ADVERTISEMENT

ചില നേരങ്ങളിലെ നിരന്തര അതൃപ്തിയെ എങ്ങനെ നേരിടാം എന്നു നാമെല്ലാം ആലോചിക്കാറുണ്ട്. ഇക്കൂട്ടത്തിൽ വായനക്കാരന്റെ അതൃപ്തി വിശേഷപ്പെട്ടതാണ്. പ്രധാനമായും അയാൾക്കു വായനാതടസ്സം ഉണ്ടാകുന്നു. പല പുസ്തകങ്ങളും പാതിവഴിക്കു നിലച്ചുപോകുന്നു. അപ്പോൾ അയാൾ കരുതും, തനിക്കെന്തോ സംഭവിക്കുന്നുവല്ലോ എന്ന്. 

മൊബൈൽ ഫോണാണ് എല്ലാറ്റിനും കാരണമെന്നും അയാൾ പഴിക്കും. അല്ലെങ്കിൽ എവിടേക്കെങ്കിലും യാത്ര പോയേക്കാം. വീട്ടിലോ ലോഡ്ജിലോ ഹോസ്റ്റലിലോ ഇരുന്നു വായിക്കുന്നതിനുപകരം മലയോരത്തോ പുഴയോരത്തോ ഇരുന്നായിരുന്നുവെങ്കിൽ തനിക്ക് ഈ പുസ്തകം വായിച്ചുതീർക്കാനായേനേ എന്നു തോന്നും. 

കൊറോണ വൈറസ് ഭീതിയിൽ ലോകം മുഴുവനും വാതിലടച്ച് ഇരിക്കവേ, ഒരാൾ പറഞ്ഞത് ഈ അവസരമാണു ‘യുദ്ധവും സമാധാനവും’ വായിച്ചു തീർക്കാൻ ഏറ്റവും നല്ലതെന്നാണ്. അത് 1400 പേജുകളോളം വരുന്ന ഭീമൻ നോവലാണല്ലോ. വലുപ്പം കൊണ്ട് നമ്മെ അകറ്റുന്ന മറ്റു പല പുസ്തകങ്ങളും ഈ അവസരത്തിൽ പരീക്ഷിക്കാവുന്നതാണ്. നിശബ്ദതയ്ക്ക് എങ്ങനെ കാതോർക്കാം എന്നു പഠിക്കാൻ പറ്റിയ അവസരം. മുറാകാമിയുടെ 1Q84  ഈ ദിവസങ്ങളിൽ വായിച്ചുകൊണ്ടിരിക്കുന്ന ഒരു സുഹൃത്തിനെ അറിയാം. തുടർച്ചയായ വായനയിൽ മാത്രം രസം ജനിപ്പിക്കുന്ന നോവലാണത്. 

വിരസതയെക്കുറിച്ചു സൂചിപ്പിച്ചതുകൊണ്ടു പറയുകയാണ്, ഏറ്റവും വിരസമായ അന്തരീക്ഷമാണു ഗ്രാമത്തിലേത്. ഞാൻ ജനിച്ചു വളർന്നത് ഒരു മലയോര ഗ്രാമത്തിലാണ്. മേഘങ്ങളെ തൊട്ടടുത്തു കണ്ടിരിക്കാൻ കഴിയുന്ന ഒരിടമായിരുന്നു അത്. അസ്തമയത്തിന് ഈ മേഘങ്ങളെല്ലാം തങ്കക്കട്ടികൾ പോലെ തിളങ്ങും. എങ്കിലും അതിലും നമുക്കു മടുപ്പു വരും. ഞാൻ ജീവിച്ചതും ഞാൻ പോയതുമായ ഗ്രാമങ്ങളെല്ലാം എന്നെ മടുപ്പിച്ചു. 

Tomas-Transtromer-

എന്നാൽ നഗരത്തിൽനിന്ന് ഏതൊരു ഗ്രാമത്തിലേക്കുമുള്ള യാത്രകൾ മനോഹരമാണ്. അവിടേക്കു പോകുമ്പോൾ മനസ്സു ശാന്തമാകുന്നതു പോലെ, ഒരു മയക്കത്തിലേക്കു താഴുന്നതുപോലെ തോന്നും. പർവതച്ചെരിവിലോ പുഴയുടെ ഓരത്തോ ചെന്നു കഴിഞ്ഞാൽ പക്ഷേ എനിക്ക് ആ രാത്രി പിന്നിടും മുൻപേ അവിടെനിന്നു പോരാൻ തോന്നും. അകറ്റുന്ന എന്തോ ഒന്ന് ഗ്രാമത്തിനുണ്ട്, അത് അതിന്റെ നിർമമശാന്തത ചുരത്തുന്ന വിരസതയുടെ രുചിയാണ്. 

വിരസത നിങ്ങളെ കൊത്തിപ്പെറുക്കിക്കൊണ്ടിരിക്കും. തുടരെത്തുടരെ, നിർദയം. അതിനാൽ മടക്കയാത്രയിൽ നഗരത്തിന്റെ വിദൂര ദൃശ്യം കണ്ടു തുടങ്ങുമ്പോഴേക്കും ആശ്വാസമാകാൻ തുടങ്ങും. നഗരസന്ധ്യയുടെ വിചിത്രമായ അനാഥത്വത്തെ വാരിയെടുക്കാൻ ഉള്ളം വെമ്പും. ട്രാൻസ്ട്രോമറുടെ കവിതയിൽ പ്രകൃതിക്കൊപ്പം ടെക്നോളജി കൂടി വരുന്നതിന്റെ സൗന്ദര്യം എനിക്ക് അങ്ങനെയാണു മനസ്സിലായത്. ഒരു വിമാനത്തിന്റെ ഇരമ്പം, വൈദ്യുതിക്കമ്പിയിൽ കാറ്റു കുരുങ്ങുന്നതിന്റെ മുഴക്കം, അകലെ നിന്നെന്നവിധം കേൾക്കുന്ന ടെലിഫോൺ മണിശബ്ദം... 

ഭൂപ്രദേശങ്ങൾ ഉണർത്തുന്ന വികാരഭേദങ്ങൾ എല്ലാവർക്കും ഒരുപോലെയാകില്ല. ഞായറാഴ്ചകൾ ഏതു നഗരത്തിലായാലും അസ്വസ്ഥജനകമായി എനിക്കു തോന്നിയിട്ടുണ്ട്. അദൃശ്യമായ ദുഃഖം ഒഴിഞ്ഞ തെരുവുകളിൽ പ്രേതങ്ങളായി നടക്കുന്നതായും തോന്നും.

നഗര-ഗ്രാമ ദ്വന്ദ്വത്തിൽ വേറെയും ചിലതു പറയാനുണ്ട്. നഗരത്തിലേക്ക് എത്തുമ്പോഴാണ് ഒരാൾക്കു താൻ പിന്നിട്ടുപോന്ന നാട്ടിൻപുറത്തെപ്പറ്റി വ്യക്തമായി വിചാരിക്കാൻ കഴിയുന്നത്. ഇങ്ങനെ കുറെ വിചാരിക്കുമ്പോൾ ഞാൻ എന്റെ ഗ്രാമത്തെ അകലെ വയ്ക്കുകയും നഗരത്തെ പകരം അടുത്തുവയ്ക്കുകയും ചെയ്യുന്നു. നഗരത്തിൽ ആരുമല്ലാതെ, ആരുമറിയാതെ, അനോനിമസ് ആയിരിക്കുന്നതിന്റെ സ്വാതന്ത്ര്യമാണ് എന്നെ ആകർഷിക്കുന്നത്. പട്ടണത്തിലേക്കു കാര്യമായി പോകാത്ത എമിലി ഡിക്കിൻസൻ എഴുതിയ ഒരു കവിതയിൽ, സ്കൂളിലേക്കുള്ള വഴിയിൽ താൻ കടന്നുപോകാറുള്ള ഒരു ഏകാന്ത ഗ്രാമത്തിലെ മൂകമായ വീടുകളെപ്പറ്റി പറയുന്നുണ്ട്. അവിടെ ആരൊക്കെയാണു താമസിക്കുന്നത്.. ഇത്രയേറെ മൂകതയിൽ അവരെന്തു ചെയ്യുകയാണ് എന്നെല്ലാം എന്ന് കവി ഓർക്കുന്നു.

ജർമൻ കവി ജോർജ് ട്രക്കലിന്റെ കവിതകൾ വായിക്കുമ്പോഴെല്ലാം വിജനമായ ഗ്രാമപ്രകൃതി, അത് സ്വാസ്ഥ്യത്തിനൊപ്പം ജീർണതയും ഉണർത്തുന്നു എന്നതു ശ്രദ്ധിച്ചിട്ടുണ്ട്.  സായാഹ്നങ്ങളിൽ പൂക്കളുെട മൃദുഗന്ധത്തിനൊപ്പം വരുന്ന കാറ്റ്, പാതിതുറന്ന കുഴിമാടത്തിൽനിന്നുള്ള ദുർഗന്ധവും കൊണ്ടുവരുന്നു എന്ന് അർഥം വരുന്ന വരികൾ ട്രക്കലിലാണു ഞാൻ കണ്ടത്. വീടിനകത്തെ മരണഗന്ധമുള്ള മൂകതകൾ, ആശുപത്രിയുടെ സ്വരങ്ങൾ, മുറിവേറ്റു നഗ്നയായി നിന്നു പ്രാർഥിക്കുന്ന സന്യാസിനി, വേശ്യപ്പുരയിൽനിന്നുയരുന്ന ചിരികൾ തുടങ്ങിയ ട്രക്കലിന്റെ വരികളിലെല്ലാം ഒരു ജീർണതയുടെ ഗന്ധമോ കാഴ്ചയോ ആവർത്തിക്കുന്നു. (And she lies all white in darkness, / Beneath the roof of cooing wafts, / Like a carrion in bush and darkness/ Flies whir about her mouth )

Socrates

ട്രാൻസ്ട്രോമറുടെ കവിതക്കെതിരായ ഒരു പ്രധാന വിമർശനം അതിൽ ഏകാന്തത വളരെ കൂടുതലാണെന്നതാണ്. ട്രക്കലിന്റെ കവിതയിൽ തീരാഭയവും ഇളവില്ലാത്ത ഏകാന്തതയും വളരെയേറെയാണ്. സാഹിത്യത്തിലായാലും കലയിലായാലും രണ്ടു വിരുദ്ധഭാവങ്ങളെ ഒരുമിച്ച് അവതരിപ്പിച്ചുകൊണ്ട് അവ തമ്മിലുള്ള വിചിത്രബന്ധങ്ങളെ വിലയിരുത്തുന്ന On the Shoulders of Giants എന്ന ഉമ്പർട്ടോ എക്കോയുടെ പുസ്തകമുണ്ട്.  ഇതിന്റെ ഇംഗ്ലിഷ് പരിഭാഷ എക്കോയുടെ മരണശേഷമാണു പുറത്തുവന്നത്.

കലയെയും സാഹിത്യത്തെയും സംസ്കാരത്തെയും സംബന്ധിക്കുന്ന തന്റെ മൗലിക താൽപര്യങ്ങളെ ചില ദ്വന്ദ്വങ്ങളിലൂടെ ചർച്ച ചെയ്യുകയാണ് എക്കോ. അങ്ങനെ പാശ്ചാത്യരുടെ സൗന്ദര്യകലാസങ്കൽപങ്ങൾ എപ്രകാരമാണു കാലക്രമത്തിൽ രൂപാന്തരങ്ങൾക്കു വിധേയമായതെന്നും വിശദീകരിക്കുന്നു. രസകരമായ ഒരു നിരീക്ഷണം മധ്യകാലത്തെ ഇരുണ്ട യുഗം എന്നു വിശേഷിപ്പിക്കുന്നതിനെക്കുറിച്ചാണ്. ആരാണ് ഇരുണ്ട യുഗം എന്ന വിശേഷണം കൊണ്ടുവന്നത്. ഇരുണ്ട യുഗമെന്നു കരുതുന്ന മധ്യകാലത്താണു പക്ഷേ ഏറ്റവുമധികം ശാസ്ത്രീയവികാസമുണ്ടായത്. അച്ചടിയന്ത്രം അടക്കം പുതിയ കണ്ടുപിടിത്തങ്ങളുണ്ടായത്. കലാസാഹിത്യരംഗത്തും മഹത്തായ സൃഷ്ടികളുണ്ടായി. മധ്യകാലത്ത് പള്ളിയുടെ ആധിപത്യത്തിനും മതപൗരോഹിത്യത്തിനുമെതിരേ വലിയ വെല്ലുവിളികൾ ഉയരുകയും ചെയ്തു. 

George Trakl

സൗന്ദര്യവും വൈരൂപ്യവും സംബന്ധിച്ചു വിവിധ കാലങ്ങളിൽ രൂപം കൊണ്ട കാഴ്ചപ്പാടുകളും ദർശനങ്ങളും എക്കോ വിശദമായി വിലയിരുത്തുന്നുണ്ട്. പ്രേമത്തെ പ്രകാശമായി കാണുന്നത് ഉദാഹരണം. വൈരൂപ്യമെന്നത് അധികാര അധീശത്വമുള്ള സംസ്കൃതി അതിനെതിരെ നിൽക്കുന്ന എല്ലാത്തിനെയും വിശേഷിപ്പിക്കാനാണ് ഉപയോഗിക്കുക. ഇന്ത്യയിലാണെങ്കിൽ വൈരൂപ്യം അധഃകൃതസമൂഹവുമായി, ജാതിയുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നു. പഴയ സാഹിത്യത്തിൽ അവർ ഹീനകഥാപാത്രങ്ങളാണ്. മധ്യകാലത്തു പാശ്ചാത്യലോകത്ത് ഹെരറ്റിക്കുകൾ വൈരൂപ്യത്തെ പ്രതിനിധാനം ചെയ്തു. മധ്യകാലം മുതൽ നാത്‌സി ജർമനിയിൽ വരെ ജൂതസമൂഹമായിരുന്നു വൈരൂപ്യത്തിന്റെ പ്രതിനിധികൾ. ഇരുട്ട് എന്നതു തിന്മയെ പ്രതിനിധീകരിച്ചതോടെ കറുപ്പ് തിന്മയുടെയും വൈരൂപ്യത്തിന്റെയും നിറമായി. സാത്താനെ വിരൂപനും കറുത്തവനുമായാണു ചിത്രീകരിച്ചുവന്നത്. മിൽട്ടന്റെ സാത്താൻ പരമസുന്ദരനാണെങ്കിലും.

സൗന്ദര്യം സംബന്ധിച്ച പാശ്ചാത്യ കലാസങ്കൽപങ്ങൾക്ക് അടിത്തറയിട്ടതു പ്രാചീന യവനരാണ്. എന്നാൽ അവരുടെ സൗന്ദര്യ സങ്കൽപങ്ങളുടെ കേന്ദ്രത്തിലിരിക്കുന്നത് ഈസോപ്പിന്റെയും സോക്രട്ടീസിന്റെയും വൈരൂപ്യമാണ്. വിരൂപരെന്നു വിശേഷിപ്പിക്കപ്പെട്ട ഈ രണ്ടുപേരിൽനിന്നാണ് ലോകത്തിലെ എക്കാലത്തെയും സൗന്ദര്യത്തികവാർന്നതും ഉജ്ജ്വലവുമായ കഥകളും തത്വചിന്തയും ജനിച്ചത്. മനോഹരമെന്നതു നമുക്ക് ഇഷ്ടമായതിന്റെ വിശേഷണമാകുന്നു. നമ്മുടെ വീക്ഷണമാണ് അതു നിശ്ചയിക്കുന്നത്. 

English Summary : How To Overcome Boredom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com