ADVERTISEMENT

നദിക്കു കുറുകെ വലിച്ചുകെട്ടിയ കയറിലൂടെ നടക്കുകയാണ് അഭ്യാസി‌; തോളത്തു മകനുമുണ്ട്. എല്ലാവരെയും അദ്ഭുതപ്പെടുത്തി അയാൾ വളരെ വേഗം മറുകരയെത്തി. കരഘോഷത്തിനിടെ, അദ്ദേഹം ചോദിച്ചു: നിങ്ങൾക്ക് എന്റെ കഴിവിൽ വിശ്വാസമുണ്ടോ? കാണികൾ ഒന്നടങ്കം പറഞ്ഞു – തീർച്ചയായും. അഭ്യാസി പറഞ്ഞു: ‘‘എങ്കിൽ നിങ്ങളിലൊരാളുടെ കുട്ടിയെ എനിക്കു തരിക, ഞാൻ തോളിൽവച്ച് അക്കരെയെത്താം’’. കാണികളെല്ലാം എവിടെയോ അപ്രത്യക്ഷരായി!

രണ്ടുതരം ആളുകളുണ്ട് – കരയ്ക്കിരുന്നു കയ്യടിക്കുന്നവരും കളത്തിലിറങ്ങി കളിക്കുന്നവരും. കാണികൾ ആർത്തുവിളിക്കും, ഹർഷാരവം മുഴക്കും. തങ്ങൾ പിന്തുണച്ച ടീമിന്റെ വിജയം ആഘോഷിക്കും. സ്വന്തം ടീം പരാജയപ്പെട്ടാൽ നിരാശരാകും, കൂക്കിവിളിക്കും. ഒരുതവണ പോലും കളത്തിലിറങ്ങാതെ കളിയെക്കുറിച്ച് ആധികാരിക വിവരണം നൽകും. കാഴ്ചക്കാരനായാൽ ഒരു ഗുണമുണ്ട് – ഒന്നിലും പങ്കെടുക്കേണ്ട, പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും ഗാലറിയിൽ ഇരുന്നാൽ മതി. വിയർപ്പൊഴുക്കേണ്ട; പരാജയപ്പെടേണ്ട; ആളുകൾ കുറ്റപ്പെടുത്തുകയുമില്ല.

ഒന്നിനോടും ഒരു അഭിനിവേശവുമില്ലാതെ കണ്ടും കേട്ടും മടങ്ങാൻവേണ്ടി മാത്രമായി എന്തിനാണു ജീവിതം? ജീവിച്ചിരിക്കുന്നു എന്നതിന്റെ ഒരു തെളിവും അവശേഷിപ്പിക്കാതെ ആൾക്കൂട്ടത്തിനിടയിൽ അപ്രത്യക്ഷരാ കുന്നവരുടെ ആധിക്യമാണ് സമൂഹത്തെ നിഷ്ക്രിയമാക്കുന്നത്. കളത്തിലിറങ്ങുന്നവർ കർമനിരതരാണ്. ഒരു മണിക്കൂറിന്റെ പ്രദർശനത്തിനു പിന്നിൽ ഒരായുസ്സിന്റെ പ്രയത്നമുണ്ടാകും. 

കളിച്ചു തുടങ്ങിയ സമയത്തുണ്ടായ പരാജയങ്ങളെയും അവഹേളനങ്ങളെയും അവഗണിക്കാൻ ശീലിച്ചതു കൊണ്ടു മാത്രമാണ് അവർ ഉയരങ്ങൾ താണ്ടിയത്. കളത്തിലിറങ്ങുന്നവന്റെ പരിശ്രമങ്ങൾക്കു പകരംവയ്ക്കാൻ കാഴ്ചക്കാരന്റെ പരിദേവനങ്ങൾ മതിയാകില്ല. പരിഭവങ്ങൾക്കു പകരം പരീക്ഷണങ്ങളും ഒഴികഴിവുകൾക്കു പകരം പോരാട്ടങ്ങളുമാണ് കളിക്കാരന്റെ മനഃശാസ്ത്രം. കാഴ്ചക്കാരൻ കാണികളുടെ അഭിപ്രായങ്ങളിൽ വിശ്വസിക്കും; കളിക്കാരൻ സ്വന്തം കഴിവിൽ വിശ്വസിക്കും.

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com