sections
MORE

ദൈവത്തിന്റെ പൊരുളറിയാൻ ഈ പുസ്തകങ്ങളെന്തിന് ?; റൂമിക്ക് ഉത്തരമില്ലായിരുന്നു...

Rumi
റൂമി
SHARE

കാത്തുവച്ച, നിധി പോലെ സൂക്ഷിച്ച, അമൂല്യ ഗ്രന്ഥങ്ങളെല്ലാം പ്രിയപ്പെട്ടൊരാൾ വെള്ളത്തിലേക്ക് വലിച്ചെറിയുക. എന്നിട്ടു ചിരിക്കുക. ആ ചിരിയിൽ പുസ്തകങ്ങളിൽനിന്നു ലഭിക്കാത്ത അറിവ് പ്രകാശിക്കുക. അത്തരമൊരു അനുഭവമുണ്ടായിട്ടുണ്ട് റൂമിയുടെ ജീവിതത്തിൽ. ജലാലുദ്ദീൻ റൂമി എന്ന പണ്ഡിതന്റെ, കവിയുടെ ജീവിതത്തിൽ. പുസ്തകങ്ങൾ വലിച്ചെറിഞ്ഞത് ഷംസുദ്ധീൻ. പ്രിയസുഹൃത്ത്. ആത്മാവിന്റെ തോഴൻ. ഷംസുദ്ദീൻ റൂമിയോട് ഒന്നേ ചേദിച്ചുള്ളൂ: ദൈവത്തിന്റെ പൊരുളറിയാൻ ഈ പുസ്തകങ്ങളെന്തിന് ? 

റൂമിക്ക് ഉത്തരമില്ലായിരുന്നു. പകരം ഹൃദയത്തിൽ അവാച്യമായ അനുഭൂതി അദ്ദേഹത്തിൽ നിറഞ്ഞു. ആ അപൂർവ അനുഭൂതിയിൽനിന്നാണ് റൂമിയുടെ കവിതകൾ പ്രവഹിച്ചത്. കാവ്യസൗന്ദര്യം തുളുമ്പുന്ന, പ്രണയത്തിന്റെ പാനപാത്രങ്ങളായ കവിതകൾ. 

റൂമിയും ഷംസുദ്ദീനും തമ്മിൽ കാണുന്നത് 13–ാം നൂറ്റാണ്ടിലാണ്. രണ്ടുവർഷവും രണ്ടുമാസവും അവർ ഒരുമിച്ചുണ്ടായിരുന്നു. പിന്നെ വേർപാട്. വീണ്ടും കണ്ടുമുട്ടൽ. ഒടുവിൽ അനിവാര്യമായ വിരഹത്തീയിൽ അവർ പതിച്ചു. സുഹൃത്തിന്റെ നഷ്ടം റൂമിയുടെ ഹൃദയത്തിൽ സൃഷ്ടിച്ചത് അഗാധമായ വേദന. അടങ്ങാത്ത വേദനയിൽനിന്നൊഴുകിയത് കവിത. അനുസ്യൂതമായ പ്രവാഹം പോലെ. നിരന്തരവും സജീവുമായി. 

ഇന്നും എന്നും തുടരുന്ന ആ ഒഴുക്കിന്റെ പേരാണ് പ്രണയം. അഥവാ കവിത. ഒന്നു മറ്റൊന്നിൽനിന്ന് 

അടർത്തിമാറ്റാനാവാത്ത വിധത്തിൽ ഇഴപിരിയാത്ത ബന്ധം. ശിഷനോട് റൂമി പറഞ്ഞു കൊടുക്കുകയാ യിരുന്നു കവിതകൾ. വാക്കുകളിൽ കവിത നഷ്ടപ്പെടാതെ ശിഷ്യൻ പകർത്തിയെഴുതി. അവ നൂറ്റാണ്ടു കളിൽനിന്ന്, നൂറ്റാണ്ടുകളിലൂടെ ഒഴുകിപ്പടരുന്നു. പ്രണയത്തിന്റെ മങ്ങാത്ത നിലാവായി. കവിതയുടെ ഒഴിയാത്ത ചഷകങ്ങളായി. 

കവിതാ ദിനത്തിൽ, കാലത്തെ അതിജീവിച്ച കവിത തേടുമ്പോൾ ആദ്യം മനസ്സിൽവരുന്ന പേരാണ് റൂമിയുടേത്. പ്രപഞ്ചത്തെ പ്രതിഫലിപ്പിച്ച അദ്ദേഹത്തിന്റെ കവിതകളും. റൂമിക്ക് കവിത എഴുതാൻ പ്രേരണയായത് ഷംസുദ്ദീനാണ്. അവർ തമ്മിലുള്ള അസാധാരണമായ ബന്ധമാണ്. ഒടുവി‍ൽ എവിടെയെന്നറിയാതെ ഷംസുദ്ധീൻ അപ്രത്യക്ഷനായപ്പോൾ റൂമി തകർന്നുപോയി. 

തന്റെ സുഹൃത്തിനെ ആരോ കൊന്നിരിക്കാം എന്നദ്ദേഹം പേടിച്ചു. അപവാദം ഭയന്ന് ഷംസുദ്ദീൻ സ്വയം മാറിനിൽക്കുകയാണോ എന്ന് സംശയിച്ചു. എവിടേക്കെന്നറിയാതെ അപ്രത്യക്ഷനായത് എങ്ങോട്ടെന്ന് ചിന്തിച്ചു വിഷാദിച്ചു. ആ തളർച്ചയിൽ നിന്ന് അദ്ദേഹത്തെ കരകയറ്റിയത് കവിതയാണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ കവിതയുടെ കരുത്തും. 

rumies-poem-001

ദുരന്തത്തിന്റെ ആഴത്തിൽനിന്ന് റൂമിയെ കരകയറ്റിയ കവിത ഇന്നും മനുഷ്യരെ മോചിപ്പിച്ചു കൊണ്ടേയി രിക്കുന്നു. ദുഃഖത്തിൽനിന്ന്, ദുരന്തത്തിൽനിന്ന്, ആഴങ്ങളിൽനിന്ന്. യഥാർഥ സൗന്ദര്യവും യഥാർഥ പ്രണയവും പ്രണയികൾക്കു കാണിച്ചുകൊടുക്കുന്നതും കവിത തന്നെ. 13–ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട റൂമിയുടെ കവിതകൾ ഈ 21–ാം നൂറ്റാണ്ടിലും പ്രചോദനത്തിന്റെ അവസാന വാക്കായി തരംഗം സൃഷ്ടിക്കുന്നു. എന്താണ് റൂമി കവിതകളിലെ പ്രത്യേകത എന്ന് അന്വേഷിക്കുന്നവരെ തളച്ചിടാനുള്ള കരുത്തോടെ. 

പ്രണയമില്ലെങ്കിൽ ആരാധനയെല്ലാം ബാധ്യതയാവും എന്നു പറഞ്ഞതും റൂമി തന്നെയാണ്. നൃത്തമെല്ലാം വെറും പ്രവൃത്തിയാവും. സംഗീതമെല്ലാം വെറും ശബ്ദങ്ങൾ മാത്രമാവും. മാനത്ത് നിന്നടരുന്ന മുഴുവൻ മഴയും കടലിൽ പതിച്ചാലും പ്രണയമില്ലെങ്കിൽ അവയിൽ ഒന്നുപോലും മുത്തായി മാറുകയില്ലെന്നും റൂമി പറഞ്ഞിട്ടുണ്ട്. പ്രണയത്തിന്റെ അവസാനത്തെ വാക്ക് ഇന്നും തേടുന്നവർ റൂമിയാണ് എത്തിച്ചേരുന്നത്. കവിതയുടെ തിളക്കം അന്വേഷിക്കുന്നവർ എത്തിച്ചേരുന്നതും റൂമിയിൽതന്നെ. 

Rumi
റൂമി

പ്രണയത്തിന്റെ അറവുശാല എന്ന കവിതയിൽ റൂമി എഴുതുന്നു: 

പ്രണയത്തിന്റെ അറവുശാലയിൽ 

ഏറ്റവും മികച്ചതിനെ മാത്രമേ കൊല്ലാറുള്ളൂ. 

വൈകല്യമുള്ളവയേയും 

വേച്ചുവേച്ചു നിൽക്കുന്നവയേയുമല്ല. 

ഈ മരണത്തിൽനിന്ന് 

ഓടിയൊളിക്കരുതേ. 

പ്രണയത്തിനുവേണ്ടി 

കൊല്ലപ്പെടാത്തവൻ

മൃതമായ മാംസം മാത്രം. 

English Summary : Rumies Poem

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA
;