ADVERTISEMENT

കൊച്ചി∙ ബംഗാളിലെ മുർഷിദാബാദ് ജില്ലക്കാരനായ മിലൻ ഷെയ്ക് നല്ല പച്ചവെളളം പോലെ മലയാളം പറയും. ഇഷ്ട അക്ഷരം മലയാളത്തിന്റെയും മിലന്റെയും ആദ്യാക്ഷരം ‘മ’ തന്നെ. ഇഷ്ട വാക്ക് ആകട്ടെ ‘സുന്ദരം’. 10–ാം ക്ലാസിലെ അവധിക്കാലത്തു കേരളത്തിലേക്കു ട്രെയിൻ കയറിയതാണു മിലൻ. നെടുമ്പാശേരിയിലെത്തിയിട്ട് ഇപ്പോൾ 9 വർഷം കഴിഞ്ഞു. അത്താണിക്കടുത്ത് പൊയ്ക്കാട്ടുശേരിയിൽ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുകയാണ്.

നെടുമ്പാശേരി പഞ്ചായത്തിൽ നടന്ന മലയാളം ക്ലാസിൽ തുടർച്ചയായി 6 മാസവും പോയി. ക്ലാസിൽ എത്തിയതോടെയാണു എഴുതാനും വായിക്കാനും പഠിച്ചത്. അങ്കമാലി, ആലുവ ബസുകളുടെ ബോർഡ് വായിക്കണം. പിന്നെ പണിക്കു പോകുമ്പോൾ ഹിന്ദിയറിയാത്ത വീട്ടുകാരോടു സംസാരിക്കണം, ഇവിടെയുളളവർ സൗദിയിലും അമേരിക്കയിലുമൊക്കെ പോയാൽ നേരിടുന്ന ഭാഷ പ്രശ്നങ്ങളെ ‍‍ഞങ്ങൾക്കും ഉളളെന്നു മിലൻ പറയുന്നു. മലയാളം പഠിച്ചതോടെ കടകളിൽ നിന്നു സാധനങ്ങൾ വാങ്ങാനും എളുപ്പമായി.

മിലന്റെ മലയാളം കേട്ടാൽ തനി അത്താണിക്കാരനാണെന്നേ ആരും പറയൂ. 10–ാം ക്ലാസിൽ പഠിപ്പു നിർത്തിയ മിലൻ 24–ാം വയസ്സിൽ മലയാളം ക്ലാസിനു ചേർന്നുവെന്നു പറഞ്ഞപ്പോൾ മാതാപിതാക്കൾക്കും ഏറെ സന്തോഷം. ഞായറാഴ്ചകളിലെ ക്ലാസുകൾക്കു കൂടെയുളള പണിക്കാരെയും കൂട്ടിയാണു മിലൻ പോയത്. മൊബൈൽ ആപ്പുകളും മലയാളം പഠിക്കാൻ സഹായിച്ചെന്നു മിലൻ പറഞ്ഞു. പേരും വിലാസവും എഴുതാൻ അറിയാം. പത്രത്തിലെ തലക്കെട്ടുകളും വായിക്കുമെന്നു മിലൻ സന്തോഷത്തോടെ പറയുന്നു. വാഴയും കപ്പയുമാണു മിലൻ കൃഷി ചെയ്യുന്നത്. കൊൽക്കത്തയിൽ നിന്നു ബസിൽ 6 മണിക്കൂറോളം യാത്രയുണ്ട് മുർഷിദാബാദ് ജില്ലയിലെ ഡോംകൽ എന്ന സ്ഥലത്തേക്ക്. ഗോകുൽചൗക്കിലെ മിലന്റെ വീട്ടിലേക്കു എത്താൻ പിന്നെയും 8 കിലോമീറ്റർ സഞ്ചരിക്കണം. കൂടെയുളള പണിക്കാർ പലരും വിമാനത്തിൽ നാട്ടിൽ പോയി തുടങ്ങിയെങ്കിലും കഴിഞ്ഞ 9 കൊല്ലത്തിനിടെ ഒരിക്കൽ പോലും മിലൻ സ്വന്തം നാട്ടിലേക്കു തിരികെ പോയിട്ടില്ല. കാണാൻ ആഗ്രഹിക്കുമ്പോൾ വീട്ടുകാർ ഇങ്ങോട്ടു പോരും. അച്ഛനും അമ്മയും ചേട്ടനും അനിയത്തിയുമാണു വീട്ടിലുളളത്.

എന്താണ് ഇത്രയും കാലമായിട്ടും നാട്ടിൽ പോകാത്തതു ചോദിച്ചാൽ മിലന്റെ ഉത്തരം ഇങ്ങനെ ‘കേരളം എനിക്ക് ഒത്തിരി ഇഷ്ടമാണ്, മറ്റു സ്ഥലങ്ങളിലൊന്നും ഇങ്ങനെ കൃഷി ചെയ്യാനോ താമസിക്കാനോ പറ്റില്ല. ഓരോരോ പ്രശ്നങ്ങളുണ്ടാവും. ഇവിടെ നമ്മൾ ജോലി ചെയ്യുന്നതിൽ മലയാളികൾക്കു സന്തോഷമേയുളളു. നാട്ടുകാർ വലിയ സ്നേഹത്തോടെയാണു ഇടപെടുന്നത്. ഞാൻ പല സ്ഥലത്തും ടൂർ പോയിട്ടുണ്ട്. ഇവിടുത്തെ പോലെ ഭംഗിയുളള സ്ഥലവും മനുഷ്യരും േവറെ എവിടെയുമില്ല. ആലുവ സർക്കാർ ആശുപത്രിയിലൊക്കെ ഇവിടെയുളളവർക്കു കിട്ടുന്ന പോലെ തന്നെ നല്ല ചികിത്സയാണു ഞങ്ങൾക്കും കിട്ടുന്നത്’ മിലൻ പറയുന്നു.

English Summary : International Mother Language Day - Milan Sheikh who learned Malayalam language

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com