ADVERTISEMENT

റഷ്യൻ സാഹിതൃകാരനായ ആന്റൺ ചെക്കോവിന്റെ പ്രസിദ്ധമായ കഥയാണ് ദ് ബെറ്റ്.സ്ഥലത്തെ പ്രമാണിയായ ബാങ്ക് ഉടമ ഒരു സൽക്കാരം നടത്തുകയാണ്. വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ധാരാളം ആളുകൾ ആ വിരുന്നിനെത്തി. പല വിഷയങ്ങളും വിരുന്നുകാർ ചർച്ച ചെയ്തു. ഒടുവിൽ ഉയർന്ന ചർച്ച ജീവപര്യന്തം തടവാണോ വധശിക്ഷയാണോ ഉചിതമായ ശിക്ഷ എന്നതിനെക്കുറിച്ചായിരുന്നു.

ഇരുപക്ഷത്തും അതിഥികൾ അണിനിരന്നു. രണ്ട് ശിക്ഷാരീതികളുടെയും ന്യായാന്യായത്തെക്കുറിച്ച് അവർ വാദിച്ചു. വധശിക്ഷയാണ് നല്ലതെന്നും മരണം ഒരുനിമിഷംകൊണ്ട് തീരുമല്ലോ എന്നുമായിരുന്നു ഒരുവാദം. തടവറയിലാണെങ്കിലും ജീവിക്കാൻ അനുവദിക്കുന്നതാണ് നല്ലതെന്ന് എതിർ വാദമുയർന്നു. ദൈവം കൊടുത്ത ജീവൻ നശിപ്പിക്കാൻ ഭരണകൂടത്തിന് അധികാരമില്ലെന്നും അവർ വാദിച്ചു.

death-penality-0011

ഇതിനിടെ ഒരു യുവ അഭിഭാഷകൻ പറഞ്ഞു, ജീവപര്യന്തം തടവും വധശിക്ഷയും ഒരുപോലെ ക്രൂരമാണ്. എങ്കിലും രണ്ടിൽ ഏതുശിക്ഷ വേണമെന്ന് ചോദിച്ചാൽ ജീവപര്യന്തമാണ് ഞാൻ സ്വീകരിക്കുക..

ആതിഥേയനായ ബാങ്കുടമയ്ക്ക് ആ വീരവാദം അംഗീകരിക്കാൻ ആയില്ല. ബാങ്കർ പറഞ്ഞു: നിങ്ങൾ വെറുതെ തർക്കിക്കുന്നതാണ്.. എന്നാൽ യുവാവ് തന്റെ വാദത്തിൽ ഉറച്ചു നിന്നു. ബാങ്ക് ഉടമ അയാളെ വെല്ലുവിളിച്ചു.

അഞ്ചുവർഷം ഏകാന്ത തടവിന് തയാറാവുമെങ്കിൽ രണ്ടുലക്ഷം റൂബിൾ ഞാൻ തരാം എന്നായി ബാങ്കുടമ. നിങ്ങൾ പന്തയം വയ്ക്കുകയാണെങ്കിൽ അഞ്ചല്ല, പതിനഞ്ചുവർഷം ഞാൻ ഏകാന്ത തടവിൽ കിടക്കാം _ അഭിഭാഷകൻ വെല്ലുവിളിച്ചു. തർക്കം കാര്യമായി, പന്തയം ഉറച്ചു.

എപ്പോൾ വേണമെങ്കിലും യുവ അഭിഭാഷകന് പന്തയത്തിൽ നിന്നു പിൻമാറാം എന്ന വ്യവസ്ഥയോടെ അയാളെ ഒരു സ്വകാര്യ ലോഡ്ജിൽ അടച്ചു. അവിടെ അയാൾക്ക് ആഹാരവും വീഞ്ഞും ആവശ്യപ്പെട്ട പുസ്തകങ്ങളും ലഭിച്ചു . എന്നാൽ പുറം ലോകവുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല. കാലം കടന്നു പോയി. ബാങ്കുടമ പാപ്പരായി. യുവ അഭിഭാഷകൻ ജ്ഞാനിയും.. 15 വർഷം പൂർത്തിയാകുന്നതിന്റെ തലേന്നാൾ തടവുകാരനെ വധിക്കാൻ ബാങ്കുടമ തീരുമാനിക്കുന്നു.

അതിനയാൾ രഹസ്യമായി തടവറയിൽ എത്തുന്നു. തടവുകാരൻ നല്ല ഉറക്കമായിരുന്നു. മുടിയും താടിയും നീട്ടി ശുഷ്കിച്ച ശരീരമായി മാറിക്കഴിഞ്ഞിരുന്നു അദ്ദേഹം. മേശപ്പുറത്ത് പുസ്തകക്കൂമ്പാരത്തിനിടയിൽ ഒരു കുറിപ്പ് കിടക്കുന്നുണ്ടായിരുന്നു. ബാങ്കർ അതെടുത്ത് വായിച്ചു. തടവറയിൽ വായിച്ച പുസ്തകങ്ങളിൽനിന്ന് അദ്ദേഹം കണ്ടെത്തിയ ജീവിതസത്യങ്ങളായിരുന്നു ആ കുറിപ്പുകളുടെ ഉള്ളടക്കം. 

anton-chekov

മനുഷ്യജീവിതത്തിന്റെ വ്യർഥത എന്തെന്ന് അതിലുണ്ടായിരുന്നു. ഒരു തരത്തിലുമുള്ള സമ്പത്തിലും അയാൾക്കിപ്പോൾ മോഹമില്ല. തികച്ചും ഒരു യോഗിയായി ആ യുവ അഭിഭാഷകൻ മാറിക്കഴിഞ്ഞിരുന്നു. 

അയാളെ വധിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ബാങ്കർ തിരിച്ചു പോയി. എന്നാൽ പന്തയക്കരാറിൽ വ്യവസ്ഥചെയ്ത സമയത്തിന് അൽപംമുമ്പേ ആ യോഗി തടവുചാടി പന്തയത്തുകയായ രണ്ടുലക്ഷം റൂബിൾ വേണ്ടെന്നു വച്ചു. കാരണം, അതിലും വലിയ സമ്പത്ത് അദ്ദേഹം ആ തടവറയിലെ ജീവിത കാലത്ത് സ്വന്തമാക്കി. വായന എങ്ങനെ മനുഷ്യചിന്തയെ മാറ്റിമറിക്കുന്നു എന്നുള്ളതിന് ഇന്നും മാതൃകയായി സാഹിത്യലോകം ഉയർത്തി കാട്ടുന്ന കഥയാണിത്.

English Summary : The Bet Book By Anton Chekhov

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com