ADVERTISEMENT

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മനസ്സാകുന്ന വിറകുപുരയില്‍ വളരെ സാവധാനത്തില്‍ ചിതല്‍പ്പുറ്റുണ്ടാക്കിയപ്പോള്‍, ഓര്‍മകള്‍ പാമ്പുകള്‍ പോലെ പടം താഴ്ത്തി ചുരുണ്ടുകിടങ്ങുറങ്ങി. ഇടയ്ക്കവ ഉണരുമ്പോഴാകട്ടെ, അസഹ്യമായ വേദന തരുന്ന കടി സമ്മാനിക്കുന്നു. ആ വേദന ദിവസങ്ങളോളം നില്‍ക്കുന്നു. 

തന്നെ തിരിച്ചറിയാത്ത സീമ, മനോഹരന്റെ മനസ്സില്‍ ഉയര്‍ത്തുന്നത് അസഹ്യമായ വേദനയാണ്. തന്നോട് ഒരിക്കലും പറയാതിരുന്ന വേദനകളുമായി ഉരുകിത്തീര്‍ന്ന ചിത്രകാരിയെക്കുറിച്ചുള്ള, ഉമിത്തീ പോലെ നീറിയെരിയുന്ന വേദന. സീമയുടെ ഓര്‍മകള്‍ വല്ലാതെ വിഷമിപ്പിക്കുമ്പോള്‍ അയാള്‍ അവര്‍ വരച്ച ചിത്രങ്ങള്‍ കാണും. എണ്ണച്ചായ ചിത്രങ്ങള്‍. അയാള്‍ ആലോചിക്കാറുണ്ട്. സ്വബോധത്തോടെ എന്നെങ്കിലും സീമ തിരിച്ചുവന്നെങ്കില്‍ എന്ന്. എങ്കില്‍ ആ സ്നേഹം തിരിച്ചുകൊടുക്കാമായിരുന്നു.

സമൃദ്ധമായി സ്നേഹിച്ച പ്രിയപ്പെട്ട ഒരാളെപ്പറ്റിയുള്ള ഇ. ഹരികുമാറിന്റെ ‘ ഉറങ്ങുന്ന സര്‍പ്പങ്ങള്‍’ എന്ന നോവലിലെ മനോഹരന്റെ അവസ്ഥയിലാണ് മലയാളം. 9 നോവലുകള്‍, 16 കഥാ സമാഹാരങ്ങള്‍, ലേഖന സമാഹാരം. ടിവി– സിനിമ തിരക്കഥകള്‍, നാടകം എന്നിവയാല്‍ മലയാളത്തെ അനുഗ്രഹിച്ച കഥാകാരന് എന്നെങ്കിലും ആ സ്നേഹം തിരിച്ചുകൊടുത്തിട്ടുണ്ടോ? 

മലയാളത്തിലെ ഏറ്റവും പ്രശസ്തരായ കവികളില്‍ ഒരാളുടെ മകനായിരുന്നിട്ടും പൊന്നാനിക്കളരിയില്‍ വളര്‍ന്നുവന്ന എഴുത്തുകാരനായിരുന്നിട്ടും എന്നും സ്വന്തം വഴിയേ നടക്കാനായിരുന്നു ഹരികുമാറിന് ഇഷ്ടം. പ്രസ്ഥാനങ്ങളുടെ പിന്നാലെ അദ്ദേഹം പോയില്ല. കൂട്ടായ്മകളുടെ ഭാഗമായില്ല. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും നിന്നുകൊടുത്തില്ല. ജോലിയും നിശ്ശബ്ദമായ എഴുത്തുമായി അദ്ദേഹം കാലം പോക്കി. ഇപ്പോള്‍, നിലാവുമായും പോലെ നിശ്ശബ്ദമായും കരിയില കൊഴിയും പോലെ സൗമ്യമായും ഹരികുമാര്‍ കടന്നുപോകുന്നു. വീട്ടപ്പെടാത്ത ഒരു കടത്തിന്റെ ഓര്‍മയിലാണ് ഇന്ന് മലയാളം. അര്‍ഹിച്ചതുപോലെ ആദരിക്കാതിരുന്നതിന്റെ വേദന.

വ്യത്യസ്തമായിരുന്നു എന്നും ഹരികുമാറിന്റെ കഥാലോകം. മലയാളത്തില്‍ പൊതുവേ എഴുത്തുകാര്‍ സ്പര്‍ശിക്കാത്ത മേഖലകളിലാണ് അദ്ദേഹം കൈവച്ചത്. എന്നാല്‍ അവയൊക്കെയും സൂക്ഷ്മതയോടെ അദ്ദേഹം കൈകാര്യം ചെയ്തു. മനസ്സിനെ വേട്ടയാടുന്ന ‘ഉറങ്ങുന്ന സര്‍പ്പങ്ങള്‍’ എന്ന നോവല്‍ തന്നെ ഉദാഹരണം. ഒരു ചിത്രകാരിയുടെയും അവര്‍ ആരോടും പറയാതിരുന്ന വേദനകളുടെയും കഥയാണ് ആ നോവല്‍. അവര്‍ വരച്ചതെല്ലാം അബ്സ്ട്രാക്റ്റ് ചിത്രങ്ങളായിരുന്നു. ഒടുവില്‍ ക്രൂരമായ വിധിക്ക് അവര്‍ കീഴടങ്ങുകയാണ്; ചിത്രങ്ങള്‍ ബാക്കിവച്ച്. അവരുടെ ഓര്‍മകളില്‍ സമാധാനം നഷ്ടപ്പെടുന്ന ചെറുപ്പക്കാരന്റെ വേദനകളിലൂടെയാണ് നോവല്‍ കടന്നുപോകുന്നത്. എപ്പോഴും വെയില്‍ പ്രകാശമാനമാക്കുന്ന, ശാന്തിയുടെ കേദാരത്തിലേക്ക് ഊര്‍ന്നിറങ്ങാന്‍ കൊതിക്കുന്ന കാമുകന്റെ വേദനയില്‍. 

പിതാവ് ഇടശ്ശേരിയുടെ ഓര്‍മയില്‍ ഹരികുമാര്‍ ഒരു പ്രസിദ്ധീകരണശാല സ്ഥാപിച്ചിരുന്നു– ഇടശ്ശേരി പബ്ലിക്കേഷന്‍സ്. ആ പ്രസിദ്ധീകരണ സ്ഥാപനത്തിലൂടെയാണ് അദ്ദേഹത്തിന്റെ മിക്ക കൃതികളും വെളിച്ചം കണ്ടത്. ഹരികുമാറിനെ അറിയാവുന്ന, അദ്ദേഹത്തിന്റെ കഥകള്‍ക്കുവേണ്ടി കാത്തിരുന്ന വായനക്കാര്‍ ആ കൃതികള്‍ തേടിപ്പിടിച്ചു വായിച്ചു. എന്‍ജിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി എന്ന നോവലെറ്റില്‍ നായികയായ നാന്‍സി പറയുന്നുണ്ട്: ‘വീണ്ടും പൂക്കളുടെ പ്രളയം. സുഗന്ധം പരത്തുന്ന മന്ദമാരുതന്‍. ഞാന്‍ പറഞ്ഞില്ലേ? എനിക്ക് കവിതയെഴുതാന്‍ കഴിയും.’ 

കവിതയായിരുന്നു ഹരികുമാറിന്റെയും ആദ്യ തട്ടകം. പിന്നെ കഥകളിലേക്ക് അദ്ദേഹം മാറുകയായിരുന്നു. ഗദ്യത്തിലും കവിതയോടടുത്ത ശൈലിതന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. അധികം വാചാലമാകാതെ, പരത്തിപ്പറയാതെ, ധ്വനിസാന്ദ്രമായ എഴുത്ത്. കുറച്ചുപറഞ്ഞ്, കൂടുതല്‍ ചിന്തിപ്പിക്കുന്ന ശൈലി. എന്‍ജിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി എന്ന നോവലെറ്റ് അവതരിപ്പിക്കുന്നത് ഓരോ ദിവസങ്ങളായാണ്. 22 ദിവസങ്ങളില്‍ കഥ പൂര്‍ത്തിയാകുന്നു. അധ്യായങ്ങള്‍ക്ക് ദിവസങ്ങളുടെ പേരാണ് കൊടുത്തിരിക്കുന്നത്. 

മലയാളത്തില്‍ ഏറെ പ്രത്യേകതകള്‍ ഉള്ളതായിരുന്നു അദ്ദേഹത്തിന്റെ ‘കൊച്ചമ്പ്രാട്ടി’ എന്ന നോവല്‍. തൊള്ളായിരത്തി അമ്പതുകളുടെ മധ്യംതൊട്ട് അറുപതുകളുടെ മധ്യം വരെയുള്ള കാലമാണ് ഈ നോവലിന്റെ കാലം. ആഖ്യാന രീതിയില്‍ എഴുത്തുകാരന്‍ വലിയൊരു പരീക്ഷണവും നടത്തുന്നുണ്ട്. കഥാപാത്രങ്ങളുടെ മനസ്സിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. എഴുത്തുകാരന്‍ നേരിട്ട് ഇടപെടുന്ന സന്ദര്‍ഭങ്ങള്‍ കുറവ്. 

ഒരു ചെറിയ കാലയളവിലെ സംഭവങ്ങള്‍ വിശദമായി പറയുകയും അതിനിടയ്ക്ക് കഴിഞ്ഞുപോകുന്ന ഒരു നീണ്ട കാലത്തെ സംഭവങ്ങള്‍ പലരുടെയും ഓര്‍മയില്‍ നിന്ന് പകര്‍ത്തുകയുമാണ്. ഓര്‍മയില്‍നിന്ന് പലതും നഷ്ടപ്പെട്ടുപോയ ഒരു കഥാപാത്രമാണ് നായകന്‍. അദ്ദേഹത്തിന്റെ ഓര്‍മകളുടെ ശൈഥില്യം എഴുത്തിന്റെ ശൈലിയിലും കൊണ്ടുവന്നിരിക്കുന്നു. ആ കഥാപാത്രത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, പലയിടത്തും പൊളിഞ്ഞുകിടക്കുന്ന ഒരു വേലി പോലെയാണ് നോവിന്റെ രചനാതന്ത്രം. വേലിയുള്ളിടത്ത് സ്പഷ്ടമായ ചിത്രങ്ങള്‍. വേലി പൊളി‍ഞ്ഞുകിടക്കുന്നിടത്ത് അവ്യക്തവും അമൂര്‍ത്തവുമായ കഥനശൈലി. കയറഴിച്ചുവിട്ട പശുക്കളെപ്പോലെ ഓര്‍മകള്‍ ഓടിരക്ഷപ്പെട്ട അവസ്ഥ. ‘കൊച്ചമ്പ്രാട്ടി’യില്‍ ഹരികുമാര്‍ ഉപയോഗിച്ച ശൈലിയില്‍ ഇന്നും മലയാളത്തില്‍ മറ്റൊരു എഴുത്തുകാരനും ഒന്നും എഴുതിയിട്ടില്ല എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ മലയാള സാഹിത്യത്തിലെ പ്രസക്തി.

‘അറിയാത്തലങ്ങളിലേക്ക്’ എന്ന നോവലില്‍ ഹരികുമാര്‍ എഴുതുന്നു: രണ്ടാണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും തലമുറകള്‍ കടന്ന് ഒരു ചതുരംഗപ്പലകയുടെ രൂപത്തില്‍ അവര്‍ക്കായി അറിയാത്തലങ്ങളില്‍നിന്നു കടന്നുവരുന്ന ഒരു സന്ദേശം. 1975 ലാണ് കഥ തുടങ്ങുന്നത്. ഈ നോവലില്‍ ഗ്രാഫുകളും എഴുത്തുകാരന്‍ ഉപയോഗിച്ചിട്ടുണ്ട്. കാരണവരുടെ മുറിയെക്കുറിച്ച് വിവരിച്ചതിനൊപ്പം ആ മുറിയുടെ ഗ്രാഫ് കൂടി വരച്ചിട്ടുണ്ട്. വീതിയും നീളവും വിസ്തീര്‍ണവും എല്ലാം വിശദമായി പറയുന്ന ഗ്രാഫ്. ഇങ്ങനെയൊരു രചനാസങ്കേതവും മലയാളത്തില്‍ മറ്റൊരെഴുത്തുകാരനും നാളിതുവരെ ഉപയോഗിച്ചിട്ടില്ല. 

പൊതുവേ, അദ്ദേഹത്തിന്റെ കൃതികള്‍ക്ക് അവതാരികകള്‍ കാണാറേയില്ല. എന്നാല്‍, ആസക്തിയുടെ അഗ്നിനാളങ്ങള്‍ എന്ന കൃതിക്ക് അവതാരിക എഴുതിയത് എം.കെ. സാനുവാണ്; വഴിയമ്പലത്തിലെ പകല്‍ക്കിനാവുകള്‍ എന്ന പേരില്‍. നമ്പൂതിരിയാണ് നോവലിനുവേണ്ടി രേഖാചിത്രങ്ങള്‍ വരച്ചത്. 

അവതാരികയില്‍ സാനു എഴുതുന്നു: ‘ഒരു വാദ്യസംഗീതത്തിന്റെ സ്വഭാവം ഈ കഥ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളുന്നു. ഐഹികവും പാരത്രികവുമായ വിഭിന്നനാദങ്ങള്‍ ഒന്നായിച്ചേര്‍ന്ന് മനുഷ്യജന്‍മം എന്ന ദുരൂഹ വിസ്മയത്തിലേക്ക് എത്തിനോക്കാനുള്ള ജാലകത്തിലേക്ക് നയിക്കുന്നു.’

ഹരികുമാറിന്റെ എല്ലാ കഥകള്‍ക്കും നോവലുകള്‍ക്കും ചേരും ഈ വിലയിരുത്തല്‍. 

English Summary: E Harikumar And His Writings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com