ADVERTISEMENT

41-ാം വയസ്സില്‍ അപ്രതീക്ഷിതമായായിരുന്നു ഇംഗ്ലിഷ് അവതാരക കാരലിന്‍ ഫ്ലാക്കിന്റെ മരണം. ഫെബ്രുവരി 15 ന്. ഇംഗ്ലിഷ് ടെലിവിഷന്‍ പ്രേക്ഷകരും സിനിമാ ടെലിവിഷന്‍ രംഗത്തെ പ്രമുഖരും ആ മരണം നല്‍കിയ ഞെട്ടലില്‍ നിന്നു മുക്തരാകുന്നതേയുള്ളൂ. അതൊരു മരണം പോലുമായിരുന്നില്ല. സ്വയം ജീവനൊടുക്കുകയായിരുന്നു അവര്‍. 

അകാലത്തില്‍ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത് നൈരാശ്യം. കടുത്ത ഡിപ്രഷനിലൂടെയാണ് അവര്‍ കടന്നുപോയത്. വിജയകരമായ കരിയര്‍ മുന്നോട്ടുപോകുമ്പോള്‍ തന്നെ ഇനിയും പൂര്‍ണമായി വ്യക്തമാക്കാത്ത കാരണങ്ങളുടെ പേരില്‍ ജീവതം അവസാനിപ്പിക്കുകയായിരുന്നു നടിയായി ജീവിതം തുടങ്ങി അവതാരകയായി പേരെടുത്ത കാരലിന്‍.

ആ മരണം ലോകത്തിനു നല്‍കിയ നടുക്കത്തില്‍നിന്ന് മുക്തമാകുക എന്ന ലക്ഷ്യത്തോടെ പ്രസാധകനായ സിമോണ്‍ കെ സമൂഹ മാധ്യമത്തില്‍ ഒരു ഓഫര്‍ മുന്നോട്ടുവച്ചു. ഒരു പുസ്തകത്തിന്റെ പരസ്യമായി വ്യാഖ്യാനിക്കാവുന്ന ഓഫര്‍. തന്റെ ഏതെങ്കിലും സുഹൃത്തുക്കള്‍ ഡിപ്രഷനെ നേരിടുന്നുണ്ടെങ്കില്‍ അവര്‍ക്ക് താന്‍ ഒരു പുസ്തകം സമ്മാനിക്കുമെന്ന്. ലോക പ്രശസ്തമായ മാറ്റ് ഹെയ്ഗിന്റെ പ്രചോദനാത്മക ഗ്രന്ഥം: റീസണ്‍സ് ടു സ്റ്റേ എലൈവ്. ജീവിക്കാനുള്ള കാരണങ്ങള്‍. 

സിമോണ്‍ കെ ഓഫര്‍ മുന്നോട്ടുവച്ചതിനു പിന്നാലെ നൂറുകണക്കിനു പേരാണ് പുസ്തകത്തിന് ആവശ്യക്കാരായി രംഗത്തുവന്നത്. പലരും തങ്ങളുടെ സുഹൃത്തുക്കള്‍ക്കുവേണ്ടി. ബന്ധുക്കള്‍ക്കുവേണ്ടി. പരസ്പരം അറിയാത്ത എന്നാല്‍ നൈരാശ്യത്തിന്റെ വേദന അനുഭവിക്കുന്നവര്‍ക്കുവേണ്ടി പുസ്തകത്തിനുള്ള തുക നല്‍കാന്‍ തയാറായി. ചിലര്‍ 10 പൗണ്ട്. മറ്റു ചിലര്‍ 50 ഉം 100 ഉം പൗണ്ടുമൊക്കെ. അതങ്ങനെ ഒരു വലിയ ജനകീയ യജ്ഞമായി മാറുകയായിരുന്നു. സിമോണ്‍ കെ എന്ന പ്രസാധകന്‍ ഒരിക്കലും സ്വപ്നം കാണുക പോലും ചെയ്യാത്ത വിജയം. 

reasons-to-stay-alive-11

2015 ലാണ് നോവലിസ്റ്റായ മാറ്റ് ഹെയ്ഗിന്റെ റീസണ്‍സ് ടു സ്റ്റേ എലൈവ് എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി മാറ്റ് എഴുതിയ പുസ്തകം അന്നുമുതല്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പുസ്തകങ്ങളുടെ കൂട്ടത്തിലുണ്ട്. ലോകമെങ്ങും ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പ്രചോദനാത്കമ പുസ്തകങ്ങളിലൊന്ന്. 

24 വയസ്സു മുതലുള്ള അനുഭവങ്ങളാണ് മാറ്റ് തന്റെ പ്രശസ്ത പുസ്തകത്തില്‍ വിവരിക്കുന്നത്. അന്ന് മാറ്റ് ആത്മഹത്യയുടെ വക്കിലായിരുന്നു. എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കടലില്‍ ചാടി മരിക്കാനായിരുന്നു തീരുമാനം. എല്ലാം ഉപേക്ഷിച്ച്, ആരോടും യാത്ര പറയാതെ മാറ്റ് കടല്‍ത്തീരത്ത് എത്തി. പാറക്കൂട്ടത്തിനു മുകളില്‍നിന്ന് അലയടിച്ചാര്‍ക്കുന്ന കടലലകളിലേക്കു നോക്കി. ചാടാന്‍ തന്നെ തീരുമാനിച്ച നിമഷത്തില്‍ മറ്റൊരു ചിന്ത അയാളുടെ മനസ്സിലൂടെ കടന്നുപോയി. 

താന്‍ കടലിലേക്കു ചാടുകയും മരിക്കാതെ പരുക്കേറ്റ് തിരിച്ചുവരുകയും ചെയ്താല്‍ ബന്ധുക്കള്‍ക്കു സഹിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍. അതേപ്പറ്റിയുള്ള ചിന്ത അന്നയാളെ ആത്മഹത്യയില്‍ നിന്നു രക്ഷിച്ചു. പിന്നീട് ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുകയായിരുന്നു മാറ്റ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍. തന്റേതായ ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. ജീവിതോല്ലാസം. ആഘോഷത്തിന്റെ ദിനങ്ങള്‍. എന്തിനു ജീവിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് മാറ്റിന്റെ പുസ്തകം. അതു തന്നെയാണ് ആ പുസ്തകത്തെ ജനപ്രിയമാക്കുന്നതും. 

English Summary : After Caroline Flack’s death, bookseller flooded with requests for depression memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com