ADVERTISEMENT

പതിവു സന്ദർശകന്റെ ശല്യം സഹിക്കാതെ വന്നപ്പോൾ അച്ഛൻ മകനോടു പറഞ്ഞു. ഇന്ന് അയാൾ വരുമ്പോൾ അച്ഛൻ ഇവിടെയില്ല എന്നു പറയണം. പതിവു സമയത്തുതന്നെ അയാളെത്തി. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മകൻ പറഞ്ഞു, അച്ഛൻ ഇവിടെയുണ്ട്. അവൻ അയാളെയും കൂട്ടി അച്ഛന്റെ അടുത്തെത്തി. ദേഷ്യം കൊണ്ട് അച്ഛന്റെ കണ്ണുകൾ ചുവന്നതു കണ്ടെങ്കിലും മകൻ കാര്യമാക്കിയില്ല. 

സന്ദർശകൻ പോയപ്പോൾ വടിയെടുത്തു തല്ലാനൊരുങ്ങി അച്ഛൻ ചോദിച്ചു, നീ എന്താണു ഞാൻ പറഞ്ഞത് അനുസരിക്കാതിരുന്നത്? മകൻ പറഞ്ഞു: ഞാൻ അച്ഛനെ അനുസരിക്കുകയാണു ചെയ്തത്. അച്ഛൻ പറഞ്ഞിട്ടുണ്ട്. എന്തു സംഭവിച്ചാലും സത്യം മാത്രമേ പറയാവൂ എന്ന്. പ്രാവർത്തികമാക്കപ്പെടുന്ന മൂല്യങ്ങൾക്കാണ് പ്രസംഗിക്കപ്പെടുന്ന മൂല്യങ്ങളേക്കാൾ കർമശേഷി. വാക്കിലും പ്രവൃത്തിയിലും കാണുന്ന വൈരുധ്യമാണ് കാഴ്ചക്കാരിൽ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നത്; പ്രത്യേകിച്ച്, വളർന്നുവരുന്ന തലമുറയിൽ. 

പാഠപുസ്തകങ്ങളിലും സാരോപദേശ കഥകളിലും കാണുന്ന ഒരു സത്കർമവും ചുറ്റിലും കാണാൻ കഴിയുന്നില്ലെങ്കിൽ അവർ ഏത് അനുകരിക്കും. ധാർമികബോധവും നല്ല ശീലങ്ങളും പഠിപ്പിക്കാൻ പുസ്തകങ്ങൾ രചിച്ച് പരീക്ഷയെഴുതിക്കേണ്ട ആവശ്യമില്ല. വളരുന്ന ചുറ്റുപാടുകളിൽ അവ നേരിട്ടു കാണുന്നതിനും ശീലിക്കുന്നതിനും സാഹചര്യം ഒരുക്കിയാൽ മതി. 

‘എങ്ങനെ സത്യസന്ധരാകാം’ എന്ന ചോദ്യത്തിന് ഉത്തരമെഴുതുമ്പോൾ, മുഴുവൻ മാർക്കും ലഭിക്കാൻ വേണ്ടി കോപ്പിയടിക്കേണ്ടി വരുന്നതാണ് യഥാർഥ മൂല്യശോഷണം. വളർത്തുന്നവരിൽ നിന്നാണ് വളരുന്നവർക്കു വേണ്ട പോഷണവും മാതൃകയും ലഭിക്കുക. കേട്ടു പഠിക്കുന്നതിനെക്കാൾ കണ്ടാണ് എല്ലാവരും പഠിക്കുന്നത്. കള്ളം പറയുന്നതു കർശനമായി വിലക്കുന്നവർതന്നെ കള്ളം പറയാൻ പ്രേരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ദുർമാതൃകയ്ക്ക് ദുർഗുണ പരിഹാര പാഠശാലകൾ പോലും പരിഹാരമാകില്ല. 

നേരിന്റെ പാഠങ്ങൾ പകർന്നു നൽകുന്നവർതന്നെ തെറ്റിന്റെ വഴിയേ സഞ്ചരിച്ചാൽ പിൻഗാമികൾ എന്തു പിന്തുടരണം – അവരെയോ അവർ നൽകിയ പാഠങ്ങളെയോ? പാഠമാകാൻ കഴിയാത്തതാണ് പാഠങ്ങൾ പഠിപ്പിക്കുന്നവരുടെ ദുര്യോഗം.

English Summary: Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com