ADVERTISEMENT

തിരുവനന്തപുരം∙ വായനക്കാരെ തേടി പ്രിയ പുസ്തകങ്ങൾ ഇനി വീട്ടുമുറ്റത്ത്. എന്നു മാത്രമല്ല, സ്വന്തം അലമാരയിൽ പൊടിപിടിച്ചിരിക്കുന്ന പുസ്തകങ്ങളെ സഹൃദയർക്കു വായനയ്ക്കായി നൽകുകയുമാകാം, ഒപ്പം ചെറിയൊരു വരുമാനവും.

വായനശാലകൾ കയറിയിറങ്ങാനും പുസ്തകങ്ങൾ തിരയാനും യഥാസമയം തിരിച്ചെത്തിക്കാനുമൊക്കെ സമയം കിട്ടാതെ വായനയുടെ താളുകൾ അടച്ചുപൂട്ടിയവർക്കായാണു സൗമ്യ മനോജ് കുമാർ എന്ന വീട്ടമ്മ തലസ്ഥാന നഗരത്തിൽ ഈ പുതിയ സംരംഭം അവതരിപ്പിക്കുന്നത്– ഓൺലൈൻ ലെൻഡിങ് (ആൻഡ് ഡെലിവറി) ലൈബ്രറി. 

എഴുത്തിനെയും വായനയെയും പ്രണയിക്കുന്ന എല്ലാ സമാന മനസ്കർക്കുമായി ഒരു ക്ലിക്കിനപ്പുറത്തു ലൈബ്രറി സജ്ജമായിക്കഴിഞ്ഞു. പേര് ദ് ലൈക്ക് മൈൻഡഡ് ‍ഡോട്ട് ഇൻ(thelikeminded.in). ഈ പേരിൽ വെബ് സൈറ്റും ഫെയ്സ്ബുക് പേജും തയാറായി. വെബ്സൈറ്റിൽ കയറുമ്പോൾ പുസ്തകങ്ങളുടെ (എല്ലാ വിഭാഗത്തിലും പെട്ടവ, ഇംഗ്ലിഷിലും മലയാളത്തിലും) നീണ്ട പട്ടികയുണ്ട്. ഫീസ് വിവരങ്ങളും പ്രത്യേക ഓഫറുകളും സർപ്രൈസ് മത്സരങ്ങളുമെല്ലാം ഇതിൽ വിവരിച്ചിട്ടുണ്ട്.

പ്രവർത്തനം ഇങ്ങനെ :

∙ ഓൺലൈൻ ആയി ഓർഡർ നൽകിയാൽ രണ്ടാം ദിവസം ഡെലിവറി വാൻ നിങ്ങൾക്കു സൗകര്യപ്രദമായ സമയത്തു വീട്ടിലെത്തും. വായന കാലാവധി തീരുന്നതിനു 2 ദിവസം മുൻപേ ഫോണിലും സൈറ്റിലും അറിയിക്കും. സൗകര്യപ്രദമായ സമയത്തു വീട്ടിലെത്തി തിരിച്ചെടുക്കും. തിരുവനന്തപുരം നഗരത്തിൽ എവിടെയും ഡോർ ഡെലിവറിയാണ് ഓഫർ.

∙ ലൈബ്രറിയിൽ നിലവിൽ ലഭ്യമല്ലാത്ത പുസ്തകങ്ങളുടെ പട്ടിക നൽകിയാൽ ലോകത്തെവിടെ നിന്നും അതു തേടിപ്പിടിച്ചെത്തിക്കുമെന്നും വാഗ്ദാനമുണ്ട്.

പുതിയ ആശയം വന്ന വഴി

മധുര ഗാന്ധിഗ്രാം സർവകലാശാലയിൽ നിന്ന് എംഎ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷിൽ ഒന്നാം റാങ്ക് നേടിയ സൗമ്യ പിന്നീടു ഭർത്താവിനൊപ്പം വിദേശത്തായിരുന്നു. മക്കളുടെ പഠനസൗകര്യാർഥം തിരുവനന്തപുരത്തു തിരിച്ചെത്തി സ്ഥിരതാമസമാക്കിയപ്പോഴാണു വായനയിലേക്കു സഗൗരവം മടങ്ങിയത്. അപ്പോഴാണു ലൈബ്രറിയിലേക്കുള്ള പോക്കുവരവുൾപ്പെടെ പല പ്രായോഗിക പ്രശ്നങ്ങൾ. ഇതിന്റെയൊക്കെ പേരിൽ വായനയെ മാറ്റിവയ്ക്കരുതെന്ന ചിന്തയിൽ നിന്നാണു സൗമ്യയുടെ പുതുമയുള്ള ആശയം. ദ് ലൈക്ക് മൈൻഡഡ് ഫെയ്സ് ബുക് പേജ് എഴുത്തിന്റെയും വായനയുടെയും അഭിപ്രായ നിർദേശങ്ങൾക്കും അനുഭവക്കുറിപ്പുകൾക്കും വിഡിയോകൾക്കും പുസ്തക പരിചയത്തിനുമായി നീക്കിവച്ചിരിക്കുന്നു. ഫോൺ: 9400655489

നൽകുന്ന പുസ്തകങ്ങൾക്കു ലാഭവിഹിതം

നിങ്ങളുടെ വീടുകളിൽ അനക്കം തട്ടാതെ, പൊടിപിടിച്ചിരിക്കുന്ന എത്രയോ നല്ല പുസ്തകങ്ങൾ കാണും. ദ് ലൈക്ക് മൈൻഡഡ് വഴി അതു ‘ലെൻഡ്’ ചെയ്യാം. എത്ര പേർ ഓർഡർ നൽകുന്നു എന്നതനുസരിച്ചു ലാഭവിഹിതം കിട്ടും. വായനക്കാരില്ലാതെ വിഷമിച്ചിരിക്കുന്ന ഗ്രന്ഥശാലകൾക്കും ഇതേ രീതിയിൽ പുസ്തകങ്ങൾ നൽകി ലാഭത്തിൽ പങ്കാളികളാകാം. രാജ്യത്തെവിടെയുമുള്ള ലൈബ്രറികൾക്ക് ഓൺലൈൻ ലെൻഡിങ് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ പോർട്ടൽ തയാറാക്കി നൽകാനും ദ് ലൈക്ക് മൈൻഡഡ് തയാറാണ്.

English Summary : Online Lending And Delivery Library Initiative By Soumya Manojkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com