ADVERTISEMENT

കിഷോർ ബിയാനി. ഇന്ത്യയുടെ റീട്ടെയിൽ വ്യവസായ രംഗത്ത് പുതിയ അധ്യായത്തിനു തുടക്കമിട്ട ഫ്യൂച്ചർ ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയും. രാജ്യത്തിന്റെ ഫാഷൻ, ലൈഫ് സ്റ്റൈൽ ട്രെൻഡുകളെ സാധാരണ ക്കാരന്റെ പോക്കറ്റിനുള്ളിലേക്കു തുന്നിപ്പിടിപ്പിച്ച്, ഷോപ്പിങ്ങിന്റെ മാൾ സംസ്കാരത്തെ ജനകീയമായി ‘ബസാർ’വൽക്കരിച്ച ബിസിനസുകാരൻ...

പാന്റലൂൺസ്, ബിഗ് ബസാർ, ഫുഡ് ബസാർ, സെൻട്രൽ തുടങ്ങി സംരംഭങ്ങളേറെയുണ്ട് ഈ റീട്ടെയിൽ റോക്ക് സ്റ്റാറിനൊപ്പം ചേർത്തുപറയാൻ.  ‘ഇറ്റ് ഹാപ്പൻഡ് ഇൻ ഇന്ത്യ’ എന്ന ബിയാനിയുടെ ജീവിത കഥാപുസ്തകം പറയുന്നത് രാജ്യത്തെ റീട്ടെയിൽ ബിസിനസിന്റെ എബിസിഡിക്കാലം കൂടിയാണ്. 

ഓരോ ‘നോ’യും‘യെസ്’ ആക്കി

Kishore Biyani
കിഷോർ ബിയാനി

തൊണ്ണൂറുകളുടെ തുടക്കത്തിൽ മുംബൈയിൽ ആദ്യ റീട്ടെയിൽ ശൃംഖല വന്നപ്പോൾ, തന്റെ കടയിലെ ട്രൗസറുകൾ കൂടി അവിടെ വിൽപനയ്ക്കുവേണ്ടി സ്റ്റോക്ക് ചെയ്യാമോ എന്നു ബിയാനി തിരക്കിയതിൽ നിന്നാണു തുടക്കം. എന്നാൽ, വിദേശ ബ്രാൻ‍ഡുകളുടെ തുണിത്തരങ്ങൾ മാത്രം വിൽപനയ്ക്കു തിരഞ്ഞെടു ത്ത ആ റീട്ടെയിൽ ഗ്രൂപ്പ് ബിയാനിയുടെ ദേശി ബ്രാൻഡിനെ പുച്ഛിച്ചു തള്ളി. അങ്ങനെയാണ് സ്വന്തമായി ഒരു റീട്ടെയിൽ ശൃംഖല ആരംഭിക്കണമെന്ന മോഹം ആ മനസ്സിൽ ഉദിക്കുന്നത്. ബിസിനസിൽ നേരിട്ട ഓരോ തിരിച്ചടിയെയും വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ അനുഭവങ്ങളാണ് ബിയാനിയുടെ ‘ഇറ്റ് ഹാപ്പൻഡ് ഇൻ ഇന്ത്യ’യിൽ പരാമർശിക്കുന്നത്. 

സാധാരണ കുടുംബ പശ്ചാത്തലത്തിൽ ജനിച്ചു വളർന്നതിന്റെ നേരനുഭവങ്ങളാണ് ബിസിനസിനു മുതൽക്കൂട്ടായതെന്നു പറയുന്നു ബിയാനി. കുട്ടിക്കാലത്ത് അമ്മ നേരിട്ട് ചന്തയിൽ പോയി ഗോതമ്പു വാങ്ങുന്നതും അത് അമ്മ തന്നെ വീട്ടിലെ ഉരലിൽ പൊടിപ്പിച്ചെടുത്തു വയ്ക്കുന്നതും സ്വന്തമായി പാകം ചെയ്യുന്നതും കണ്ടാണ് ബിയാനിയും വളർന്നത്.  അതുകൊണ്ടുതന്നെ ഫുഡ് ബസാറിനു തുടക്കമിട്ടപ്പോൾ ഏറ്റവും വലിയ വെല്ലുവിളിയായെടുത്തത് സ്ത്രീകളുടെ അടുക്കളയിഷ്ടങ്ങളെയും തിരഞ്ഞെടുപ്പുകളെയും തിരിച്ചറി‍ഞ്ഞ് എങ്ങനെ അവരെ ബസാറിലേക്ക് എത്തിക്കാം എന്നതായിരുന്നു. ‌‌

ആദ്യ ലാഭവുമായി സ്റ്റോൺ വാഷ്

Photo Credit : Kishore Biyani

മുംബൈ എച്ച്ആർ കോളജിൽ പഠിക്കുന്ന സമയം. സുഹൃത്തിന്റെ പാന്റ്സ് കണ്ട് ഇഷ്ടപ്പെട്ട ബിയാനി ജൂപ്പിറ്റർ മിൽസിൽ പോയി സ്റ്റോൺ വാഷ് എന്നു പേരുള്ള അതേ തുണിത്തരം  കുറെയേറെ അളവിൽ വാങ്ങി പരിചയക്കാരായ തയ്യൽക്കാരെ ഏൽപിച്ച് പാന്റുകൾ തയ്പ്പിച്ചെടുത്തു. മുംബൈയിലെ ചെറിയ തുണിക്കടകളിൽ വിൽപനയ്ക്കുവച്ച ആ സ്റ്റോൺ വാഷ് പാന്റുകൾ കോളജുപയ്യന്മാർക്കു പ്രിയപ്പെട്ടതാ വുകയും ചെയ്തു. ആദ്യമായി പരീക്ഷിച്ച ആ ഒറ്റ മോഡലിൽനിന്നുതന്നെ ലക്ഷങ്ങളുടെ വിറ്റുവരവു നേടിയതോടെ ബിയാനിയുടെ ജീവിതം ടെക്സ്റ്റൈൽ ബിസിനസിലേക്കു വഴിമാറുകയായിരുന്നു. 

ബിയാനിയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, മൂന്നു തരം സംരംഭകരുണ്ട്. ഒന്ന്:  തുടങ്ങിവച്ച് ഒടുക്കം എങ്ങുമെത്താതെ പോകുന്നവർ. രണ്ട്:  തുടങ്ങിവച്ചത് സംരക്ഷിച്ചു നിലനിർത്തുന്ന വർ. ഇവർക്ക് ഒരുപരിധിയിൽ കൂടുതൽ വളരാൻ കഴിയില്ല. മൂന്നാമത്തെ തരക്കാരാകട്ടെ,  തുടങ്ങിവച്ചതിൽനിന്ന് ഏറെദൂരം മുന്നോട്ടു പോയി, പിന്നെയും പുതിയ വഴികളോരോന്നായി   വെട്ടുന്നവർ. ഇവർക്കു മുന്നിൽ മാത്രമേ ലാഭത്തിന്റെയും ജനപ്രിയതയുടെയും വലിയ വാതിലുകൾ തുറന്നുകിട്ടുകയുള്ളു. 

സ്റ്റോൺ വാഷ് പാന്റുകൾ ഹിറ്റായതോടെ ഡബ്ല്യൂബിബി (വൈറ്റ്, ബ്ലൂ, ബ്രൗൺ) എന്ന പേരിൽ സ്വന്തമായി ബ്രാൻഡ് തുടങ്ങി. മാർഗനിർദേശങ്ങൾക്കുവേണ്ടി അന്നത്തെ ക്ലിഫ് ബ്രാൻഡിന്റെ ഉടമ അഹമ്മദ് ഭായിയെ കാണാൻ ലോവർ പരേലിലെ അദ്ദേഹത്തിന്റെ ഓഫിസിൽ മണിക്കൂറുകളോളം കാത്തിരുന്ന കഥയും പറയുന്നുണ്ട് ബിയാനി. ബിസിനസിന്റെ എത്ര തിരക്കുകളിലേക്കു വളർന്നാലും തന്നെ കാണാനെത്തു ന്നയാളുടെ സമയത്തെ മാനിക്കുമെന്നും മണിക്കൂറുകളോളം കാത്തിരുത്തി അയാളെ നിരാശനാക്കില്ലെ ന്നുമുള്ള തീരുമാനം ബിയാനി എടുത്തത് ആ നീണ്ട മണിക്കൂറുകളുടെ കുത്തിയിരുപ്പിൽനിന്നാണ്. 

വഴിയോര  വിൽപന

മുബൈയിൽ പ്രമുഖ ബ്രാൻഡുകളുടെ പ്രദർശനവും വിൽപനയും നടക്കുന്ന സമയം. വലിയ ഹോട്ടലുകളിലെ വാടക കൊടുക്കാൻ നിവൃത്തിയില്ലാത്തതിനാൽ, തെരുവോരത്ത് ടെന്റുകൾ വലിച്ചുകെട്ടി ബിയാനി തന്റെ തുണിത്തരങ്ങൾ നിരത്തിവയ്ക്കും. ഭാര്യ സംഗീതയും ഒപ്പം കൂടി. ഹോട്ടലിലെ പ്രദർശനം കണ്ടിറങ്ങുന്നവരെ വലിയ ഉച്ചത്തിൽ വിളിച്ച് തന്റെ സ്റ്റാളിലേക്കു ക്ഷണിക്കും. പല സാമൂഹിക നിലവാരങ്ങളിലുള്ള ജനങ്ങളുടെ വാങ്ങൽ രീതികളും തിരഞ്ഞെടുപ്പിന്റെ മനഃശാസ്ത്രവും പഠിക്കാൻ അന്നത്തെ വഴിയോര കൂക്കിവിളി കച്ചവടം ഉപകരിച്ചതായി ബിയാനി തുറന്നുപറയുന്നു. 

പിന്നീട് റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽപന നടത്താൻ ശ്രമിച്ചപ്പോഴും നഗരത്തിലെ പ്രധാന കടകളെല്ലാം മുഖംതിരിച്ചു. അങ്ങനെയാണ് 1985ൽ ബോംബെ സെൻട്രൽ റയിൽവേ ടെർമിനസിനു സമീപം ഒരു സുഹൃത്തിന്റെ സഹായത്തോടെ ‘പാന്റലൂൺസി’നു തുടക്കമിട്ടത്. ബിയാനിയുടെ മറ്റൊരു കണ്ടെത്തൽ:  ഒരേ വസ്ത്രം ദീർഘകാലം ഉപയോഗിക്കുന്നവരാണു നമ്മുടെ രാജ്യത്തുള്ള പലരും. നിറം മങ്ങിയും ബട്ടനുകൾ ഇളകിപ്പറിഞ്ഞുപോകുംവരെയും  ഒരേ ഷർട്ട് അവർ സൂക്ഷിക്കുന്നു. അതുകഴിഞ്ഞാൽ വീട്ടിലിടുന്നതിനായി വീണ്ടും എടുത്തുവയ്ക്കുന്നു. ഈ സ്വഭാവക്കാരെ  ഉപയോഗപ്പെടുത്താൻ വേണ്ടിയാണ് ആദ്യമായി ഡെനിം തുണിത്തരങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ ബിയാനി കൊണ്ടുവന്നത്. അതും വൻ വിജയമായി. 

കസ്റ്റമർ ഫസ്റ്റ് 

പാന്റലൂൺസ് പച്ചപിടിച്ചതോടെ ഫ്രാഞ്ചൈസി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ ആവശ്യക്കാർ മുന്നോട്ടുവന്നു. ആ കടകളിൽ നേരിട്ടുചെന്ന് ബിയാനി അവർ അറിയാതെ രണ്ടു പരീക്ഷകൾ നടത്തി. ഒന്നാമത്തേത്, ദിവസവും രാവിലെ കട കൃത്യസമയത്തു തുറക്കുന്നുണ്ടോ എന്നതായിരുന്നു. രണ്ടാമത്തെ പരീക്ഷ:  കട തുറന്ന ഉടൻ ബിയാനി ഒരു സാധാരണ കസ്റ്റമറുടെ ഭാവത്തിൽ അകത്തുകയറി ഏതെങ്കിലും തുണിത്തരം കാണിച്ചുതരാൻ ആവശ്യപ്പെടും. മിക്ക കടയുടമകളും കട തുറന്നാൽ ആദ്യം എന്തെങ്കിലും പൂജാകാര്യങ്ങൾ നിർവഹിച്ചശേഷമേ കസ്റ്റമറെ പരിഗണിക്കൂ. അങ്ങനെയുള്ളവർക്ക് ഫ്രാഞ്ചൈസി കൊടുക്കരുതെന്ന് ബിയാനിക്ക് നിർബന്ധമുണ്ടായിരുന്നു. കസ്റ്റമർ ഫസ്റ്റ് എന്ന നിലപാടാണ് ബിയാനിക്ക്. 

സാധാരണക്കാരന്റെ പോക്കറ്റ്

It Happened In India
ഇറ്റ് ഹാപ്പൻഡ് ഇൻ ഇന്ത്യ

സാധാരണക്കാരന്റെ ജീവിതസാഹചര്യങ്ങൾക്കും പോക്കറ്റിന്റെ നിസ്സഹായതയ്ക്കും  ഇണങ്ങുന്ന ഫാഷൻസങ്കൽപങ്ങൾ മാത്രമേ മാസ് വിജയം നേടുകയുള്ളൂവെന്നു സ്വന്തം ബിസിനസ് വിജയം കൊണ്ട് ബിയാനി തെളിയിച്ചു. ചന്തയുടെ തിരക്കും ബഹളവും ഡിസ്കൗണ്ട് വിൽപനയുടെ മേളവുമൊക്കെ നിലനിർത്തി ബിഗ് ബസാർ ഡിസൈൻ ചെയ്തപ്പോഴും ബിയാനിയുടെ മനസ്സ് സാധാരണക്കാരന്റെ പോക്കറ്റിനോടാണ് സംസാരിച്ചുകൊണ്ടിരുന്നത്. 

2006ൽ സബ്സേ സാസ്താ ദിൻ എന്ന പേരിൽ ബിഗ് ബസാറിൽ വമ്പിച്ച ഓഫറുകളും ഡിസ്കൗണ്ട് സെയിലും നടത്തിയപ്പോൾ ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന്റെ സഹായം വേണ്ടിവന്നതും അതുകൊണ്ടാണ്. ഇതൊക്കെ പണക്കാരുടെ ഇടമല്ലേ എന്ന അന്യതാബോധം സാധാരണക്കാരന്റെ പാവംപിടിച്ച മനസ്സിൽനിന്നു ദൂരേക്കു നീക്കിയാൽ മാത്രമേ ഏതു സംരംഭവും ജനപ്രിയ ഹിറ്റ് ആകൂ എന്നത് തന്റെ ഹൗസ്ഫുൾ ബിസിനസിലൂടെ കാണിച്ചുതരികയാണ് ബിയാനി...

English Summary: It Happened In India Book By Kishore Biyani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com