ADVERTISEMENT

രാജഗുരുവിന്റെ പിറന്നാളിനു രാജാവു സമ്മാനമായി നൽകിയത് രത്നം പതിച്ച മനോഹരമായ കത്രികയാണ്. സമ്മാനപ്പൊതി തുറന്നുനോക്കി ഗുരു പറഞ്ഞു: ‘‘ഇത്തരമൊരു സമ്മാനമല്ല ഞാൻ പ്രതീക്ഷിച്ചത്; ഇതിലും നല്ലത് ചെറിയൊരു സൂചി തരുന്നതാ യിരുന്നു’’. രാജാവ് കത്രികയുടെ സവിശേഷതകൾ വർണിക്കാൻ തുടങ്ങി. ഗുരു പറഞ്ഞു: മുറിച്ചുമാറ്റാൻ ഉപകരിക്കുന്നവയെക്കാൾ, കൂട്ടിച്ചേർക്കാൻ ഉപകരിക്കു ന്നവയാണ് എനിക്കിഷ്ടം. 

മനസ്സിന്റെ മുറിവുകൾക്ക് ആഴവും വേദനയുമേറും. മുറിവുകൾ എത്ര വേഗത്തിൽ ഉണങ്ങിയാലും അവ ഉണ്ടായ നിമിഷവും ഉണ്ടാക്കിയ ആഘാതവും അത്ര വേഗം മറക്കില്ല. ആരുടെയും വേദനിപ്പിക്കുന്ന ഓർമകളിൽ  സ്ഥാനമില്ലാതിരിക്കുക എന്നതുതന്നെ ജീവിതത്തിന്റെ ശ്രേഷ്ഠതയാണ്. സന്തോഷിപ്പി ക്കാനും അദ്ഭുതപ്പെടുത്താനും എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല; പക്ഷേ, മുറിപ്പെടുത്താതിരിക്കാൻ കഴിയും. 

അപരന്റെ ഇഷ്ടങ്ങളെ സ്വന്തമാക്കുന്നവരും അനിഷ്ടങ്ങൾ അവർക്കുമേൽ അടിച്ചേൽപിക്കുന്നവരും വേദനകളുടെ നിർമാതാക്കളാണ്. മറ്റൊരാളുടെ വ്യക്തിജീവിതത്തിലുള്ള നമ്മുടെ ഇടപെടൽ അവരുടെ തുടർപ്രയാണങ്ങൾക്കു തടസ്സമാകുന്നെങ്കിൽ, നമ്മുടെ കയ്യിൽ ‘കത്രികയാണ്’ എന്നു പറയാം; അന്യന്റെ ജീവിതം കഷണങ്ങളായി മുറിക്കുന്ന കത്രിക! വെട്ടിമുറിക്കാനും വെട്ടിയൊരുക്കാനും കത്രികയ്ക്കു കഴിയും. പക്ഷേ, കൈകാര്യം ചെയ്യുന്നവന്റെ മനോനിലയ്ക്കനുസരിച്ചു പ്രവർത്തിക്കാനേ അതിനു ശേഷിയുള്ളൂ. 

സൂചിയുടെ യാത്ര തനിച്ചല്ല, നൂലിന്റെ അകമ്പടിയുണ്ടാകും – തുന്നിച്ചേർക്കാനും സുഖപ്പെടുത്താനും. കടന്നുപോകുന്ന വഴികളിലെല്ലാം ഏൽപിക്കുന്ന ചെറിയ നൊമ്പരങ്ങളെക്കാൾ, സൗഖ്യത്തിന്റെ സാധ്യതകൾ പകർന്നാണ് ഓരോ സൂചിയും സഞ്ചരിക്കുന്നത്. വേർപെട്ടുപോയവയ്ക്കെല്ലാം വീണ്ടും ഒരുമിക്കണമെങ്കിൽ കൂട്ടിച്ചേർക്കാൻ ആരെങ്കിലും ഉണ്ടാകണം. മുറിവുകൾ ഉണ്ടാക്കാൻ എല്ലാവർക്കുമറിയാം; ഒരു പരിശീലനവും വേണ്ട. എന്നാൽ, മുറിവുണക്കാൻ പ്രയത്നവും പരിശീലനവും വേണം. 

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com