിലൊക്കെ വിചിത്രമായ കാര്യം ദൈവമേ നിന്നടുത്തേക്കു ഞാൻ എന്ന പാട്ട് ഹാർമോണിയത്തിൽ ആരോ വായിക്കുന്നതും തുടർന്ന് മുൻവശത്തെ വാതിൽ ശക്തിയായി അടച്ച ശബ്ദം കേട്ടതുമാണ്. 

കുറെ സമയത്തിനുശേഷം ലോയ്ഡ് വാതിൽക്കൽ മുട്ടി ഡ്യൂപ്ലിക്കേറ്റ് താക്കോലുണ്ടോ എന്നു ചോദിച്ചു. തക്കാളി വാങ്ങാൻ താൻ പുറത്തു പോയിരിക്കുകയായിരുന്നുവെന്നും അയാൾ ലോഡ്ജുടമയോട് പറഞ്ഞു. വാതിൽ തുറന്നപ്പോൾ ബാത്ടബ്ബിൽ ലോഫ്ടിയുടെ ശവശരീരമാണ് കാണാനായത്. പിന്നെ സ്മിത്തിനെ അവിടാരും കണ്ടിട്ടില്ല. പിറ്റേന്ന് ന്യൂസ് ഓഫ് ദ വേൾഡ് എന്ന പത്രത്തിൽ വിവാഹപ്പിറ്റേന്ന് വധുവിന്റെ ദാരുണവിധി എന്ന ഒരു വാർത്ത വന്നതോടെ 1915 ജനുവരി 15–ന് നടന്ന അതും സ്വാഭാവിക മരണത്തിന്റെ കണക്കിൽ ഒന്നുകൂടെ ആയി മാറി. 

ആലീസിന് വിലയുള്ള ഒരുശവപ്പെട്ടി വാങ്ങാൻ തയ്യാറാവാതിരുന്ന സ്മിത്ത് അവളുടെ ശവമടക്കുകഴിയുന്ന തിനു മുമ്പുതന്നെ ഉള്ളതെല്ലാം പെറുക്കിക്കെട്ടിയെടുത്ത് സ്ഥലം വിടുന്നതു കണ്ട വീട്ടുടമയുടെ മനസ്സിൽ പല സംശയങ്ങളും മുളപൊട്ടി. തിങ്കളാഴ്ച തന്നെ അവളെ അടക്കി. ഈഡിത്തിനടുത്തേക്കു വേഗം മടങ്ങിയ സ്മിത്ത് ബാത്ടബ്ബിൽ കുളിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യതകളെക്കുറിച്ച് ഭാര്യയ്ക്കു മുന്നറിയിപ്പു നൽകി. എന്നാൽ പലനാൾ കട്ടാൽ ഒരു നാൾ പിടിക്കപ്പെടും എന്ന ചൊല്ല് അന്വർഥമാക്കിക്കൊണ്ട് സ്മിത്തിന് തിരിച്ചടി കിട്ടാൻ തുടങ്ങി. 

മാർഗറ്റിനെ ഒഴിവാക്കാനുള്ള വ്യഗ്രത ആണ് അതിന് ആക്കം കൂട്ടിയത്. നേരത്തേയുള്ള കൊലപാതകങ്ങളിൽ പത്രക്കാർ അധികം താത്പര്യം കാണിച്ചിരുന്നില്ല. എന്നാൽ മാർഗററ്റിന്റെ കൊലപാതകം ന്യൂസ് ഓഫ് ദ വേൾഡ് എന്ന പത്രത്തിൽ വലിയ തലക്കെട്ടിൽ വന്നു. ബാത്ടബ്ബിൽ വധുവിന്റെ ദാരുണമരണം എന്ന് അവർ എഴുതി. രണ്ട് വായനക്കാർക്ക് അതുകണ്ടപ്പോൾ ചില സംശയങ്ങളുണ്ടായി. ആലീസ് ബേൺ ഹാമിന്റെ പിതാവ് ഒരു വക്കീലിനെ കണ്ടു, പിന്നീട് പൊലീസിനെയും. 

ബ്ലാക്ക് പൂളിലെ ലോഡ്ജുടമയും തന്റെ സന്ദേഹങ്ങൾ പൊലീസിനോട് തുറന്നു പറഞ്ഞു. ജോൺ ലോയ്ഡിന്റെ ബന്ധങ്ങളെക്കുറിച്ചന്വേഷണം തുടങ്ങിയ പൊലീസിന് സ്മിത്തിനെക്കുറിച്ച് സംശയങ്ങൾ തോന്നി. ഫെബ്രുവരി 1–ന് മൂന്നാമത്തെ ഭാര്യയുടെ പേരിലുള്ള ഇൻഷ്വറൻസ് തുകയായ 700 പൗണ്ടു വാങ്ങാനായി വക്കീലിനെ കാണാനെത്തിയ സ്മിത്തിനെ രണ്ട് ഡിറ്റക്ടീവ് ഉദ്യോഗസ്ഥർ പിന്തുടർന്നു. സ്മിത്തിനെ അറസ്റ്റ് ചെയ്തെങ്കിലും ആ മുങ്ങിമരണങ്ങളിൽ അസ്വാഭാവികതയൊന്നും തോന്നാതിരുന്നതിനാൽ അയാൾക്കുമേൽ കുറ്റം ചാർത്താനായില്ല. എന്നാൽ ബെസി മുൻഡേയുടെ മരണത്തിൽ സ്മിത്തിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ചിലത് കിട്ടി. 

ഒരു ഭാര്യ മരണമടയുന്നതിനു മുമ്പ് ഇൻഷ്വറൻസ് ചേരുന്നതും ഭർത്താവിന്റെ പേരിൽ അവളുടെ സ്വത്തെല്ലാം എഴുതിവയ്ക്കുന്നതും മണിക്കൂറുകൾക്കുള്ളിൽ ഭർത്താവ് അതെല്ലാം കൈക്കലാക്കുന്നതും അന്വേഷണോദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. തന്നെക്കാൾ നീളം കുറവുള്ള ഒരു ബാത്ടബ്ബിൽ ഒരാളെങ്ങനെ മുങ്ങിമരിക്കുമെന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടു(അതേ നീളമുള്ള ഒരു നീന്തൽ വിദഗ്ധയെ ബാത്ടബ്ബിലിറക്കിയിട്ട് അപ്രതീക്ഷിതമായി കാലിൽ പിടിച്ചു വലിച്ചപ്പോൾ എന്താണ് നടന്നതെന്ന സംഗതി വ്യക്തമായി). ബാത്റൂമിൽ കുളിക്കാൻ കയറിയ സ്ത്രീകളാരും വാതിൽ അടയ്ക്കുകയോ കുറ്റി ഇടുകയോ ചെയ്തിരുന്നില്ല എന്നത് വിചിത്രവും സംശയമുളവാക്കുന്നതുമായി. ഡോക്ടർ ഫ്രഞ്ച്, സർ ബർനാർഡ് സ്പിൽസ് ബറി എന്നീ വിദഗ്ധർ സമർഥമായി തെളിവുകൾ കണ്ടുപിടിച്ച് നിരത്തി. 

ജൂലൈ 1–ാം തീയതി സ്മിത്ത് കുറ്റവാളിയെന്ന് വിധി എഴുതപ്പെട്ടു. താൻ നിർദോഷിയാണെന്നു കൊലമരത്തിൽ കയറുംവരെയും അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. എങ്കിലും ഒരിക്കലും പശ്ചാത്താപമുണ്ടാവാതിരുന്ന സ്മിത്ത് ആത്മാർഥമായി കുമ്പസാരിച്ചു. ആഗസ്റ്റ് 13–ാം തീയതി കെന്റിലെ മെയ്ഡ്സ്റ്റൺ ജയിലിൽ വച്ച് തൂക്കിക്കൊല്ലുമ്പോൾ ഈഡിത്ത് മാത്രം വിലപിച്ചുകൊണ്ട് അവിടുണ്ടായിരുന്നു.  

   

ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ

ഗീതാലയം ഗീതാകൃഷ്ണൻ 

ഡിസിബുക്സ് 

വില 225

English Summary : Lokathe Nadukkiya Kolapathakangal, By Geethalayam Geethakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com